ആധുനിക യുഗനവോത്ഥാനത്തിനു നേതൃത്വം നല്കിയ ശ്രീരാമകൃഷ്ണ പരമഹംസരും ശിഷ്യോത്തമനായ സ്വാമി വിവേകാനന്ദനും അനുഷ്ഠിച്ച ലോകസേവനത്തെ എന്നെന്നും വായനക്കാരിലെത്തിക്കാന്‍ പരിശ്രമിച്ചവര്‍ ഒരുപാടുണ്ട്.
വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ രാജീവ് ഇരിങ്ങാലക്കുട അവരെക്കുറിച്ച് ശ്രീരാമകൃഷ്ണ – ”വിവേകാനന്ദ സാഹിത്യം മലയാളത്തില്‍” എന്ന പുസ്തകത്തില്‍ വിവരിക്കുന്നു. ”ശ്രീരാമകൃഷ്ണ കഥാമൃതം” വിശ്വസാഹിത്യത്തിന്റെ ഭാഗമായിത്തീരുന്നതിന് മുമ്പുതന്നെ ശ്രീരാമകൃഷ്ണ പരമഹംസര്‍ വിശ്വപ്രസിദ്ധനായി മാറിയിരുന്നുവെന്നും ഈ പുസ്തകം വ്യക്തമാക്കുന്നു.
മഹത്തായതെന്തും ആത്മാവിന്റെ പ്രകാശനമാകുന്നതുപൊലെ ഈ സംരംഭവും വളരെ നീണ്ടകാലത്തെ പരിശ്രമത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളുടെ വ്യക്തമായ അവതരമമാണ്. നമ്മുടെ കാലഘട്ടത്തില്‍വികസനോന്മുഖമായ കാര്യങ്ങളെ മുഴുവന്‍ പുനഃസൃഷ്ടിക്കാനുതകുന്ന ഭാരതീയ വീക്ഷണമെന്തന്ന് അന്വേഷിക്കുന്നവര്‍ക്ക് എക്കാലത്തും സഹായകമായേക്കാവുന്ന ഒരു രേഖ- എന്ന അവതാരകനായ അക്കിത്തത്തിന്റെ ആശയം ഒട്ടും അതിശയോക്തി അല്ലെന്ന് ഈ ഗ്രന്ഥത്തിലൂടെ കടന്നു പോകുന്ന ഏത്ആസ്വാദകനും ബോധ്യമാകും.
ഭാരതീയ ദര്‍ശനങ്ങള്‍ സ്വായത്തമാക്കാന്‍ പരിശ്രമിക്കുന്ന ഒരു സാധകനേ ഇത്തരം ആശയങ്ങള്‍ ഉണര്‍വ്വേകൂ. ആ പ്രചോദനമാണ് ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തേയും അതിലൂടെ ജനമനസ്സുകളിലേക്ക് എത്തേണ്ട പുരോഗമനാശയങ്ങളെ വ്യക്തമാക്കാന്‍ ഈ പുസ്തകത്തിലൂടെ രാജീവ് ഇരിങ്ങാലക്കുടയെ പ്രേരിപ്പിക്കുന്നത്.
ശ്രീരാമകൃഷ്ണ വിവേകാനന്ദ സാഹിത്യം ഭാരതീയ സാഹിത്യത്തില്‍ ചെലുത്തിയ സ്വാധീനം വിവരിച്ച് ഹിന്ദി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, സംസ്കൃതം, ബംഗാളി, മറാത്തി എന്നീ ഭാഷകളിലുള്ള കൃതികള്‍ ഇതില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. തുടര്‍ന്ന്, ഈ ആശയങ്ങളില്‍ പ്രചോദിതരായ സാഹിത്യകാരന്മാര്, സാംസ്കാരിക നായകന്മാര്, സന്യാസി ശ്രേഷ്ഠന്മാര്, എന്നിവരെയൊക്കെ കലാഗണനയുടെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അക്കാലത്ത് ജീവിച്ചിരുന്ന മിക്ക മലയാള എഴുത്തുകാരും ആത്മീയ ഗുരുക്കന്മാരും ഇതില്‍ പഠനവിധേയരാകുന്നുണ്ട്.
ശ്രീരാമകൃഷ്ണ വിവേകാനന്ദ സാഹിത്യത്തിന്റ ആകര്‍ഷണ വലയത്തില്‍പ്പെട്ട ശ്രദ്ധേയനായ കേരളത്തിലെ ആദ്യത്തെ മഹാകവി കുമാരനാശാന് ആണെന്ന് രാജീവ് ഇരിങ്ങാലക്കുട രേഖപ്പെടുത്തുന്നുണ്ട്. ആശാന്റെ വംഗദേശവാസവും അവിടെ നിന്ന് മടങ്ങുമ്പോള്‍ ആത്മാവില്‍ ആവാഹിച്ചുകൊണ്ടു പോന്ന വിവേകാനന്ദന്റേയും ടാഗോറിന്റേയും ചിന്താഗതികളും അദ്ദേഹത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിരുന്നു എന്നതിന്റെ തെലിവുകള്‍ ഇതില്‍ വിവരിക്കുന്നുണ്ട്. വള്ളത്തോളിന്റെ കവിതകള്‍ക്ക് ഈ വിഷയത്തിലുള്ള സ്വാധീനം ഉദാഹരിക്കാന്‍ ”നരേന്ദ്രന്റെ പ്രാര്‍ത്ഥന”, ”ഒരു കൃഷ്ണപ്പരുന്തിനോട്” എന്നീ കവിതകള്‍ എന്നീ കവിതകള്‍ അവലോകനം ചെയ്യുന്നുണ്ട്.
‘ഭാരത പര്യടനം’ എഴുതിയ നിശിത ബുദ്ധിയായ കുട്ടിമാരാര്‍ ”നേശേ ബലസ്യേതി ചരേദധര്‍മ്മം” എന്നതിനു കൊടുത്ത വ്യാഖ്യാനവും കാലംകൊണ്ട് സ്വചിന്തയില്‍ ‘ഇന്നായിരുന്നുവെങ്കില്‍ ഞാനങ്ങനെ എഴുതില്ലായിരുന്നു’ എന്ന തോന്നലും വരുത്താനിടയാക്കിയത് ത്രൈലോക്യാനന്ദ സ്വാമികളുടെ സഹവാസത്തിനാലാണെന്ന വസ്തുതയും ഇവിടെ വിവരിക്കുന്നു.
ശ്രീരാമനെ പ്രതിക്കൂട്ടില്‍ കയറ്റിയും കര്‍ണ്ണനുവേണ്ടി സാക്ഷിക്കൂട്ടില്‍ കയറിയും സവിശേഷനായിത്തീര്‍ന്ന മാരാര്‍ക്കുണ്ടായ പരിവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. ക്ലാസ്സിക്കല്‍ പാരമ്പര്യത്തില്‍ വളര്‍ന്നതും കാലഘട്ടത്തിന്റെ പ്രവണതകള്‍ ഉള്‍ക്കൊണ്ടും വഴിമാറി ഒഴുകിയ കുശാഗ്രബുദ്ധിയായ മാരാര്‍ പാരമ്പര്യത്തിന്റേയും പുരോഗമനത്തിന്റേയും നന്മകള് സമന്വയിക്കുന്ന പുതിയൊരു പാതയിലേക്കു നയിച്ചത് ശ്രീരാമകൃഷ്ണ വിവേകാനന്ദ സാഹിത്യത്തിന്റെ സ്വാധീനമാണെന്ന് രാജീവ് ഇരിങ്ങാലക്കുട പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആര്‍ഷ സംസ്കാരത്തോടും മാതൃഭൂമിയോടും സ്വാമി വിവേകാനന്ദനുണ്ടായിരുന്ന അദമ്യമായ ആരാധന ഏറ്റുവാങ്ങിയ മഹാകവി പി. കുഞ്ഞിരാമന് നായര്‍ ഭാരത സംസ്കാരത്തിന്റെ ഭാസുര പ്രതിബിംബം വിവേകാനന്ദപ്പാറയില്‍ ജ്വലിച്ചു നില്ക്കുന്നകാഴ്ച ഹൃദ്യമായി വര്‍ണ്ണിക്കുന്നുണ്ട്. കൂടാതെ വിവേകാനന്ദ വാണി അമൃതായി അനുഭവപ്പെട്ടിരുന്ന ഓട്ടൂരം ഈ പുസ്തകത്തില്‍ പരാമൃഷ്ടനായിട്ടുണ്ട്. എന്‍. വി. കൃഷ്ണവാര്യരുടെ സാഹിത്യാദര്‍ശത്തിലും ദേശാഭിമാന പ്രചോദനമായിത്തീര്‍ന്ന ബോധേശ്വരന്റെ ചിന്താഗതികളിലും മറ്റും ഭാരതീയ നവോത്ഥാനത്തിന്റെ ദീപസ്തംഭമായി വിശ്രുതനായ വിവേകാനന്ദ സ്വാമികളുടെ സ്വാധീനം പ്രകടമാണെന്ന കാര്യവും ഈ പുസ്തകത്തിലൂടെ മനസ്സിലാക്കാം.
മാടമ്പു കുഞ്ഞുകുട്ടന്റെ സാഹിത്യ ജീവിതത്തിലെ വ്യതിയാനം വ്യക്തമാക്കുന്ന ‘അമൃതസ്യപുത്ര’ എന്ന നോവലിന്റെ പഠനത്തിലൂടെ ബംഗാളില്‍ ജനിച്ച ശ്രീരാമകൃഷ്ണ ദേവന്റ ചരിത്രം മലയാളി മനസ്സിനു പാകമായത് കേവലം രണ്ടുപുറംകൊണ്ട് ഇവിടെ വ്യക്തമാക്കുന്നു. സ്വാമി വിവേകാനന്ദന് കേരളീയ സാഹിത്യത്തിന്റെ ഉണര്‍ത്തുപാട്ടായി ആദ്യകാല വിപ്ലവകാരികള്‍ക്ക് പ്രചോദനകേന്ദ്രമായി നിലകൊള്ളുന്നുവെന്ന കാര്യവും ഇതില്‍ അനാവരണം ചെയ്യുന്നുണ്ട്.
സ്വാമികളുട കവിതകളെ ആദ്ധ്യാത്മിക ചിന്തകനായ സുബ്രഹ്മണ്യന് തിരുമുല്‍പ്പ് ദ്രാവിഡ സംസ്കൃത വൃത്തങ്ങളില്‍ പരിഭാഷപ്പെടുത്തിയിരുന്ന കാര്യവും ഇതില്‍ അനുസ്മരിക്കുന്നു.
ചുരുക്കത്തില്‍ വേദാന്തത്തെ കാലോചിതമായി വ്യാഖ്യാനിക്കുന്നതാണ് ശ്രീ രാമകൃഷ്ണ വിവേകാനന്ദ സാഹിത്യത്തിന്റെ സവിശേഷതയെന്ന് രാജീവ് ഇരിങ്ങാലക്കുട ഈ ഗ്രന്ഥത്തിലൂടെ വ്യക്തമാക്കുന്നു.
ശ്രീരാമകൃഷ്ണ –
”വിവേകാനന്ദ സാഹിത്യം
മലയാളത്തില്‍.
രാജീവ് ഇരിങ്ങാലക്കുട
കേരള സാഹിത്യ അക്കാദമി
വില: 130 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: