കല്‍പ്പറ്റ: ചക്കയുടെ സംസ്ക്കരണവും വൈവിദ്ധ്യവല്‍ക്കരണവും കര്‍ഷകരില്‍ എത്തിക്കുന്നതിനായി വയനാട് കൃഷിവിജ്ഞാന കേന്ദ്രവും അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രവും സംയുക്തമായി 2015 ജൂലൈ 24, 25 തീയതികളില്‍ അമ്പലവയല്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ ചക്ക മഹോത്സവം സംഘടിപ്പിക്കുന്നു.
വലിപ്പത്തില്‍ ഏറ്റവും മുന്നിലും വിനിയോഗത്തില്‍ ഏറ്റവും പിന്നിലുമായ ചക്കയുടെ സംസ്ക്കരണവും ഉല്പന്ന വൈവിദ്ധ്യവല്‍ക്കരണവും വിപണനവും വയനാടന്‍ ഗ്രാമങ്ങളില്‍ അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ചക്കയുടെ മടല്, കുരു, ചുള എന്നിവയടക്കം എല്ലാ ഭാഗങ്ങളും ജാം, സ്ക്വാഷ്, ജെല്ലി, ഫ്രൂട്ട്ബാര്‍ തുടങ്ങിയ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി മാറ്റാന്‍ കഴിയും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ഭക്ഷ്യസുരക്ഷയ്ക്കും മുതല്‍കൂട്ടാകും.
ചക്കയുടെ മൂല്യവര്‍ദ്ധനവിലൂടെ ആഗോള വാണിജ്യ സാദ്ധ്യതകളെ സംബന്ധിച്ച് സാങ്കേതിക സെമിനാറുകള്‍, ചക്ക വിഭവങ്ങളുടെ പ്രദര്‍ശനം, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പ്രായോഗിക പരിശീലനം, വിവിധ മത്സരങ്ങള്‍ തുടങ്ങിയവ ചക്ക മഹോത്സവത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളാണ്. ഇതോടൊപ്പം ഗതകാല സ്മൃതികളുടെ മാധുര്യം നുകരാന്‍ 18 വിഭവങ്ങളടങ്ങുന്ന ചക്ക സദ്യയും ഒരുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: