കളമശ്ശേരി: എറണാകുളം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കളെ മാറി നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം ഒരേ സമയത്ത് നടന്ന രണ്ട് പ്രസവങ്ങളിലെ കുട്ടികളെ അശ്രദ്ധമൂലം രക്ഷകര്‍ത്താക്കള്‍ക്ക് മാറി നല്‍കുകയായിരുന്നു. തുറവൂര്‍ സ്വദേശിക്കും കാലടി സ്വദേശിക്കുമാണ് കുട്ടികളെ മാറി നല്‍കിയത്. ഇതില്‍ ഒരാളുടേത് പെണ്‍കുട്ടിയും മറ്റെയാളുടേത് ആണ്‍കുട്ടിയുമായിരുന്നു.
പിഴവ് ബോധ്യപ്പെട്ട ഉടന്‍ രണ്ട് കുട്ടികളുടെയും പിതാക്കന്മാരെയും ബന്ധുക്കളെയും പ്രസവമെടുത്ത ഡോക്ടര്‍മാര്‍ വിളിച്ചുവരുത്തി. ആശുപത്രി ആര്‍എംഒയുടെ സാന്നിധ്യത്തില്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
പ്രസവത്തിന് രണ്ടാമത് പ്രവേശിപ്പിച്ച സ്ത്രീയാണ് ആദ്യം പ്രസവിച്ചത്. ഇത് മനസ്സിലാക്കാതെ ആദ്യം ലേബര്‍ റൂമില്‍ അഡ്മിറ്റ് ചെയ്ത സ്ത്രീയുടെ ‘ഭര്‍ത്താവിന് കുട്ടിയെ നല്‍കുകയായിരുന്നു. കൈപ്പിഴ മനസ്സിലാക്കി ആശുപത്രി അധികൃതര്‍ കുട്ടികളെ തിരികെ നല്കി. സംഭവം വിവാദമായതിനെ തുടര്‍ന്ന് നഴ്സിംഗ് സൂപ്രണ്ട് ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചു. സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ഡ്യൂട്ടിയിലുള്ള നഴ്സുമാരുടെയും ജൂനിയര്‍ ഡോക്ടര്‍മാരുടെയും തലയില്‍ ഉത്തരവാദിത്തം കെട്ടിവയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജൂനിയര്‍ ഡോക്ടര്‍മാരും നഴ്സുമാരും ആരോപിച്ചു.
മാസങ്ങള്‍ക്ക് മുമ്പ് ഐസിയുവില്‍ ഉണ്ടായ അണുബാധ, പ്രസവിച്ച ഉടനെ കുട്ടിമരിച്ച സംഭവത്തിലും ഉണ്ടായ വിവാദങ്ങളില്‍ ഈ ഡോക്ടര്‍ ഉള്‍പ്പെട്ടിട്ടും രാഷ്ട്രീയ പിന്‍ബലത്തിലാണ് നിലനിന്ന് പോകുന്നത്. എന്നാല്‍ മെഡിക്കല്‍ കോളേജിന്റെ ശുചിത്വത്തിലും, രോഗികള്‍ക്ക് ആവശ്യത്തിന് മരുന്ന് എത്തിക്കുന്നതിലും ഈ ഡോക്ടറുടെ ‘ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടാകുന്നുണ്ട്. പരാതി പെട്ടാല്‍ രാഷ്ടീയ സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീര്‍ക്കുന്നതാണ് പതിവ്. ആരോഗ്യവകുപ്പ് മന്ത്രി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്നില്ലെന്നും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഇബ്രാഹിം കുഞ്ഞ് മെഡിക്കല്‍ കോളേജിനായി ഒരുവിധ ഫണ്ടും അനുവദിക്കുന്നില്ലെന്നും വ്യാപകമായ ആക്ഷേപമുണ്ട്.
ആശുപത്രി വികസന സമിതി ഉണ്ടായിട്ടും ഇത്തരം പരാതികളില്‍ ഇടപെടുകയോ അന്വേഷണം നടത്തുകയോ ചെയ്യാത്തതില്‍ രോഗികള്‍ക്കും അമര്‍ഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: