കോട്ടയം: വികസനരംഗത്ത് അനന്തമായ സാധ്യതകള്‍ സംഭാവനചെയ്യാവുന്ന വിഴിഞ്ഞംപദ്ധതി അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് ആരോപിച്ചു. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കേന്ദ്രത്തിലേക്കും വ്യാപിച്ചിരിക്കുന്നു. വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനും, സീതാംറാം യച്ചൂരിക്കും ഒരേ നിലപാടാണ്. കേരളത്തിലെ വികസന പദ്ധതികള്‍ മുഴുവന്‍ തകിടം മറിക്കുന്നത് ഭരണമുന്നണികളാണ്. വാജ്പേയ് ഗവണ്‍മെന്‍ിന്റെ സംഭാവനകളായ വല്ലാര്‍പാടം എന്‍എന്‍ജി ടെര്‍മിനലും ശബരിറെയില്പാതയും ഇതിന് ഉദാഹരണങ്ങളാണ്. കേരളത്തിനും ഗുജറാത്തിനും എന്‍എന്‍ഡി ടെര്‍മിനലിന് ഒരേ കാലത്ത് അനുമതി ലഭിച്ചതാണ്. ഗുജറാത്തില്‍ 100 ശതമാനം പ്രവര്‍ത്തനക്ഷമമായപ്പോള്‍ കേരളത്തില്‍ കേവലം 8 ശതമാനം മാത്രമാണ് ഉല്‍പ്പാദനമെന്ന് രാധാകൃഷ്ണന് ചൂണ്ടിക്കാണിച്ചു.
അരുവിക്കര ഉപതെരഞ്ഞെടുപ്പുഫലം കേരളത്തിന്റെ രാഷ്ട്രീയദിശമാറ്റത്തിന്റെ സൂചനയാണ്. യഥാര്ത്ഥപ്രതിപക്ഷമായി ജനങ്ങള്‍ ബിജെപിയെയാണ് സ്വീകരിക്കുന്നത്. അരുവിക്കരയിലെ പരാജയകാരണം വിലയിരുത്തിയ സിപിഎം പി.ബി സാക്ഷരകേരളത്തെ അപമാനിക്കുകയാണ്. വി.എസ് അച്യുതാനന്ദനും പിണറായി വിജയനും വേദി പങ്കിടാത്തതാണ് പരാജയകാരണമെന്നാണ് യച്ചൂരി പറയുന്നത്. പൊതുവേദികളില്‍ ഒന്നിച്ചിരുന്ന് ജനങ്ങളെ വിഡ്ഢികളാക്കണമായിരുന്നുവെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി പറയുന്നത്.
കേരളത്തിലെ വിദ്യാഭ്യാസമന്ത്രിക്ക് ചക്കയും മാങ്ങയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. വിദ്യാഭ്യാസ വകുപ്പ് ഇത്രയും കുത്തഴിഞ്ഞ കാലം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് ദേശീയ രാഷ്ട്രീയപാര്ട്ടികളേറ്റെടുക്കുവാന് തയ്യാറാകണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.എം സന്തോഷ്കുമാര്‍, എന്‍.ഹരി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: