പൊന്‍കുന്നം: അഞ്ച് നിലകള്‍ പണിയാന്‍ ഉദ്ദേശിച്ച പൊന്‍കുന്നത്തെ മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തില്‍ മൂന്നുനിലകള്‍ പൂര്‍ത്തിയായതിനുശേഷം പണി നിര്‍ത്തിവച്ചിട്ട് മാസങ്ങളായി. ആദ്യ ഘട്ടത്തില്‍ അഞ്ചുകോടി രൂപയും, പിന്നീട് നാലുകോടി രൂപയും അനുവദിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ സിവില്‍ സ്റ്റേഷന് പരിസരം നാടിനാകെ നാണക്കേടായി കാടുകയറി മൂടിയ നിലയിലാണ്.
പൊന്‍കുന്നത്ത് നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ വിവിധ സ്ഥലങ്ങളില്‍ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഈ അനാസ്ഥ. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ പണി പൂര്‍ത്തീകരിക്കാന്‍ ആവുമോ എന്ന ആശങ്ക ഉയരുകയാണ്. മൂന്നു നില പൂര്‍ത്തിയായെങ്കിലും വൈദ്യുതീകരണ ജോലികളൊന്നും ചെയ്തിട്ടില്ല.
നിലവില്‍ കെട്ടിടത്തിന്റെ ചുറ്റും കാടു വളര്‍ന്ന് കയറി ഇഴജന്തുക്കളുടെ താവളമായി മാറി. താത്കാലികമായെങ്കിലും വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും രണ്ടാം ഘട്ടനിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. കാഞ്ഞിരപ്പള്ളി ആര്‍ടിഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, സബ് ട്രഷറി, അളവു തൂക്ക വിഭാഗ ഓഫീസ്, എക്സൈസ് ഓഫീസ്, ദേശീയപാതാ വിഭാഗം ഓഫീസ്, വാണിജ്യ നികുതി ഓഫീസ് തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പലയിടത്തായി വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാരിന്റെ അനാസ്ഥ തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: