കുന്നത്തൂര്‍: കൈമുട്ട് വേദനയുമായെത്തിയ വിദ്യാര്‍ത്ഥിക്ക് മുന്‍കരുതലെടുക്കാതെ അധികഡോസേജില് മരുന്ന് നല്‍കിയതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. ശൂരനാട് തെക്ക് ആയിക്കുന്നം സ്വദേശിയും പന്തളം എന്‍എസ്എസ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിയുമായ രാധാമന്ദിരത്തില്‍ അരുണി(18)നെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സ്വകാര്യആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി കൈമുട്ടിന് വേദനയുമായി ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിയ വിദ്യാര്‍ത്ഥിക്കാണ് അത്യാഹിതം സംഭവിച്ചത്.
ശനിയാഴ്ച പീഡിയാട്രീഷ്യന്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. മറ്റ് അലര്ജികളൊന്നുമില്ല എന്ന് ഉറപ്പ് വരുത്താനായി ടെസ്റ്റ് ഡോസ് നല്‍കാതെ ഡോക്ടറുടെ നേതൃത്വത്തില്‍ അധിക ഡോസേജില്‍ മരുന്നു കുത്തിവെച്ചതാണ് പ്രശ്നത്തിനിടയാക്കിയത്. മരുന്ന് ചെന്നതിനെത്തുടര്‍ന്ന് അരുണിന്റെ ശരീരം തടിച്ചുവീര്‍ക്കുകയും ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയുമായിരുന്നു. ഇതുകണ്ട് ഭയന്ന മാതാപിതാക്കള്‍ ഡോക്ടറെ സമീപിച്ചെങ്കിലും അവര്‍ അവഗണിക്കുകയായിരുന്നുവെന്നാണ് പരാതി. അരുണിന്റെ നില കൂടുതല്‍ വഷളായതിനെത്തുടര്‍ന്ന് അടിയന്തരചികിത്സ നല്‍കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടത് ആശുപത്രി ജീവനക്കാരുമായുള്ള സംഘര്‍ഷത്തിന് കാരണമായി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും ആശുപത്രി ജീവനക്കാര്‍ തട്ടിക്കയറി. വിദ്യാര്‍ത്ഥിയെ വിദഗ്ധചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിട്ടുനല്‍കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല. ആശുപത്രിയില്‍ മൂന്ന് ആംബുലന്‍സ് ഉണ്ടായിരുന്നിട്ടും ഡ്രൈവര്‍ ഇല്ല എന്ന കാരണം പറഞ്ഞാണ് സേവനം നിരസിച്ചത്. അരുണിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ അനുവദിക്കാതിരുന്നതും അന്തരീക്ഷം വഷളാക്കി.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തുകയും രാത്രി ഒരു മണിയോടുകൂടി പോലീസ് ജീപ്പില്‍ വിദ്യാര്‍ത്ഥിയെ ശാസ്താംകോട്ടയില്ത്തന്നെയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച അരുണിന്റെ നില മെച്ചപ്പെട്ടു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
താലൂക്കാശുപത്രിയില്‍ രോഗികളോട് തുടരുന്ന അനാസ്ഥ നിരന്തരം സംഘര്ഷങ്ങള്ക്കിടയാക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഡോക്ടറുടെ കൃത്യവിലോപത്തിനെതിരെ അരുണിന്റെ ബന്ധുക്കള്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍ക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിരിക്കുകയാണ്.
രാഷ്ട്രീയകക്ഷികള്‍ വഴി നിയമനം നേടിയ താല്‍ക്കാലിക ജീവനക്കാരാണ് ഭരണം നടത്തുന്നതെന്നും ആക്ഷേപമുണ്ട്. നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ആശുപത്രിയുടെ മേല്‍നോട്ടം വഹിക്കുന്ന ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: