കോട്ടയം: കാഴ്ച വൈകല്യമുള്ള കുട്ടികള്‍ക്ക് വേണ്ടി കേരളത്തിലെ ആദ്യത്തെ ഹൈസ്കുള് വിഭാഗം ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ ആരംഭിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുട്ടികളില്‍ ഉണ്ടാകുന്ന വൈകല്യങ്ങള്‍ അഞ്ച് വയസ്സിന് മുമ്പുതന്നെ ചികിത്സയിലൂടെ ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ഇതിനുള്ള ചെലവ് എത്രഏറിയാലും സര്‍ക്കാരിന്റെ ഇടപെടല്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാനസിക വൈകല്യം ബാധിച്ച കുട്ടികളെ പഠിപ്പിക്കുന്ന സര്‍ക്കാരിതര സ്കൂളുകള്‍ക്കും അംഗീകാരം നല്‍കും. ഹയര്‍ സെക്കന്ററിയ്ക്ക് പഠിക്കുന്ന അന്ധവിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും നിലവിലെ ഹോസ്റ്റല്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സര്‍വ്വ ശിക്ഷ അഭിയാന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സൗജന്യ യൂണിഫോം വിതരണം ജോസ് കെ. മാണി എംപി ചടങ്ങില്‍ നിര്‍വ്വഹിച്ചു. കഴിഞ്ഞ എസ് എസ് എല്‍ സി, പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മുഹമ്മദ് അജ്മല്‍, അബി ജോണി എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ സുരേഷ് കുറുപ്പ് എംഎല്‍എ സമ്മാനിച്ചു.
ജില്ലാ പഞ്ചായത്ത് അനുവദിച്ച കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി സ്കൂള്‍ അധികൃതര്‍ക്ക് കൈമാറി സ്കൂളിന്റെ ജൂബിലിയോടനുബന്ധിച്ച് തയ്യാറാക്കിയ ആല്‍ബം ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പെഴ്സണ്‍ സുധാ കുര്യന് പ്രകാശനം ചെയ്തു. ലളിത സുജാതന്‍, ബീന ബിനു, മറിയാമ്മ ബാബു, ലിയാമ്മ ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര് ഇ.ജെ കുര്യന് സ്വാഗതവും ഗൗരി എം.കെ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: