ജൂലായ് ഏഴാം തീയതിയാണ് ഇതെഴുതാനിരിക്കുന്നത്. ഭാരതത്തിന്റെ ശിരോഭൂമിയായ കശ്മീരിനെ രക്ഷിക്കാനായി സ്വന്തം ജീവന് ബലി നല്കിയ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മദിനം ജൂലൈ ആറിനായിരുന്നു.
ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകാധ്യക്ഷനായിരുന്ന ശ്യാംബാബു ബലിദാനം നടത്തിയത് 1953 ജൂണ്‍ 23 നാണ്. ജൂണ്‍ 23 മുതല്‍ ജൂലൈ ആറുവരെയുള്ള രണ്ടാഴ്ചക്കാലം ശ്യാംബാബു പാക്ഷികമായി ജനസംഘം ആചരിച്ചുവന്നിരുന്നു. ആധുനികഭാരതം കണ്ട നേതാക്കന്മാരില് എന്തുകൊണ്ടും അതികായനായിരുന്നു അദ്ദേഹം.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് അഞ്ച് ബംഗാളി മഹാപുരുഷന്മാരുടെ ലഘുജീവിതമടങ്ങുന്ന പുസ്തകം ഇംഗ്ലീഷ് ഉപപാഠപുസ്തകം ഉണ്ടായിരുന്നു. രവീന്ദ്രനാഥ ടാഗോര്‍, സര് ജഗദീശ്ചന്ദ്ര ബോസ്, ആചാര്യ പി. സി. റേ, അരവിന്ദഘോഷ്, ആശുതോഷ് മുഖര്‍ജി എന്നിവരായിരുന്നു ചരിത്രപുരുഷന്മാര്. സാഹിത്യം, ശാസ്ത്രവിജ്ഞാനം, ആത്മീയചിന്ത, വിദ്യാഭ്യാസം, നീതിന്യായം എന്നീ രംഗങ്ങളില്‍ ദീപസ്തംഭങ്ങളായിരുന്നു ഇവര്‍. പുസ്തകം പഠിപ്പിച്ച തോമസ്സാര്‍, അതിലുള്ളതിലും ഗഹനമായി ആ മഹാന്മാരെ പരിചയപ്പെടുത്തി.
ആശുതോഷ് മുഖര്‍ജി കല്‍ക്കത്താ സര്‍വ്വകലാശാലയുടെ ഉപകുലപതിയായിരുന്നപ്പോള്, ബംഗാളിഭാഷക്ക് ഇംഗ്ലീഷിന് തുല്യമായ സ്ഥാനം നല്കുന്നതില് മുന്‍കയ്യെടുത്തതും ദേശസ്നേഹം നിറഞ്ഞ അന്തരീക്ഷം അക്കാദമിക രംഗത്ത് സൃഷ്ടിച്ചതും വിവരിച്ചു. കേരളത്തില്‍നിന്ന് കൈനിക്കര സഹോദരന്മാര് (പത്മനാഭപിള്ളയും കുമാരപിള്ളയും) അവിടെ പഠിക്കാന്‍ പോയതും ഇംഗ്ലീഷിന് കല്‍ക്കത്തയില്‍ പ്രാധാന്യം കുറഞ്ഞതിന്റെ പേരില്‍ മദിരാശി സര്‍വ്വകലാശാലക്കാര്‍ അവിടെനിന്ന് പാസായവര്‍ക്ക് ആ ഭാഷ പഠിപ്പിക്കാന്‍ അനുമതി നല്‍കാതിരുന്നതും സാര്‍ പറഞ്ഞു.
കൈനിക്കര സഹോദരന്മാര്ക്ക് തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചില്ല. പക്ഷേ മന്നത്ത് പത്മനാഭന് അവരുടെ സേവനം എന്‍എസ്എസ്സില്‍ ഉപയോഗപ്പെടുത്തി. അവരുടെ പ്രാഗല്ഭ്യം ദിവാന് സര് സിപിക്ക് ബോധ്യപ്പെട്ട് സര്‍ക്കാരില്‍ നിയമിച്ചു. മികച്ച ഭരണാധികാരികളും അധ്യാപകരും സാഹിത്യനായകന്മാരുമായിട്ട് അവര്‍ പിന്നീട് അറിയപ്പെട്ടു. ഈ വിവരം പറഞ്ഞ തോമസ്സാര്‍ ആശുതോഷ് മുഖര്‍ജിയുടെ മകനാണ് കേന്ദ്ര വ്യവസായമന്ത്രി ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയെന്നും മഹാനായ പിതാവിന്റെ മഹാനായ പുത്രന് (ഗ്രേറ്റ് സണ്‍ ഓഫ് എ ഗ്രേറ്റ് ഫാദര്‍) എന്ന് പരിചയപ്പെടുത്തി. കല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ത്തന്നെ സര്‍വ്വകലാശാലാ ഭരണസമിതിയിലും അദ്ദേഹം അംഗമായി. അക്കാദമികരംഗത്ത് അത് ഒന്നാം സംഭവം. അതിനുശേഷം വൈസ്ചാന്സലറായപ്പോഴും ലോകത്ത് ആ സ്ഥാനം വഹിച്ച ഏറ്റവും പ്രായംകുറഞ്ഞയാളായി അദ്ദേഹം.
നേരത്തെ പറഞ്ഞ അഞ്ച് മഹാന്മാരുടെയും ജന്മഗൃഹങ്ങള്‍ കിഴക്കന്‍ ബംഗാളിലായിരുന്നു. ഇന്നത്തെ ബംഗ്ലാദേശ് മുസ്ലിംലീഗിന്റെ സ്ഥാപനം 1905ല്‍ നടന്നത് ധാക്കയില്‍, അവിടത്തെ നവാബിന്റെ നേതൃത്വത്തിലായിരുന്നു. ഒരര്‍ത്ഥത്തില്‍ പാക്കിസ്ഥാന്വാദത്തിന്റെയും ഭാരതവിഭജനത്തിന്റെയും വിത്തിട്ടത് അവിടെയാണ്. വിഭജനവാദം രൂക്ഷമായി വന്നപ്പോള്‍, അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ശക്തമായ മുന്നറിയിപ്പുകള്‍ ഡോ. മുഖര്‍ജി നല്കി. ബംഗാളില്‍ അദ്ദേഹത്തിന്റെ സ്ഥാനം അദ്വിതീയമായിരുന്നു. മുസ്ലിംലീഗ് 1946 ആഗസ്റ്റ് എട്ടിന് നടത്തിയ പ്രത്യക്ഷ നടപടിയെന്ന സംഹാരതാണ്ഡവത്തില്‍ കല്‍ക്കത്തയില്‍ മാത്രം 4000 ലേറെപ്പേര്‍ മരിച്ചുവീണു. അതില്‍ സംഭീതരായ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് അക്രമികളെ നേരിടാന്‍ ഡോ. മുഖര്‍ജി നേതൃത്വം വഹിച്ചു.
മുഴുവന്‍ ബംഗാളും പാക്കിസ്ഥാനില്‍ ചേര്‍ക്കണമെന്നായിരുന്നു മുസ്ലിംലീഗ് നേതൃത്വത്തിന്റെ ആവശ്യം. ഡോ. മുഖര്‍ജിയുടെ പരിശ്രമം മൂലമാണ് ഇന്നത്തെ പശ്ചിമബംഗാള്‍ ഭാരതത്തില്‍ നിലനില്ക്കാന് ഇടയായത്. ഹിന്ദു ഭൂരിപക്ഷ താലൂക്കുകള്‍ പാക്കിസ്ഥാനിലുള്പ്പെടുത്താന് അദ്ദേഹം അനുവദിച്ചില്ല. ”കോണ്‍ഗ്രസുകാര്‍ ഭാരതത്തെ വിഭജിച്ചു, ഞാന്‍ പാക്കിസ്ഥാനെ വിഭജിച്ചു” എന്നദ്ദേഹം അതിനെപ്പറ്റി പറഞ്ഞു. ഭരണഘടനാ നിര്‍മാണസഭയില്‍ അംഗമെന്ന നിലക്ക് വിലപ്പെട്ട സേവനമാണദ്ദേഹം വഹിച്ചത്. 1947 ല്‍ മന്ത്രിസഭയുണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് പുറമെ മറ്റു കക്ഷിക്കാരും കക്ഷിരഹിതരുമായ പ്രഗല്ഭരെ ഉള്‍പ്പെടുത്തണമെന്ന ഗാന്ധിജിയുടെ നിര്‍ദ്ദേശത്തെ മാനിച്ചാണ് നെഹ്റു മുഖര്‍ജിയെയും ഡോ. അംബേദ്ക്കര്‍, ജോണ്‍ മത്തായി മുതലായവരെയും ഉള്‍പ്പെടുത്തിയത്.
മന്ത്രിസഭയില്‍ വ്യവസായവകുപ്പ് ലഭിച്ച ഡോ. മുഖര്‍ജിയായിരുന്നു ഏറ്റവും പ്രഗല്ഭന്. സ്വതന്ത്രഭാരതത്തിന്റെ വ്യവസായ വികസനത്തിന് ഭദ്രമായ അടിത്തറയിട്ടത് അദ്ദേഹമായിരുന്നു. അദ്ദേഹം തുടക്കമിട്ട ഘനവ്യവസായങ്ങള്‍ എല്ലാംതന്നെ നവരത്ന വ്യവസായപട്ടികയുടെ മുന്‍നിരയിലുണ്ട്. കല്‍ക്കത്തയിലെ ചിത്തരഞ്ജന് ലോക്കോമോട്ടീവ് ഫാക്ടറിയിലെ ഉല്‍പ്പന്നങ്ങളുടെ ഘടകങ്ങള്‍ 30 ശതമാനവും വിദേശനിര്‍മിതമാണെന്ന് കമ്യൂണിസ്റ്റ് നേതാവ് ഹിരണ്‍ മുഖര്‍ജി ആക്ഷേപമുന്നയിച്ചപ്പോള്‍ റഷ്യയടക്കം ലോകത്തെ മറ്റെല്ലാ ഫാക്ടറികളുടെയും കണക്കുകള്‍ നിരത്തി അദ്ദേഹം കമ്യൂണിസ്റ്റ് നേതാവിനെ നിശ്ശബ്ദനാക്കി. സോവിയറ്റ് യൂണിയനില്‍ നൂറ് ശതമാനം ഘടകങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്ന് ഹിരണ്‍ മുഖര്‍ജി പറഞ്ഞപ്പോഴായിരുന്നു അവിടത്തെ കാര്യംപോലും സഖാവിനറിയില്ലേ എന്ന് ചോദിച്ചുകൊണ്ട് ശ്യാംബാബു വിവരങ്ങള്‍ നിരത്തിയത്.
1949- 50 കാലത്ത് കിഴക്കന്‍ പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്കെതിരെയുണ്ടായ ഭീകരമായ അക്രമങ്ങളുടെ ഫലമായി ലക്ഷക്കണക്കിനാളുകള്‍ ഭാരതത്തിലേക്ക് പലായനം ചെയ്തു. അവരുടെ സംരക്ഷണം ഭാരതത്തിന്റെ ധാര്‍മികമായ ബാധ്യതയാണെന്നായിരുന്നു ഡോ. മുഖര്‍ജിയുടെ വാദം. എന്നാല്‍ അവരെ തിരിച്ചയക്കാനാണ് നെഹ്റു തീരുമാനിച്ചത്. നെഹ്റുവും പാക് പ്രധാനമന്ത്രി ഫിറോസ്ഖാന് നൂണുമായുണ്ടാക്കിയ കരാര്‍ പ്രകാരം അവര്‍ക്ക് സംരക്ഷണം ഉറപ്പില്ലാതെ തിരിച്ചുപോകാന്‍ നിര്‍ബന്ധിതരാകേണ്ടിവന്നു. ഇതില്‍ പ്രതിഷേധിച്ച് മുഖര്‍ജി മന്ത്രിസഭയില്‍നിന്നു രാജിവെച്ചു പുറത്തുവന്നു. വിഭജനത്തിന്റെ ദുരിതങ്ങള്‍ തങ്ങളുടേതല്ലാത്ത (കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മാത്രം) പിഴവുകൊണ്ട് പേറേണ്ടിവന്ന ജനതയുടെ സേവനത്തിനായി അദ്ദേഹം സമര്‍പ്പിച്ചു.
പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യക്ക് രൂപംനല്കുകയും അതിനു ദേശവ്യാപക സ്വഭാവം നല്കാന് ശ്രമിക്കുകയും ചെയ്തു. ആ പരിശ്രമത്തിനിടെ അദ്ദേഹം സംഘത്തിന്റെ സര്‍സംഘചാലക് പൂജനീയ ഗുരുജിയുമായി ബന്ധപ്പെടുകയും തന്റെ സംരംഭത്തിന് സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സംഘത്തിന്റെ കക്ഷിരാഷ്ട്രീയത്തിനതീതമായ നിലപാട് ആവര്‍ത്തിച്ചുകൊണ്ട്, ഏതാനും പ്രവര്‍ത്തകരുടെ സേവനം നല്കാന് അദ്ദേഹം സമ്മതിച്ചു. അങ്ങനെ ദീനദയാല്‍ ഉപാധ്യായ, നാനാജി ദേശ്മുഖ്, സുന്ദര്‍സിംഗ് ഭണ്ഡാരി തുടങ്ങിയവര്‍ ഡോ. മുഖര്‍ജിയെ സഹായിക്കാന്‍ നിയുക്തരായി. ഭാരതസംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും തനിമയുടെയും പ്രതിഭയുടെയും അടിസ്ഥാനത്തില്‍ ലോകമാകെ ഇതപര്യന്തമുള്ള അനുഭവങ്ങളെയും ആശയങ്ങളെയും ഉള്‍ക്കൊണ്ട് ഒരു നൂതന രാഷ്ട്രീയ സംസ്കാരത്തിനും പ്രസ്ഥാനത്തിനും അങ്ങനെ തുടക്കംകുറിച്ചു.
1952ല്‍ രൂപീകൃതമായ ഒന്നാമത്തെ ലോക്സഭയില്‍ ഡോ. മുഖര്ജിതന്നെയായിരുന്നു ഏറ്റവും ശ്രദ്ധേയനായ അംഗം. ജനസംഘമെന്ന അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന് ദേശീയ കക്ഷിയെന്ന അംഗീകാരവും ലഭിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയും സോഷ്യലിസ്റ്റുകളും ലോക്സഭയില്‍ വലിയ കക്ഷികളായി. ഡോ. മുഖര്‍ജിയുടെ വ്യക്തിപ്രഭാവത്തിന്റെ ആകര്‍ഷണംമൂലം ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഗ്രൂപ്പ് അദ്ദേഹം ഉണ്ടാക്കി. പ്രധാനമന്ത്രി നെഹ്റു ഏറ്റവും ഭയപ്പെട്ടതും അദ്ദേഹത്തെത്തന്നെ. മുഖര്‍ജിയുടെ പ്രസംഗങ്ങള്‍ 60 വര്‍ഷങ്ങള്‍ക്കുശേഷവും കിടയറ്റവയായി സ്മരിക്കപ്പെടുന്നു. നെഹ്റുവിന്റെ ഔദ്ധത്യം നിറഞ്ഞ ആക്രോശങ്ങള്‍ക്ക് ഉരുളക്കുപ്പേരി പോലെ അദ്ദേഹം മറുപടി നല്കി. ജനസംഘത്തെ നെഹ്റു രൂക്ഷമായി വിമര്‍ശിച്ചു ”ഐ വില്‍ ക്രഷ് യുവര്‍ ജനസംഘ്” എന്നു പറഞ്ഞപ്പോള്‍ ”ഐ വില്‍ ക്രഷ് യുവര്‍ ക്രഷിങ് മെന്റാലിറ്റി” എന്ന് മുഖര്‍ജി തിരിച്ചടിച്ചു.
1818ല്‍ ഈസ്റ്റിന്ത്യാ കമ്പനി ഭരണം കൊണ്ടുവന്ന ‘ബംഗാളിലെ കരിനിയമം’ എന്ന് കുപ്രസിദ്ധമായ കരുതല്‍ തടങ്കല്‍ നിയമം തുടര്‍ന്നും നടപ്പാക്കാനായി ആഭ്യന്തരമന്ത്രി കെ. എന്‍. കട്ജു ബില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെതിരെ ഡോ. മുഖര്‍ജി ചെയ്ത പ്രസംഗമാണ് ലോക്സഭാതലത്തില് മുഴങ്ങിയ ഏറ്റവും പ്രഗല്ഭമായി കരുതപ്പെട്ടുതപ്പെടുന്നത്. ആ പഴുതില്ലാത്ത വാദമുഖങ്ങള്‍ കേട്ട് ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയുമടക്കമുള്ളവര്‍ വെളുത്തു വിളറിയിരുന്നുവെന്ന് സഭാംഗമായിരുന്ന സി. നാരായണപിള്ള ഒരു ലേഖനത്തില്‍ അനുസ്മരിച്ചു.
സര്‍ക്കാര്‍ മൃഗീയഭൂരിപക്ഷമുപയോഗിച്ച് ബില്‍ പാസാക്കിയെടുത്തു. അതേ കരിനിയമമുപയോഗിച്ചാണ് ജമ്മുകശ്മീര്‍ സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവേശിക്കാനൊരുങ്ങിയ അദ്ദേഹത്തെ അറസ്റ്റ്ചെയ്തതും മരണത്തിലേക്ക് തള്ളിവിട്ടതും. യഥാസമയം വൈദ്യസഹായം നല്‍കാതെ, പരിചാരകന്മാരെ അനുവദിക്കാതെ ഏകാന്തസ്ഥലത്തെ അതിഥിമന്ദിരത്തില്‍ മരിക്കാനിടവരുത്തിയ പാതകത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് നെഹ്റുവിനോ അദ്ദേഹം സഹോദരനായി കരുതിയ സംസ്ഥാന ഭരണാധികാരി ഷെയ്ഖ് അബ്ദുള്ളക്കോ കൈകഴുകാനാകില്ല. മകന്റെ മരണത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോ. മുഖര്‍ജിയുടെ അഭിവന്ദ്യ മാതാവ് യോഗമായദേവി അയച്ച കത്തിനുപോലും നെഹ്റു പരിഗണന നല്‍കിയില്ല.
ഡോ. മുഖര്‍ജി ആരംഭിച്ച രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിന്മുറക്കാര്, ആ പാത പിന്‍പറ്റി ആറു പതിറ്റാണ്ടുകള്‍ക്കുശേഷം, അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ശേഷിയാര്ജിച്ച് കശ്മീരടക്കം രാജ്യത്തിന്റെ ഭാഗധേയം ഏറ്റെടുത്തിരിക്കയാണ്. മഹത്തായ രാഷ്ട്രത്തിന്റെ മഹാനായ പുത്രന്റെ ആത്മാവ് ചാരിതാര്‍ത്ഥ്യമടയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: