പത്തനാപുരം: ആധുനികതലമുറയിലേക്ക് ഭാരതീയസംസ്ക്കാരത്തിന്റെ മൂല്യങ്ങള്‍ എത്തിക്കുന്നതിനായി നചികേതസ് ഒരുങ്ങി. പിറവന്തൂര്‍ കമുകുംചേരി ഗ്രാമത്തിലാണ് കേരളത്തിലെ തന്നെ പ്രഥമ ആദ്ധ്യാത്മിക അന്തര്യോഗം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ജപം, ധ്യാനം, യോഗ, പുരാണപഠനം, സഹസ്രനാമജപങ്ങള് തുടങ്ങിയവയെപ്പറ്റി സാധാരണക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും അവരിലൂടെ വരും തലമുറയിലേക്കും ഇവയെല്ലാം എത്തിക്കുന്നതിനും വേണ്ടിയാണ് നചികേതസ് പ്രവര്‍ത്തിക്കുന്നത്.
വേദാന്തവിശാരദനും ജ്യോതിഷപണ്ഡിതനുമായ കുഴുപ്പളളി എന്‍.കെ. നമ്പൂതിരിയാണ് നചികേതസിന്റെ അമരക്കാരന്. ജനനന്മയ്ക്ക് വേണ്ടി ഋഷീശ്വരന്മാര് വിഭാവനം ചെയ്ത ശാസ്ത്രങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് നചികേതസിന്റെ ലക്ഷ്യം. ആദ്ധ്യാത്മിക പാഠശാല, യോഗ സെന്റര്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടാണ് നചികേതസ് അന്തര്യോഗം ആരംഭിച്ചിരിക്കുന്നത്.
ഗുരുകുലസമ്പ്രദായകാലത്ത് വേദങ്ങളും ഉപനിഷത്തുകളും ഗുരുമുഖത്ത് നിന്നും ശിഷ്യഗണം മനസിലാക്കുകയും അത് ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയ്തിരുന്നു. ഇതുവഴി കുടുംബബന്ധങ്ങളുടെയും സാമൂഹികജീവിതത്തിന്റെയും പവിത്രത കാത്തുസൂക്ഷിച്ചിരുന്നു. ആധുനിക വിദ്യാഭ്യാസമടക്കം എല്ലാ ജീവിതചുറ്റുപാടുകളും ആദ്ധ്യാത്മികതയില്‍ നിന്നും അകന്നുപോകുന്ന അവസരത്തിലാണ് നചികേതസിലൂടെ ഭാരതീയത പുതുതലമുറയിലേക്ക് പകര്‍ത്താന്‍ സംഘാടകര്‍ ശ്രമിക്കുന്നത്.
ആചാര്യന്മാരുടെ മേല്‍നോട്ടത്തില്‍ ഭഗവത്ഗീത, മഹാഭാഗവതം, രാമായണം, സഹസ്രനാമങ്ങള് കീര്‍ത്തനങ്ങള്‍ എന്നിവയും പരീശീലിപ്പിക്കുന്നുണ്ട്. 11ന് താമരക്കുടി ജ്ഞാനകുടീരം ആശ്രമത്തിലെ സ്വാമിനി ശാരദാനന്ദ സരസ്വതി പങ്കെടുക്കുന്ന സത്സംഗം നടക്കുമെന്നും എലിക്കാട്ടൂര്‍ രാമചന്ദ്രന്‍നായര്‍, സുജിത്ത് പത്മനാഭന് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: