കോട്ടയം: ഭാരത സര്‍ക്കാര്‍ പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പ് സെക്രട്ടറി സജ്ജയ് കോത്താരി ജില്ലാതല ഉദ്യോഗസ്ഥരുമായി കളക്ട്രേറ്റില്‍ കൂടിക്കാഴ്ച നടത്തി. ജില്ലയില്‍ നടപ്പാക്കിവരുന്ന വികസന പദ്ധതികളെകുറിച്ച് നേരിട്ടു മനസ്സിലാക്കുന്നതിനും അവരുമായി വികസന കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നതിനുമായിരുന്നു കൂടികാഴ്ച. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാദേശിക വികസനം, കൃഷി, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ടൂറിസം, മാലിന്യ സംസ്കരണം, തെരുവുനായകളുടെ നിയന്ത്രണം, കുടുംബശ്രീ എന്നീ മേഖലകളില്‍ ജില്ല കൈവരിച്ച നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് കളക്ടര്‍ യു.വി.ജോസ് അവതരിപ്പിച്ചു. ജില്ലയില്‍ 15,320 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ നടത്തിവരുന്ന മൈക്രോഫിനാന്‍സ്, തൊഴില്‍സംരംഭങ്ങള്‍, സാന്ത്വനപരിചരണം, പച്ചക്കറികൃഷി, നെല്‍കൃഷി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ വിശദമായി പ്രതിപാദിച്ചു. വിനോദ സഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങള്‍, സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളതും ഇപ്പോള്‍ നടപ്പാക്കിവരുന്ന ഡിസ്കവര് കോട്ടയം പോലുള്ള പദ്ധതികളും, ഗ്രാമീണജീവിതം അടുത്തറിഞ്ഞ് വിനോദസഞ്ചാരം നടത്തുന്നതിനും താമസിക്കുന്നതിനും ആറ്റിലേയും കായലിലേയും മത്സ്യങ്ങളും, ടൂറിസ്റ്റുകാര്ക്കായി പ്രത്യേകം കൃഷിചെയ്യുന്ന നാടന്‍ പച്ചക്കറികളും ഉപയോഗിച്ചുള്ള രുചികരമായ ഭക്ഷണം കഴിക്കുന്നതിനും സൗകര്യമുള്ള ഹോട്ടലുകളെക്കുറിച്ചും ടൂറിസം വകുപ്പ്ിന്റെ ജില്ലയിലെ മുന്‍ ചുമതലക്കാരന് കൂടിയായ കളക്ടര്‍ വിശദീകരിച്ചു.
ഗ്രാമീണറോഡുകളുടെ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള തുക പദ്ധതി കാലാവധിക്കകം തന്നെ പൂര്‍ണ്ണമായും വിനിയോഗിക്കണമെന്ന് സജ്ജയ് കോത്താരി പറഞ്ഞു. ജില്ലയില്‍ നടപ്പാക്കിവരുന്ന ശുചിത്വ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അനുവര്‍ത്തിച്ചിട്ടുള്ള രീതിയും നയവും ജനങ്ങള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ഇടം നല്കുന്നതരത്തിലുള്ളതാണെന്നും ഗ്രാമങ്ങള്‍ ത്വരിതഗതിയില്‍ നഗരങ്ങളായി മാറുന്ന സാഹചര്യം മുന്‍കൂട്ടികണ്ട് കെട്ടിടങ്ങളും പാര്‍ക്കിംഗ് സൗകര്യങ്ങളുമൊക്കെ ഗ്രാമീണമേഖലയിലും ഒരുക്കണമെന്ന്ും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ പോസിറ്റീവായി ചിന്തിക്കണമെന്നുപറഞ്ഞഅദ്ദേഹം ശുചിത്വത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ട് ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ജനകീയമായി നടപ്പാക്കുന്ന ഉദ്യോഗസ്ഥരേയും അവര്‍ക്ക് നേതൃത്വം നല്കുന്ന ജില്ലാ കളക്ടറേയും അഭിനന്ദിച്ചു.വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാകളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ചടങ്ങില്‍ അഡീഷ്ണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.വി.സുഭാഷ് ,ജില്ലാ പഌനിംഗ് ഓഫീസര്‍ കെ.ആര് .മോഹനന് ,ദാരിദ്ര്യ ലഘൂകരണം വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ബിജോയ് വര്‍ഗ്ഗീസ് എന്നിവരും പ്രവര്ത്തനവിശദീകരണത്തില് പങ്കു ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: