ചേര്‍ത്തല: റാഗിങിനെക്കുറിച്ച് പരാതി നല്‍കിയതിന് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥിയുടെ വലതു കണ്ണിന് സാരമായ ക്ഷതം സംഭവിച്ചതായി മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തി. മുഖത്തെ അസ്ഥിക്കും ഒടിവുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന പാല പൂവരണി പുളിമൂട്ടില്‍ ജിസ്മോന് സെബാസ്റ്റ്യ(23)നാണ് ചേര്‍ത്തലയിലെ സ്വകാര്യ ഐടിഐ കോളജില്‍ ആക്രമിക്കപ്പെട്ടത്.
മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ശല്യം സഹിക്കവയ്യാതെ ജിസ്മോന് കഴിഞ്ഞ 26ന് ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. ഇതറിഞ്ഞ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ജിസ്മോനെ ക്ലാസ് മുറിയിലിട്ട് ചവിട്ടുകയും ഭിത്തിയില്‍ ചേര്‍ത്ത് ഇടിക്കുകയുമായിരുന്നുവെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ ജിസ്മോനെ ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
പോലീസില്‍ നേരത്തെ നല്കിയ പരാതിയില്‍ നടപടി ഉണ്ടാവാത്തിനാല്‍ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജിസ്മോന്റെ മൊഴിയെടുത്ത് ഏഴ് പേരെ പ്രതിയാക്കി ചേര്‍ത്തല പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷേ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം തുടങ്ങിയതായും റാഗിങ് നടന്ന കോളജില്‍ ഇന്ന് സാക്ഷികളുടെ മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: