പുനലൂര്‍: ലഹരി വിമുക്ത കേരളത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് എഡിജിപി ബി. സന്ധ്യ ഐപിഎസ് പറഞ്ഞു. പുനലൂരില്‍ ജനമൈത്രി പോലീസും നഗരസഭയുംസംയുക്തമായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയും ജനമൈത്രി പോലീസിന്റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി അരുണ്‍ പുനലൂര്‍ തയാറാക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകായിരുന്നു എഡിജിപി.
ഇരുപത്തഞ്ച് ലക്ഷത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന കേരളത്തില്‍ അവരുടെ തൊഴില്‍ മേഖലയും സ്വഭാവരീതിയും രേഖപ്പെടുത്തിയ ഐഡന്റിറ്റി കാര്‍ഡ് നല്‍കിയത് ഇവരെക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് അറിയാന്‍ സഹായകരമായിട്ടുണ്ട്.
സ്വന്തക്കാരില്‍ നിന്നും ഉറ്റവരില്‍ നിന്നും നിരാകരിക്കപ്പെട്ട വയോജനങ്ങള്‍ സംരക്ഷിപ്പെടേണ്ടതിന്റെ ആവശ്യകത ഈ കാലത്ത് ഏറെയാണെന്ന് എഡിജിപി പറഞ്ഞു. തന്റെ ജീവിത വിജയത്തിന് മാതാപിതാക്കള്‍ മാത്രമല്ല മുത്തശ്ശിയും മുത്തച്ഛനുമൊക്കെയാണ് കാരണക്കാര്‍.
വൃദ്ധരായ മുത്തച്ഛനില്‍ നിന്നും ലഭിക്കുന്ന അറിവ് വളരെ വലുതാണെന്നും അവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എറെയാണെന്നും അവര്‍ പറഞ്ഞു. തെറ്റായ സാഹചര്യത്തില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്തിയാല്‍ അത് അധികൃതരെ അറിയിക്കുന്നതിലൂടെ ഒരു സമൂഹത്തെയാണ് സംരക്ഷിക്കുന്നതെന്നും എഡിജിപി സദസ്സിനോട് പറഞ്ഞു.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സംസ്ഥാനത്ത് വ്യാപകമായി പോലീസ് ക്യാമ്പയിന് സംഘടിപ്പിക്കുമെന്നും പുനലൂര്‍ ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും സംസ്ഥാനതലത്തില്‍ ആദ്യമായി വയോജനങ്ങള്‍ക്ക് സുരക്ഷ- പ്രിവിലേജ് കാര്‍ഡ് നല്കുന്ന ചടങ്ങ് നിര്‍വഹിച്ചുകൊണ്ട് എഡിജിപി ചൂണ്ടിക്കാട്ടി.
പുനലൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ രാധാമണി വിജയാനന്ദിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹനന് ഉദ്ഘാടനം ചെയ്തു. ഭാരതത്തിനാകെ തുറന്ന മാത്യകയാണ് ജനമൈത്രി പോലീസെന്ന് അദ്ദേഹം പറഞ്ഞു.
പോലീസും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുവാന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി കുടുംബശ്രീയൂണിറ്റിനെയും സ്റ്റുഡന്റ്സ് പോലീസിനെയുമാണ് മാതൃകാപരമായ പ്രവര്‍ത്തനത്തിന് കേരളത്തില്‍നിന്ന് തെരഞ്ഞെടുത്തത്. സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍ക്ക് നീന്തല്‍ പരിശിലനം നല്‍കുമെന്നും അതിന്റെ ഉദ്ഘാടനം ആഗസ്റ്റ് 1ന് നടക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാമണി, കൊല്ലം റൂറല്‍ എസ്പി ശശികുമാര്‍ ഐപിഎസ്. എഎസ്പി ഡോ.ജെ. ഹിമേന്ദ്രനാഥ് ഐപിഎസ്, നഗരസഭാ വെസ് ചെയര്മാന് അഡ്വ. പി.എ. അനസ്സ്, പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജോസ്, ശ്രീദേവിയമ്മ, വസന്ത രഞ്ചന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സഞ്ജയന്, ഡോ.ആര്.വി. അശോകന്, ഡോ.കെ.ടി. തോമസ് എന്നിവര്‍ സംസാരിച്ചു. ഡിവൈഎസ്പി അബ്ദുള്‍ റഷീദ് സ്വാഗതവും നഗരസഭ സെക്രട്ടറി എ.എസ്. നൈസാം നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഡോക്യുമെന്ററി തയ്യാറാക്കിയ അരുണ്‍പുനലൂര്‍, ഡോ.ബി. സന്ധ്യ ഐപിഎസ് എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: