പ്രഭാതകിരണങ്ങളാല്‍ പുല്‍നാമ്പുകളിലെ മഞ്ഞുതുള്ളികള്‍ വറ്റിത്തുടങ്ങിയിരുന്നു. വിജനമായ നിരത്തിലൂടെ ഒറ്റപ്പെട്ട വാഹനങ്ങളുടെ ഉല്ലാസ വേഗത. രാഹുല്‍ നടത്തം തുടര്‍ന്നു. ചെന്നിയിലെ വിയര്‍പ്പുകണങ്ങള്‍ താഴേയ്ക്കുരുണ്ടു. നടപ്പിന്റെ പാതിവഴിയില്‍ പാതയോരത്തെ കാത്തിരിപ്പുകേന്ദ്രം. ഒരു നിമിഷം നിന്നു. അവള്‍ക്കെന്തു മറുപടി നല്‍കും. ചോദ്യം ഉള്ളില്‍ സമ്മര്ദത്തിരമാലയായി അടിക്കാന്‍ തുടങ്ങി. അസ്വസ്ഥതയുടെ പാഴ്ച്ചിപ്പികള്‍ കരയിലേക്ക് അടിച്ചുകേറുന്നു. കരയിലിട്ട മീന്‍പോലെ മനസ് പിടക്കുന്നു. അലറുന്ന ഉള്‍ക്കടലിനെ ശാന്തമാക്കാന്‍ ഓര്‍ക്കാനുള്ളത് ഒത്തിരിയാണ്. അതുമുഴുവന്‍ അവളുടെ മുഖമായിത്തീരുന്നു. കാത്തിരുപ്പുകേന്ദ്രത്തിലിരുന്നു.
മീര എത്രസുന്ദരിയായിരുന്നുവെന്ന് ഒറ്റവാക്കില്‍ ഒതുക്കാനാവില്ല. അത്രഭാവന ഇല്ലാത്തതുകൊണ്ട് വര്‍ണനയുടെ വാതിലടയുന്നു. അപകടത്തിന്റെ രൂപത്തില്‍ മീരയുടെ സൗന്ദര്യം അപഹരിക്കപ്പെടും വരെ നിന്നെ ഞാന്‍ സ്നേഹിക്കുന്നുവെന്ന് എത്രവട്ടം പറഞ്ഞു. നീ ഇപ്പഴും എന്നെ സ്നേഹിക്കുന്നോ എന്ന അവളുടെ ചോദ്യത്തിനു മുന്നില്‍ പിന്നെന്തേ നിസ്സഹായനായി.
കാത്തിരിപ്പുകേന്ദ്രത്തിനടുത്ത് അടിച്ചുകൂട്ടിയിരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളും കടലാസും കരിയിലയും. അയഞ്ഞ കെട്ടോടെ ഒടിഞ്ഞുതുങ്ങിയ കുറ്റിച്ചുല്. അയഞ്ഞ ജമ്പറും മുഷിഞ്ഞ ഉടുതുണിയുമായി ഒരു വൃദ്ധ കൂനയിലേയ്ക്കു മുഖം കുത്തിയിരിക്കുന്നു.
മുരള്ച്ചകേട്ടാണ് തിരിഞ്ഞുനോക്കിയത്. ശരീരം മുഴുവന്‍ വ്രണങ്ങളുമായി ഒരു അല്സേഷന് നായ്. അവന് തന്റെ വ്രണങ്ങള്‍ നക്കിത്തുടയ്ക്കുന്നു. ഏതോ വലിയവീട്ടില്‍ സമൃദ്ധിയുടെ ലാളനയില്‍ കഴിഞ്ഞതാകണം, വ്രണങ്ങള്‍ മുഴുത്തപ്പോള്‍ അവനും വലിച്ചെറിയപ്പെട്ടു. വാര്ദ്ധക്യമാവാം ഈ വൃദ്ധയേയും അനാഥമാക്കിയത്.
ആരും കയറുവാനില്ലെങ്കിലും പുലര്‍കാലത്തിന്റെ ആലസ്യമെന്നവണ്ണം ഒരു വണ്ടി അവിടെ വന്നു നിന്നു. വണ്ടിനീങ്ങിത്തുടങ്ങിയപ്പോള്‍ അമ്മയോടു വാശിപിടിച്ച് കുട്ടി വലിച്ചെറിഞ്ഞ ഒരു റൊട്ടിക്കഷണം ആ കാത്തിരിപ്പുകേന്ദ്രത്തിലേയ്ക്കുരുണ്ടു വന്നു. കുട്ടിയുടെ സമൃദ്ധിയില്‍ വലിച്ചെറിയപ്പെട്ട റൊട്ടിക്കഷ്ണം ആ നായയുടെ ശരീരത്തെ മോഹിപ്പിക്കുന്നതായിരുന്നു.
നായ തലയുയര്‍ത്തി വീണ്ടുമൊന്നു മുരണ്ടു. അവകാശികളാരും വരുന്നില്ല എന്നുറപ്പുവരുത്തി അവന് റൊട്ടിക്കഷണം കടിച്ചെടുത്തു. തന്റെ ഇടം അന്യമാകാതിരിക്കാനെന്നവണ്ണം പൂര്‍വ്വ സ്ഥലത്ത് വന്നിരുന്നു.
രാഹുല്‍ അമ്മയെ ഓര്‍ത്തു. അവര്‍ക്ക് വീടിന്റെ സംരക്ഷണവും ഭര്‍ത്താവിന്റെ സ്നേഹാവരണവും ഉണ്ടെങ്കിലും മകന്റെ ഹൃദയത്തില്‍ നിന്നെന്നേ പടിയിറക്കപ്പെട്ടിരിക്കുന്നു. അമ്മയുടെ വൈരൂപ്യം ഉള്ളില്‍ വെറുപ്പായി പടര്‍ന്നപ്പോള്‍ അമ്മയെ അകറ്റി നിര്‍ത്തി.
നായയുടെ ശബ്ദം ഉയര്‍ന്നപ്പോള്‍ രാഹുല്‍ നോക്കി. വിശപ്പിന്റെ കാളല്‍ അവസാനിച്ചപ്പോള്‍ കൈകള്‍ക്കു മുകളിലേയ്ക്കു തലചായ്ച്ചു അവനുറക്കമായി. രാഹുല്‍ വൃദ്ധയെ ശ്രദ്ധിച്ചു. അവര്‍ക്കും വിശക്കുന്നുണ്ടാവില്ലേ പോക്കറ്റില്‍ നിന്നും ഒരു നോട്ടുവലിച്ചെടുത്തു. ഈ പത്തുരൂപാ എന്തിനു തികയും? വലിയൊരുനോട്ടെടുത്തു അവര്‍ക്കു നേരെ നീട്ടി. വാങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ കൈകളില്‍ ബലമായി വച്ചുകൊടുത്തു. അവര്‍ കൈകള്‍ ചുരുട്ടി കണ്ണുകളടച്ചു. ആ കണ്‍കോണുകളില്‍ കണ്ണൂനീര്‍ നിറഞ്ഞു. തിരസ്കരണവേളകളില് കാണുവാന്‍ തുനിയാത്ത അവന്റെ അമ്മയുടെ കണ്ണുനീര് തുള്ളികള്‍ സ്നേഹവര്‍ഷമായി അപ്പോള്‍ ഉള്ളില്‍ പതിച്ചു.
അവന്റെ ഉള്ളം ഉറക്കെ പറഞ്ഞു എനിക്കെന്റെ മറുപടി കിട്ടി. ഞാന്‍ എന്റെ മീരയെ സ്വീകരിക്കും. അങ്ങനെ ഞാന്‍ പൈതൃകം കാക്കും. അച്ഛന് അമ്മയുടെ വൈരൂപ്യം നോക്കാതെ അവരെ മാറോടു ചേര്‍ത്തതുപോലെ ഞാനും.
ചുറ്റുംനോക്കി അവിടെ ആ വൃദ്ധയും നായയും എല്ലാം ഒരു തോന്നലോ, അതോ അമ്മയുടെ പ്രാര്‍ത്ഥനയോ. രാഹുല്‍ എഴുന്നേറ്റ് ലക്ഷ്യത്തിലേയ്ക്കു നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: