കോട്ടയം: മരങ്ങാട്ടുപിള്ളി പാറയ്ക്കല്‍ സിബിയുടെ മരണത്തില്‍ വ്യാപക പ്രതിഷേധം. മരണത്തിന് ഉത്തരവാദികളായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി. കഴിഞ്ഞ 29നാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച് മരങ്ങാട്ടുപിള്ളി എസ്ഐ കെ.എ. ജോര്‍ജുകുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സിബിയെ കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് സിബിയുടെ മാതാപിതാക്കള്‍ സ്റ്റേഷനിലെത്തുമ്പോള്‍ സിബിയെ ഉടുവസ്ത്രമഴിച്ച് മഴയത്ത് ഇരുത്തിയിരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് പോലീസിനോട് ചോദിച്ചപ്പോള്‍ അവനെ കുളിപ്പിക്കാനിരുത്തിയെന്നായിരുന്നു മറുപടി. സിബിയെ പോലീസ് മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് ലോക്കപ്പ് മുറിയില്‍ മലവും മൂത്രവും വിസര്‍ജ്ജിച്ചിരുന്നു. ലോക്കപ്പുമുറി വൃക്കിയാക്കിയിട്ട് പോയാല്‍ മതിയെന്ന് മാതാപിതാക്കളോട് എസ്ഐ ആജ്ഞാപിച്ചു. സിബിയുടെ അമ്മ ലീല ലോക്കപ്പ് മുറിയിലെ മലവും മൂത്രവും നീക്കം ചെയ്ത് വൃത്തിയാക്കിയശേഷമാണ് മടങ്ങിയത്. 30ന് നേരം വെളുത്തതിനുശേഷമാണ് സിബിയെ പോലീസ് സ്റ്റേഷനില്‍ നിന്നും വിട്ടത്. മര്‍ദ്ദനത്തില്‍ അവശനായ സിബിയുടെ ചെവിയില്‍ നിന്നും രക്തം വന്നത് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ അദ്ദേഹത്തെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നടന്ന പരിശോധനയിലാണ് തലയ്ക്ക് മാരകമായ മുറിവേറ്റതായി കണ്ടത്. ഉടനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ സിബി വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് സിബി മരിച്ചതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ സ്ഥിരീകരിച്ചത്. വിവരമറിഞ്ഞ് വന്‍ ജനാവലിയാണ് മെഡിക്കല്‍ കോളേജില്‍ എത്തിയത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരിയുടെയും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. രതീഷിന്റെയും നേതൃത്വത്തില്‍ നിരവധി ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജിലെത്തിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുവദിക്കൂവെന്ന് എന്‍. ഹരി പോലീസ് അധികൃതരോട് ആവശ്യപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനും ഈ ആവശ്യം ഉന്നയിച്ചതോടെ പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനില്‍ പാറയ്ക്കല്‍ സിബിയെ മര്‍ദ്ദിച്ച സംഭവം അന്വേഷിക്കുവാന്‍ ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ് നിയോഗിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരില്‍ പലരും ഗുരുതരമായ ആരോപണങ്ങളുടെ പേരില്‍ വകുപ്പ് തല അന്വേഷണം നേരിട്ടവരെന്ന് ആക്ഷേപം. കുറ്റക്കാരാനായ എസ്.ഐ ഉള്‍പ്പെടെയുളള സംഘത്തെ രക്ഷപ്പെടുത്തുവാനാണ് ഭരണകക്ഷി യൂണിയനായ പോലീസ് അസ്സോസിയേഷന്റെ നീക്കമെന്ന സിപിഎമ്മും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: