പത്തനാപുരം: നഗരത്തിലെ ഹൈമാസ്റ്റ്ലൈറ്റ് പ്രവര്‍ത്തന രഹിതമായിട്ട് കാലങ്ങള്‍. കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍. മൂന്ന് വര്‍ഷം മുന്‍പാണ് പത്തനാപുരം സെന്‍ട്രല്‍ ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും നാല് ലക്ഷത്തി എണ്‍പത്തിനാലായിരം രൂപ ചെലവഴിച്ചാണ് ഇത് സ്ഥാപിച്ചതെന്നാണ് അവകാശവാദം.
ലൈറ്റിന്റെ അറ്റകുറ്റപ്പണികളുടെയും മറ്റും ഉത്തരവാദിത്തം പത്തനാപുരം ഗ്രാമപഞ്ചായത്തിനാണ്. ലൈറ്റ് സ്ഥാപിച്ച് മാസങ്ങള്‍ക്കകംതന്നെ പല വശങ്ങളിലെയും ബള്‍ബുകള്‍ തകരാറിലായി. ആദ്യ കാലങ്ങളില്‍ വിമര്‍ശനമുണ്ടായപ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്ന പഞ്ചായത്ത് അധികൃതര്‍ പിന്നീട് ശ്രദ്ധിക്കാതെയായതോടെ ഹൈമാസ്റ്റ് ലൈറ്റ് വെറും നോക്കുകുത്തിയായി മാറി. സ്ഥലപരിമിതിയാല്‍ വീര്‍പ്പുമുട്ടുന്ന നഗരഹൃദയത്തിന്റെ സ്ഥലം കൈയേറുന്ന അലങ്കാരവസ്തുവായി മാറി ഹൈമാസ്റ്റ് ലൈറ്റ്.
രണ്ട് വശത്തെ ലൈറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ തെളിയുന്നത്. സാമൂഹിക വിരുദ്ധ ശല്യവും അനാശാസ്യ പ്രവര്‍ത്തനങ്ങളും ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാറോടെ വീണ്ടും ശക്തമായിട്ടുണ്ട്.
സന്ധ്യയ്ക്കും വെളുപ്പിനെയും യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് നേരെ അക്രമം ഉണ്ടാകുന്നതും പതിവായിട്ടുണ്ട്. പുലര്‍ച്ചെയോടെ നഗരത്തില്‍ എത്തുന്ന പത്രവിതരണക്കാരെയും ഇത് ഏറെ ബുദ്ധിമുട്ടിലാക്കുന്നു. തകരാര്‍ പരിഹരിച്ച് ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തന സജ്ജമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: