പെരുമ്പാവൂര്‍: രായമംഗലം പഞ്ചായത്തിലെ വായ്ക്കര മാര്‍ ബസേലിയോസ് ചാപ്പലിനോട് അനുബന്ധിച്ച് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന കുരിശ്ശടി നിര്‍മാണം നാട്ടുകാരുടെ എതിര്‍പ്പ് മൂലം നിര്ത്തിവയ്ക്കപ്പെട്ടതാണ്. എന്നാല്‍ റവന്യൂ അധികൃതര്‍ ഇതിനായി രേഖകളില്‍ കൃത്രിമം കാണിക്കുന്നതായി പരാതി ഉയരുന്നു.
2013 ഒക്ടോബര്‍ മാസത്തിലാണ് വിവാദ സംരംഭത്തിന് തുടക്കം. പി ഡബ്ല്യു ഡി പുറമ്പോക്ക് ഭൂമിയില്‍ കുരിശ്ശടി നിര്‍മ്മാണത്തിനുവേണ്ടി സ്ഥലം ചുറ്റുമതില്‍ കെട്ടിതിരിക്കാനുള്ള ശ്രമം നാട്ടുകാര്‍ ഒത്തുചേര്‍ന്ന് തടയുകയായിരുന്നു .ഇതേ തുടര്‍ന്ന് തര്‍ക്ക സ്ഥലത്തെ ഉടമസ്ഥാവകാശത്തെക്കുറിച്ച് വിവരാവകാശ നിയമ പ്രകാരം അന്വേഷിക്കുകയും സ്ഥലം പുറമ്പോക്കാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു . എന്നാല്‍ ഏറെ താമസിയാതെ സ്ഥലം 225/6 എന്ന റീസര്‍വ്വേ നമ്പറില്‍ ഇരുമ്പനം വീട്ടില്‍ പൈലിയുടെ പേരില്‍ പട്ടയം കൊടുത്തതാണെന്നും ,അദ്ദേഹത്തിന് കടമുറി പണിയാന്‍ സ്ഥലം അനുവദിച്ചിരിക്കുകയാണെന്നും അറിയിപ്പുണ്ടായി.എന്നാല്‍ പ്രസ്തുത പട്ടയത്തിന്റെ ഫയല്‍ പകര്‍പ്പിനും സ്കെച്ചിനും സമര്‍പ്പിച്ച അപേക്ഷയില്‍ കുന്നത്തുനാട് അഡീഷ്ണല്‍ തഹസില്‍ദാര്‍ ഓഫീസിലോ ,ജില്ലാ സര്‍വ്വേ സൂപ്രണ്ട് ഓഫീസിലോ റിക്കാര്‍ഡുകള്‍ ഇല്ല എന്ന മറുപടിയാണ് നല്‍കിയത്.
പുറമ്പോക്ക് സ്ഥലത്ത് കുരിശ്ശടി നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്ന് റവന്യൂ ഡിവിഷന് ഓഫീസറുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.പ്രസ്തുതയോഗതീരുമാനപ്രകാരം കുരിശ്ശടി സ്ഥാപിക്കുന്നതിന് നിയമാനുസൃതമായി അനുമതി ലഭിക്കുന്നതുവരെ തല്‍സ്ഥിതി തുടരാനും ,പ്രാര്‍ഥനയോ ആരാധനയോ അവിടെ നടത്തരുതെന്നും തീരുമാനിക്കപ്പെട്ടു .രണ്ടു മാസത്തിനകം തീരുമാനമായില്ലെങ്കില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന കുരിശ്ശ് അവിടെ നിന്നും നീക്കം ചെയ്യണമെന്നും നിശ്ചയിച്ചു .വ്യവസ്ഥ പ്രകാരം അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ കുരിശ്ശ് രൂപം മാറ്റിയില്ല എന്നു മാത്രമല്ല ചുറ്റുമതില്‍ നിര്‍മ്മാണം പൂര്‍ത്തിയായി തീര്‍ന്ന നിലയിലുമാണ് ഇന്നുള്ളത്. കുരിശ്ശടി നിര്‍മ്മാണത്തെ എതിര്‍ക്കുന്നവരുടെ സ്ത്രീകളുള്‍പ്പെടുന്ന കുടുംബാംഗങ്ങളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതിയുണ്ട് .
ഈ വിഷയത്തില്‍ വിവിധ തരത്തിലുള്ള അനവധിപരാതികള് ലോക്കല്‍ പോലീസ് മുതല്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ മേശപ്പുറത്തു വരെ ഇരിക്കുകയാണ്.ഇതിനിടയിലാണ് ജൂണ്‍ 30 ന് മംഗളം ദിനപത്രത്തില്‍ സ്ഥലത്ത് കുരിശ്ശ് സ്ഥാപിക്കുന്നതിനും ആരാധനാലയം നിര്‍മ്മിക്കുന്നതിനും തടസ്സമുള്ളവരുടെ പരാതികള്‍ തേടിക്കൊണ്ട് അധികൃതര്‍ നോട്ടീസിറക്കിയിരിക്കുന്നത് . അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്ന് പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: