കൊച്ചി: മഴ തുടങ്ങിയതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുകയാണ്. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വയറിളക്കരോഗവും ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ പകര്‍ച്ചവ്യാധികള്‍ ജില്ലയിലാകെ പടരുമ്പോഴും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് ആരോഗ്യവകുപ്പ് അധികൃതര്‍ പരാജയപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നു.
അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും മലേറിയ പിടിപെട്ടവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. 85 പേരാണ് മലേറിയ ബാധിച്ച് ചികിത്സ തേടിയിട്ടുള്ളത്. ജില്ലയില്‍ ഈ വര്‍ഷം വയറിളക്കരോഗം പിടിപെട്ടവരുടെ എണ്ണം 19,219 ആണ്. 200 ഓളം പേര് ഡെങ്കിപ്പനി പിടിപെട്ട് ചികിത്സയിലുണ്ട്. പെരുമ്പാവൂര്‍, അങ്കമാലി, കാലടി, എടക്കാട്ടുവയല്‍, കാഞ്ഞൂര്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി വ്യാപകമായിരിക്കുന്നത്.
സ്വകാര്യ ആശുപത്രികളില്‍ വരാന്തയില്‍ വരെയാണ് രോഗികളെ കിടത്തി ചികിത്സിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലാകട്ടെ വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ മണിക്കൂറുകളോളം കാത്തുനിന്നശേഷമാണ് രോഗികള്‍ക്ക് ഡോക്ടര്‍മാരെ കാണാന്‍ കഴിയുന്നത്. ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല.
ജലജന്യരോഗങ്ങളാണ് കൂടുതലായി പടരുന്നതെന്നാണ് വ്യക്തമാകുന്നത്. കൊച്ചി നഗരത്തിലെ ടാങ്കര്‍ ലോറിയില്‍ എത്തുന്ന കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ കൂടുതലുള്ളതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ടാങ്കര്‍ വണ്ടികളില്‍ എത്തിക്കുന്ന കുടിവെള്ളം പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: