അരുവിക്കരയില്‍ ശ്വാസം മുട്ടിപ്പിടഞ്ഞതിന്റെ കാരണം തിരക്കി പോളിറ്റ് ബ്യൂറോയും അല്ലാത്ത ബ്യൂറോയും നാട്ടിലാകെ മണ്ടിപ്പാഞ്ഞ് നടക്കുകയാണ്. അവിടത്തെ ജനങ്ങളെ വോട്ടിന്റെ കളത്തിലേക്ക് നീക്കി നിര്‍ത്തി ചിത്രവധം ചെയ്യുകയാണ്. ജനാധിപത്യം എന്നാല്‍ തങ്ങള്‍ പറയുന്ന ആള്വോള്‍ക്ക് വോട്ടുകുത്തലും അമര്‍ത്തലും ആണെന്നാണ് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ പറയുന്നത്. അവിടെ താമരച്ചിഹ്നത്തില്‍ വോട്ട് വീണത് എങ്ങനെയെന്നറിയാതെ പാവത്താന്മാര് ഗവേഷണം തുടരുകയാണ്.
ആറാട്ടുമുണ്ടനും പരനാറിയും ഒപ്പിച്ച പണിയാണെന്ന് പറയാതെ പറഞ്ഞുപോകുന്നുണ്ട് നമ്മുടെ പിബി. വെളിവുള്ള പുള്ളകള് മേപ്പടി സംവിധാനത്തിലും ഉണ്ടെന്ന് നമുക്ക് മനസ്സിലാവുന്ന അപൂര്‍വം അവസരങ്ങളിലൊന്നാണത്. സംഗതി എന്തായാലും താമരയുടെ സമുജ്വല വളര്‍ച്ചയില്‍ പിബിയും ഹൈക്കമാന്റും ഒരുപോലെ ആധിയിലാണ്. ആധിമൂത്ത് വ്യാധി വരാനുള്ള സകല ലക്ഷണവും ഇപ്പോള്‍ കാണിക്കുന്നുണ്ടെന്നതാണ് വാസ്തവം.
അരുവിക്കരച്ചൂട് ഇപ്പോഴും അങ്ങനെ കത്തി നില്‍ക്കുകയാണ്. കാലവര്‍ഷം വേണ്ടതുപോലെ അനുഗ്രഹിക്കാത്തത് കൊണ്ടാണോ അതെന്ന് അറിയില്ല. എന്തായാലും ആധിയും വ്യാധിയും ഒന്നിച്ച് വന്നത് നമ്മുടെ ആന്ധ്രാക്കാരന് യച്ചൂരിക്കാണ്. നേതൃസ്ഥാനം ഏറ്റെടുത്ത് കേരളത്തില്‍ ഒരു വിലസല് നടത്താനുള്ള സകല തയാറെടുപ്പോടും കൂടിയാണ് വന്നതെങ്കിലും ഇവിടത്തെ ആട്ടം കണ്ടപ്പോള്‍ ഒന്നും വേണ്ടെന്നായി. കഷ്ടപ്പെട്ട് ബൈഹാര്‍ട്ട് പഠിച്ചതൊക്കെ മറന്നു. കേരളത്തിന്റെ മണ്ണിലെത്തിയതും ഭൂതാവേശിതനെപ്പോലെ താമര, താമര, ബിജെപി, ബിജെപി എന്നിങ്ങനെ പിറുപിറുത്തുകൊണ്ടിരുന്നു. കോണ്‍ഗ്രസ്സിനെതിരെ ഒറ്റയക്ഷരം നാവില്‍ വരുന്നില്ല. എന്തുചെയ്യാം ചെറുപ്പത്തില്‍ കിട്ടിയ വിദ്യയൊന്നും യഥാസമയം എടുത്തു പ്രയോഗിക്കാന്‍ പറ്റിയില്ല. ബിജെപിയുടെ വളര്‍ച്ചക്കെതിരെ എന്തുചെയ്യാനും സംസ്ഥാനത്തിന് അധികാരം കൊടുത്താണ് ഇന്ദ്രപ്രസ്ഥത്തിലേക്ക് ടിയാന് തിരിച്ചത്.
മൂന്ന് നൂറ്റാണ്ടിലേറെ പഠിച്ചും പഠിപ്പിച്ചും നടന്നതാണ് വംഗദേശത്ത്. അങ്ങനെയുള്ള പ്രദേശം പുറംകാല്‍കൊണ്ട് യച്ചൂരിപ്പാര്ട്ടിയെ തൊഴിച്ചെറിഞ്ഞു. ഇനി ആകെയുള്ള പ്രതീക്ഷ കേരളമാണ്. അതാണ് കണ്മുന്നില് നിന്ന് മേഘസ്ഫോടനം പോലെ തകര്‍ന്ന് തരിപ്പണമാവുന്നത്. ഇനി ചെയ്യാന്‍ ഒന്നേയുള്ളു. ബിജെപിക്കെതിരെ ഒന്നിക്കുക. കാത്തു നില്‍ക്കുന്നത് കോണ്ഗസ്സാണ്. ഉള്ളില്‍ കോണ്‍ഗ്രസിന്റെ ഒരു ചെറിയ ഉറവ ഉള്ളതിനാല്‍ കൂട്ടുകൂടുന്നതില്‍ അത്ര വലിയ തെറ്റുമില്ല. ഒരു പൊളിറ്റ് ബ്യൂറോ പുള്ളി വംഗദേശത്ത് കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് മമതയെ ഓടിക്കണമെന്ന് പറഞ്ഞ തുരുപ്പുചീട്ട് കയ്യിലുണ്ട്താനും. പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് ഒരു ഇന്ദിരാ കോണ്‍ഗ്രസ് മാറാട്ടം നടത്തിയെന്നുവെച്ച് ഒന്നും സംഭവിക്കാനില്ല. അല്ലെങ്കിലും മാറ്റമില്ലാത്തത് മാറ്റത്തിനുമാത്രം എന്ന് ആചാര്യന് നേരത്തെ തന്നെ പറഞ്ഞുവെച്ചത് ഇമ്മാതിരി ഏടാകൂടങ്ങളൊക്കെ മനസ്സില്‍ കണ്ടുകൊണ്ടാണല്ലോ. മേപ്പടി കാര്യത്തിന്റെ രസാത്മകതയിലേക്കാണ് കേരള കൗമുദിയിലെ (ജൂലൈ ഏഴ്) സുജിത് വിരല്‍ ചൂണ്ടുന്നത്. രാഷ്ട്രീയത്തിന്റെ രസം ആവോളം രസിക്കാന്‍ ഇതില്പരം എന്തുവേണം.
അരുവിക്കരക്കാര്‍ ഒന്നറിഞ്ഞുകൊള്ളുക. നിങ്ങളെ മ്മടെ യച്ചൂരിപാര്ട്ടി ശരിക്കും വഹിക്കുകയായിരുന്നു. അരുവിക്കരയില്‍ കാര്ത്തികേയപുത്രനേ ജയിക്കൂ എന്ന് പിബി നേരത്തെ നിശ്ചയിച്ചിരുന്നു. വിജയകുമാറിനെ ചുമ്മാ കെട്ടിയൊരുക്കി നിങ്ങളെയൊന്നു ചുറ്റിക്കുകയായിരുന്നു. ഇതാ പിബി തന്നെ അതു പറയുന്നു, കേട്ടോളിന്‍: വിജയിക്കില്ലെന്ന ബോദ്ധ്യത്തോടെയാണ് അരുവിക്കരയില്‍ മല്‍സരിച്ചതെന്നും വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള പ്രചാരണം ജനത്തിന് വിശ്വാസയോഗ്യമായില്ലെന്നും കേന്ദ്ര നേതാക്കള്‍ സൂചിപ്പിച്ചു.
മലയാള മനോരമ (ജൂലൈ എട്ട്)യില്‍ ഇതിന്റെ പൂര്‍ണരൂപം വായിക്കാം. അരുവിക്കരയില്‍ ആറാട്ടുമുണ്ടനായിപ്പോയ സഖാവും നേരത്തെ കൊല്ലത്ത് പരനാറിയില്‍ പിടഞ്ഞുവീണ സഖാവും പരസ്പരം പാര പണിതതിന്റെ പരിഷ്കൃത രൂപമായ പിബി ചരിതം ഇനിയും തുടരും. ഈ പാര്‍ട്ടി കുത്തുപാളയെടുപ്പിച്ച വംഗദേശത്തെ തൊഴിലാളികള്‍ കേരളത്തില്‍ ചെങ്കൊടി കാണുമ്പോള്‍ ആയത് വലിച്ചിട്ട് ചവിട്ടിക്കൂട്ടുന്നതെന്തിനെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെയാണ് അവിടത്തുകാര്‍ ദീദിയുടെ പിന്നില്‍ അണിനിരക്കാന്‍ തുടങ്ങിയത്. ഇവിടെയും അത് സംഭവ്യമെന്ന് അരുവിക്കരയിലെ താമര കാണിച്ചു തരുന്നുവെന്ന് പറഞ്ഞാല്‍ നിഷ്പ്പക്ഷമതികള്‍ മനസ്സുതുറന്ന് ആഹ്ലാദിക്കും, അത് പിബിക്ക് രുചിച്ചാലും ഇല്ലെങ്കിലും.
വ്യാധികളില്പ്പെട്ടതാണ് തലവേദനയും വയറുവേദനയും. ഇവ അതിശക്തമാവുമ്പോള്‍ ഛര്‍ദ്ദിച്ചാല്‍ നല്ല ആശ്വാസമാണെന്നു പറയുന്നു കണാരേട്ടനും കുട്ടിരാമനും. അതുകഴിഞ്ഞ് നേരെ ചൊവ്വേ ശരീരം പ്രതികരിക്കാന്‍ തുടങ്ങിയാല്‍ നല്ല ഭക്ഷണം കഴിച്ച് തടി കാക്കാം. നമ്മുടെ യച്ചൂരി സഖാവിന് ഈ രണ്ട് വ്യാധിയും നന്നായി പിടികൂടിയിട്ടുണ്ട്. അതിന്റെ സൂചന അടുത്തിടെയുണ്ടായ പ്രസ്താവനകളില്‍ കാണാം. ഇതൊരുതരം സേഫ്റ്റി വാല്‍വ് പ്രക്രിയയാണ്. കുറെ കഴിയുമ്പോഴേക്കും രണ്ടു വ്യാധിക്കും ആശ്വാസം കിട്ടും. അതിനു ശേഷം ചില പരിപാടികള്‍ ആസൂത്രണം ചെയ്തുവെച്ചിട്ടുണ്ട്. പണ്ട് ആര്‍എസ്എസുകാരെ കൈകാര്യം ചെയ്യാന്‍ ഗോപാലസേനയുണ്ടാക്കിയിരുന്നു. ഓലക്കാല്, ശീലക്കാല് പരുവത്തിലായിരുന്നു മാര്‍ച്ച്. പിരിച്ച പണവും വസ്തുവകകളും ഒരുവഴിക്കായതോടെ അതിന്റെ കഥ കഴിഞ്ഞു. പിന്നെയാണ് പൊട്ടാസ് പൊട്ടിക്കലും കൈമഴുവുമായി കൊലയാളി സേനരംഗത്തുവന്നത്. വരിഞ്ഞുകെട്ടിയുണ്ടാക്കിയ ബോംബിന് രാഷ്ട്രീയം വശമില്ലാത്തതിനാല്‍ തുരുതുരാ പൊട്ടാന്‍ തുടങ്ങി. സഖാക്കള്‍ ചത്തുമലയ്ക്കാന്‍ തുടങ്ങിയതോടെ ഇനിയെന്ത് ചെയ്വൂ എന്നന്വേഷിക്കുകയായിരുന്നു. അതിന്റെ ഫലമായി ഇതാ മറ്റൊരു സേന വരുന്നു. അതാണ് ബ്ലാക്ബെല്‍റ്റ് സേന.
ചെമ്പടയുടെ പരിഷ്കൃത രൂപം. ജൂലൈ ആറിന്റെ മലയാള മനോരമയില്‍ സുജിത്തിന്റെ വാര്‍ത്തയും ഒപ്പം അതിന്റെ വരയാത്മക രാഷ്ട്രീയം(അങ്ങനെയും ഒരു രാഷ്ട്രീയമോ എന്നു ചോദിച്ചേക്കല്ലേ) വരച്ചിട്ടതും കാണുക. വാര്‍ത്തയില്‍ നിന്ന്: കരാട്ടെ ബ്ലാക്ക് ബെല്റ്റുകാരെ സിപിഎം കേരളമെങ്ങും റിക്രൂട്ട് ചെയ്യുന്നു. സംസ്ഥാനത്തെ മുഴുവന്‍ ഏരിയ കമ്മിറ്റികള്‍ക്കും കീഴില്‍ പാര്‍ട്ടി ആരംഭിക്കുന്ന മാര്‍ഷല്‍ ആര്‍ട്സ് അക്കാദമി ആന്‍ഡ് യോഗാ സെന്ററില്‍ പരിശീലകരായിട്ടാണ് ഇവരുടെ നിയമനം. വൈകാതെ ആയൂര്‍വേദ ആശുപത്രികളും ഉണ്ടാവും. പാവങ്ങളുടെ പാര്‍ട്ടിക്ക് ഇതില്‍ പരം മറ്റെന്താണ് ചെയ്യാനാവുക? ആയതിനാല്‍ അരുവിക്കരക്കാരേ നിങ്ങള്‍ ചരിത്രം തന്നെയാണ് രചിച്ചിട്ടുള്ളത്. ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്ന കണാരേട്ട ഉവാചയോടെ അടുത്താഴ്ച കാണുംവരേക്കും സലാം; ലാല്‍സലാം.
പഠിക്കുന്ന കാലത്ത് കുട്ടികള്‍ പഠിക്കുക തന്നെ വേണം. അമ്പലത്തിലെ ഉത്സവം, ഓണം, വിഷു, ദേശമഹോത്സവം ഇത്യാദി പേരുകളില്‍ അറിയപ്പെടുന്ന ഒന്നിലും പങ്കെടുക്കുന്നത് അത്ര ശരിയല്ല. അതിനെന്താണ് വേണ്ടതെന്ന് നമ്മുടെ റബ്ബ്ക്കയ്ക്ക് നല്ലോണം തിരിയും. ആയതിനാല്‍ വിദ്യാര്‍ത്ഥികളേ പഠനം കഴിയും വരെ അവകളില്‍ നിന്നൊക്കെ അകന്നോളിന്‍. ഓണം വരും, വിഷു വരും. എന്നാല്‍ പഠനം അങ്ങനെയല്ല. ഇന്ന് പഠിച്ചാല്‍ പഠിപ്പ്, നാളെപ്പഠിച്ചാല് പെടപ്പ്. ഇതാണ് രീതി. അതുകൊണ്ട് ഓണക്കാലത്തെ ഒഴിവ് പാഠം പഠിക്കാനും ബൈഹാര്‍ട്ടാക്കാനും നീക്കിവെക്കുക. പുസ്തകം കിട്ടിയാല്‍ ആര്‍ക്കാണ് പഠിക്കാനാവാത്തത്. പുസ്തകമില്ലാതെ പഠിക്കുന്ന പഠിപ്പാണ് പഠിപ്പ്. അതുരണ്ടും ഇത്തവണ നടപ്പാക്കാന്‍ ശ്രമിച്ച നമ്മുടെ പൊന്നു തമ്പുരാനായ റബ്ബ്ക്കയ്ക്ക് നമുക്ക് നീണ്ടു നിവര്‍ന്ന ഒരു സലാം കൊടുക്കാം. മാവേലി വരുമ്പോള്‍ കാര്യം പറഞ്ഞ് മനസ്സിലാക്കിക്കുകയും ചെയ്യാം, ഏത്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: