തോട്ടപ്പള്ളി: പുറക്കാട് പഞ്ചായത്ത് ഭരണസമിതിയുടെ ഒത്തുകളി. തോട്ടപ്പള്ളി ആനച്ചിറ, ആലുംമൂട് പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍. ടിഎസ് കനാലിന് ആഴം കൂട്ടിയപ്പോള്‍ ലഭിച്ച മണല്‍ ഉപയോഗിച്ച് താഴ്ന്ന പ്രദേശങ്ങള്‍ നികത്തണമെന്ന കളക്ടറുടെ നിര്‍ദേശം കാറ്റില്‍പ്പറത്തിയതാണ് പ്രദേശവാസികള്‍ വെള്ളക്കെട്ടിലാകാന്‍ കാരണമായത്.
രണ്ടുവര്‍ഷം മുമ്പാണ് ദേശീയജലപാതയുടെ വികസനവുമായി ബന്ധപ്പെട്ട് ടിഎസ് കനാല്‍ ആഴം കൂട്ടിയത്. ഇതുവഴി ലഭിക്കുന്ന മണല്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലം കണ്ടെത്തി അവിടെ ശേഖരിച്ച ശേഷം പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങള്‍ ഉയര്‍ത്തുവാനായിരുന്നു തീരുമാനം. എന്നാല്‍ ഡ്രഡ്ജിങ് തുടങ്ങിയപ്പോള്‍ തന്നെ ചിലര്‍ മണല്‍ വിറ്റ് ലക്ഷങ്ങള്‍ തട്ടാന്‍ നീക്കം തുടങ്ങി. പിന്നീട് പഞ്ചായത്ത് ഭരണസമിതിയും 3,500 രൂപ മുതല്‍ 17,500 രൂപ വരെ വിലയിട്ട് മണല്‍ വില്ക്കാന് ശ്രമം തുടങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു.
ഒടുവില്‍ കളക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിക്കുകയും ഇതിന് പ്രകാരം ഡ്രഡ്ജ് ചെയ്യുമ്പോള്‍ ലഭിക്കുന്ന മണല്‍ നിലം നികത്തുന്നതടക്കമുള്ളവയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും സാധാരണക്കാരില്‍ നിന്നും പഞ്ചായത്ത് വാങ്ങിയ തുക തിരികെ നല്‍കണമെന്നും നിര്‍ദേശിച്ചു. പണം വാങ്ങാതെ പ്രദേശത്തെ വെള്ളക്കെട്ടില്‍ താമസിക്കുന്നവരുടെ ഭൂമി ഉയര്‍ത്തി നല്‍കണമെന്നും തീരുമാനമെടുത്തു.
ബാക്കി മണല്‍ തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാ. കമ്മറ്റി ചെയര്മാന് എന്നിവര്‍ ഉള്‍പ്പെട്ട മോണിറ്ററിങ് കമ്മറ്റി രൂപീകരിച്ച് യുക്തിസഹമായ തീരുമാനമെടുത്ത് വിതരണം ചെയ്യണമെന്നുമായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇടതുപക്ഷം ഭരിക്കുന്ന പുറക്കാട് പഞ്ചായത്ത് ഭരണസമിതി നിര്‍ധനരായ നിരവധി കുടുംബങ്ങളെ വെള്ളക്കെട്ടിലാക്കിയിരിക്കുന്നത്.
മത്സ്യത്തൊഴിലാളികളും കൂലിവേലക്കാരും കൃഷിപ്പണിക്കാരും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം രണ്ടുവര്‍ഷമായി വെള്ളക്കെട്ടിലാണ്. പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുവാന്‍ സാദ്ധ്യതയുള്ള തരത്തില്‍ ഓരോ വീടും വെള്ളക്കെട്ടിലാണ്. കെട്ടിക്കിടക്കുന്ന വെള്ളം എവിടെയും ഒഴുക്കിവിടുവാന്‍ സാധിക്കാതെ കൊതുകും ഇഴജന്തുക്കളും പെരുകിക്കഴിഞ്ഞു. പല വീടുകള്‍ക്ക് മുന്നിലും രൂപപ്പെട്ട വന്‍ കുഴികളിലാണ് ഇത്തരത്തില്‍ വെള്ളക്കെട്ട് അനുഭവപ്പെടുന്നത്. നിലവില്‍ അടിച്ചുകൂട്ടിയിട്ടിരിക്കുന്ന മണല്‍ സമീപത്തെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ കടത്തിക്കൊണ്ടുപോയിട്ടും പഞ്ചായത്ത് നടപടിയെടുക്കാന്‍ തയാറായിട്ടില്ല. അടിയന്തരമായി വിഷയത്തില്‍ കളക്ടര്‍ ഇടപെടണമെന്നും പ്രദേശം സന്ദര്‍ശിക്കണമെന്നും ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: