പറവൂര്‍: മുതിര്‍ന്ന പൗരന്മാര്ക്ക് ആശ്രയം എന്ന ലക്ഷ്യത്തോടെ നഗരസഭയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം ശരണാലയത്തില്‍ പ്രവേശനത്തിനായി ലക്ഷങ്ങള്‍ കോഴ ചോദിച്ചതായി ആരോപണം. സ്റ്റേഡിയത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ശരണാലയത്തിനെതിരെ ഒരു എല്‍ഡിഎഫ് കൗണ്‍സിലറാണ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ആരോപണം ഉന്നയിച്ചത്. ചേന്ദമംഗലം സ്വദേശിയുടെ പിതാവ് അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ തിരുവനന്തപുരത്തേയ്ക്ക് സ്ഥലം മാറിയതോടെ പിതാവിനെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ കഴിയാത്തതിനാലാണ് ശരണാലയത്തില്‍ പ്രവേശിപ്പിക്കാനായി കൊണ്ടുവന്നത്.
ഇവരോടാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നഗരസഭയുടെ അനുമതിയോടെ സ്ഥാപനം നോക്കി നടത്തുന്ന ചാരിറ്റബിള്‍ സൊസൈറ്റിയാണ് ആറ് ലക്ഷം രൂപ സംഭാവന ചോദിച്ചതായി കൗണ്‍സിലര്‍ ആരോപിച്ചത്. ഈ സൊസൈറ്റി നടത്തിപ്പുകാര്‍ കാലങ്ങളായി നഗരസഭ ഭരണാധികാരികളുടെയോ ഉദ്യോഗസ്ഥരുടെയോ അനുമതിയില്ലാതെ ലക്ഷങ്ങള്‍ സംഭാവന സ്വീകരിക്കുന്നതായിട്ടാണ് പ്രധാനമായും ഉയര്‍ന്ന ആരോപണം. ഇത്തരത്തില്‍ പണം സ്വീകരിക്കുന്നുണ്ടെങ്കിലും പ്രായമായ അന്തേവാസികള്‍ക്ക് മതിയായ ചികിത്സയോ പരിചരണമോ ലഭിക്കാറില്ല.
പതിനെട്ടുപേരാണ് ശരണാലയത്തില്‍ കഴിയുന്നത്. പറവൂരിന് പുറത്തുള്ളവരാണ് ഇവിടെ കൂടുതലും. അന്തേവാസികള്‍ എന്നതിനാല്‍ ഇടയ്ക്കെങ്കിലും വന്ന് അന്വേഷണം നടത്താതെയിരിക്കുന്നവര്ക്ക് പരിരക്ഷ നല്കുന്ന കാര്യത്തില്‍ നടത്തിപ്പുകാര്‍ ഗുരുതരമായ വീഴ്ചകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ശരണാലയത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നതോടെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ചുമതലപ്പെടുത്തിയതായി നഗരസഭ ചെയര്‍പേഴ്സണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: