കടുത്തുരുത്തി: കടുത്തുരുത്തി സെന്‍ട്രല്‍ ജങ്ഷനിലും ബസ് കാത്തിരിപ്പുകേന്ദ്രത്തിലും ക്ഷേത്ര വഴിയോരങ്ങളിലും തെരുവുനായശല്യം രൂക്ഷമാകുന്നു. കോട്ടയം – എറണാകുളം റോഡിലെ വിശ്രമകേന്ദ്രത്തിലും ക്ഷേത്ര ഗോപുരത്തിനു സമീപവും ബസ് കാത്തുനില്ക്കുന്ന യാത്രക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും നേര്‍ക്ക് നായ്ക്കള്‍ കുരച്ച് ചാടിവരുന്നത് നിത്യസംഭവമാണ്. ഏതാണ്ട് പത്തിലധികം തെരുവുനായ്ക്കളാണ് ഇപ്രകാരം ടൗണില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. കടകളില്‍ ഇരിക്കുന് പാല് പായ്ക്കറ്റുകള്‍ കടിച്ചുമുറിച്ച് പാല്കുടിക്കുക, ഇരുചക്രവാഹനങ്ങളുടെ നേര്‍ക്ക് പാഞ്ഞടുക്കുക തുടങ്ങി നിരവധി ഉപദ്രവങ്ങളാണ് ഇവമൂലം നാട്ടുകാര്‍ നേരിടുന്നത്. ക്ഷേത്രത്തിലേക്കു വരുന്ന ഭക്തജനങ്ങളുടെ നേര്‍ക്കും നായ്ക്കള്‍ പാഞ്ഞടുക്കാറുണ്ട്. തൊട്ടടുത്ത മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ പേപ്പട്ടി മൃഗങ്ങളെയും മറ്റും കടിച്ചതറിഞ്ഞ് നാട്ടുകാര്‍ ഭയപ്പാടിലാണ്. പഞ്ചായത്ത് അധികൃതരുടെ കണ്മുന്നില് നടക്കുന്ന തെരുവു നായ്ക്കളുടെ പരാക്രമം കണ്ടില്ലെന്നു നടിക്കുകയാണ്. പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ തെരുവില്‍ ഇവ നിത്യശല്യമായി മാറിയിരിക്കുകയാണ്. ഇതിന് ശാശ്വതപരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: