കൊച്ചി: ആഗോളതാപനം നിയന്ത്രിക്കാന്‍ പ്രകൃതിദത്ത ഉത്പന്നങ്ങള്‍ ജീവിതചര്യയാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. പ്രകൃതിദത്ത ഉത്പന്നങ്ങളുടെ വിപണിസാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ എന്റെ ഭൂമി ഗ്രീന്‍ ലൈഫ് സ്റ്റൈല്‍ മാള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ജൈവ പച്ചക്കറികളുടെയും പഴങ്ങളുടെയും വില നിയന്ത്രിക്കുകയും ലഭ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഗ്രീന്‍ എനര്‍ജി, ജൈവ ഭക്ഷണം, ഗ്രീന്‍ ഫൈബര്‍ തുടങ്ങിയവയിലൂടെ മാത്രമേ ആഗോളതാപനം പോലെയുള്ള പ്രതിഭാസങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയൂ. ഇതിനായി ഹോര്‍ട്ടികള്‍ച്ചറും ഫോര്ട്ടികള്ച്ചറും പ്രോത്സാഹിപ്പിക്കണം. രാസവള ഉപയോഗം പൂര്‍ണമായി ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. അടുക്കളത്തോട്ടം പദ്ധതി വ്യാപകമാക്കണമെന്നും ഇതിനായി ആവശ്യമെങ്കില്‍ വീട്ടമ്മമാര്‍ക്ക് പരിശീലനം നല്‍കണമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
എന്റെ ഭൂമിയിലെ വെര്‍ട്ടിക്കല്‍ ഗാര്ഡന്റെയും കയര്‍ ഉത്പന്നങ്ങളുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സുധാംശു നിരഞ്ജന്, കയര്‍ ബോര്‍ഡ് ചെയര്മാന് കുമാര രാജ, കൗണ്‍സിലര്‍ സൗമിനി ജയിന്, എന്റെ ഭൂമി എം ഡി കൃഷ്ണദാസ് മേനോന്, ഡയറക്ടര്‍മാരായ ടോം ജോസ്, ഡോ. സി. എന്‍ മനോജ്, ഡോ. പ്രിയ റാവു ആര്‍ക്കിട്ടെക്റ്റ് നിരഞ്ജന് ദാസ് ശര്‍മ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: