കൊച്ചി: മൈസൂര്‍ ആസ്ഥാനമായുള്ള കര്‍ണ്ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്സിറ്റി(കെഎസ്ഒയു)യുടെ കീഴില്‍ വിവിധ കോഴ്സുകളില്‍ രജിസ്റ്റര്‍ ചെയ്തുപഠിക്കുന്ന കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ടെക്നിക്കല്‍ സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന്(ടിഎസ്ഒ) സംഘടിപ്പിച്ച ടെക്നിക്കല്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മ ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി നടത്തുന്ന കോഴ്സുകള്‍ക്ക് അംഗീകാരമുണ്ടായിരിക്കുന്നതല്ലെന്നും പിഎസ്സിയോ മറ്റ് ഏജന്‍സികളോ ഇത് യോഗ്യതയായി അംഗീകരിക്കുന്നതല്ലെന്നും ഉപരിപഠനത്തിന് അര്ഹതയുണ്ടായിരിക്കുന്നതല്ലെന്നുമുള്ള യുജിസിയുടെ അറിയിപ്പ് വന്നതിനെത്തുടര്‍ന്ന് ഇന്ത്യയിലെമ്പാടുമുള്ള കെഎസ്ഒയു കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ത്രിശങ്കുസ്വര്‍ഗത്തിലാണ്.
യുജിസി അറിയിപ്പ് വന്നതിനുശേഷം ഈ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചുമാണ് മുന്നോട്ടുപോകുന്നത്. ഫലത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെവച്ചുപന്താടുകയാണ് സ്ഥാപനമേധാവികള്‍. ഈ സാഹചര്യത്തിലാണ് ടെക്നിക്കല്‍ സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മ സംഘടിപ്പിച്ചത്.
എറണാകുളം സി.അച്യുതമേനോന് ഹാളില്‍ ചേര്‍ന്ന കൂട്ടായ്മ എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി ബിനുബേബി ഉദ്ഘാടനം ചെയ്തു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ കടയ്ക്കല്‍ കത്തിവച്ചുകൊണ്ട് അനൗപചാരിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ രാജ്യമെമ്പാടും പടര്‍ത്തിയതിന്റെ ഫലമായാണ് ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അരക്ഷിതാവസ്ഥയിലാകുന്നതും ചൂഷണം ചെയ്യപ്പെടുന്നതുമെന്ന് ബിനുബേബി പറഞ്ഞു. വിദ്യാഭ്യാസരംഗത്തെ ജനവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണം.
സാമൂഹ്യ ഉത്തരവാദിത്തമെന്ന നിലയില്‍ വിദ്യാഭ്യാസത്തിന്റെ ആകമാന ചുമതല ഗവണ്മെന്റിനാണെന്നും അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കേണ്ടത് സര്ക്കാരുതന്നെയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ അധികാരികളോട് ആവശ്യപ്പെട്ടു. ടിഎസ്ഒ ജില്ലാ പ്രസിഡന്റ് കെ.ഒ.സുധീര്‍ അദ്ധ്യക്ഷത വഹിച്ച കൂട്ടായ്മയില്‍ സെക്രട്ടറി കെ.പി.സാല്‍വിന്‍ വിഷയാവതരണം നടത്തി.
രക്ഷിതാക്കളായ എം.ജെ. ജേക്കബ്, കൃഷ്ണന്‍കുട്ടി, അജിത, പി.കെ.പുരുഷന്, മല്ലിക എന്‍, കുഞ്ഞുമോന് എന്നിവരും ടിഎസ്ഒ ജില്ലാ വൈസ്പ്രസിഡന്റുമാരായ നികില്‍ സജി തോമസ്, ജിതിന് ബാബു, ആദര്‍ശ്, ജോ.സെക്രട്ടറിമാരായ അകില് മുരളി, ബോവാസ് എം.ജെ, ഡാര്വിന് തുടങ്ങിയവരും പ്രസംഗിച്ചു. പ്രശ്നത്തിന് ന്യായമായ പരിഹാരം ഉണ്ടാകുന്നതുവരെയുള്ള ശക്തമായ സമരപരിപാടികള്‍ക്ക് കൂട്ടായ്മ രൂപം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: