കൊല്ലം ജില്ലയിലെ വെട്ടിക്കവല പഞ്ചായത്തിലാണ് പൗരാണികമായ വെട്ടിക്കവല മഹാദേവേക്ഷേത്രങ്ങള്‍. വാതുക്കല്‍ ഞാലിക്കുഞ്ഞ് എന്ന ദിവ്യ പ്രതിഷ്ഠയിലൂടെ പ്രസിദ്ധമായ ക്ഷേത്രം. ചെങ്കോട്ട റോഡിലെ ചെങ്ങമനാട്ടു നിന്നുള്ള വഴിയും തിരുവനന്തപുരം റോഡിലെ സദാനന്ദപുരത്തുനിന്നുള്ള പാതയും സന്ധിക്കുന്ന കവലയിലാണ് ക്ഷേത്രം. പണ്ട് ഈ കവലയിലൊരു വെട്ടിമരം ഉണ്ടായിരുന്നു. വെട്ടിനിന്ന കവല-വെട്ടിക്കവല എന്നായി.
തലമുറകള്‍ക്ക് ആത്മീയ ചൈതന്യം പകര്‍ന്നു നല്‍കിയ രണ്ടു മഹാക്ഷേത്രങ്ങള്‍ ഒരേ ഒരു വളപ്പില്‍. ജ്യോതിര്‍ലിംഗ മൃത്യൂഞ്ജയ മൂര്‍ത്തീഭാവത്തില്‍ മേലൂട്ടായി പരമശിവനെയും ദ്വാദശനാമമൂര്‍ത്തീഭാവത്തില്‍ കീഴൂട്ടായി വിഷ്ണുവിനെയും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. വിശാലമായ കല്പടവുകള്‍ രണ്ടു ക്ഷേത്രങ്ങളെയും ബന്ധിപ്പിക്കുന്നു.രണ്ടു ശ്രീകോവിലുകളും നാലമ്പലങ്ങളും ഗോപുരങ്ങളും ചുറ്റുമതിലുകളുംമണിക്കിണറുംനിത്യവും ഇവിടെ എത്തുന്ന ഭക്തരെ ആകര്‍ഷിക്കുന്നു.അതുപോലെ വലിയ ബലിക്കല്ലും ദാരുശില്പങ്ങള്‍ അഴകൊരുക്കുന്ന ബലിക്കല്‍പ്പുരയും ആനക്കൊട്ടിലും പെരുങ്കുളവുമുണ്ട്.
മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകള്‍ അനുസ്മരിപ്പിക്കുന്ന ശില്പുള്ള നമസ്‌കാരമണ്ഡപവും ചിത്രത്തൂണും തീര്‍ത്ഥാടകരുടെ കണ്ണിന് വിരുന്നൊരുക്കും.ധര്‍മ്മശാസ്താവ്, കന്നിമൂല ഗണപതി, കാവുടയാന്‍, യോഗീശ്വരന്‍, യക്ഷിയമ്മ, അറുകൊല, ബ്രഹ്മരക്ഷസ്, ശ്രീഭൂതത്താന്‍, മസൂരിമാടന്‍, അപ്പൂപ്പന്‍,നാഗരാജാവ്, നാഗയക്ഷി തുടങ്ങിയവര്‍ക്കുള്ള ഉപദേവാലയങ്ങളും കൂത്തമ്പലവും കളത്തട്ടും, ആല്‍ത്തറയും എല്ലാം ഭക്തര്‍ക്ക് ആനന്ദവും ശാന്തിയുമേകുന്നു. അതുകൊണ്ടാണ് ഇവിടെ ഭജനമിരുന്ന് മാനസിക വിഭ്രാന്തിപോലുള്ള രോഗങ്ങള്‍ മാറ്റാനും ആളുകള്‍ എത്തുന്നത്.
മേലൂട്ടി ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകളില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നത് വാതുക്കല്‍ ഞാലിക്കുഞ്ഞാണ്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് സല്‍സന്താനഭാഗ്യത്തിനും ശിശുക്കളുടെ ബാലാരിഷ്ടതകള്‍ മാറ്റുന്നതിനും വാതുക്കല്‍ ഞാലിക്കുഞ്ഞിന് കരിവളയും പാലും പഴവും മറ്റു വഴിപാടുകളും ഭക്തര്‍ സമര്‍പ്പിക്കുന്നു. നാലമ്പലത്തിനുള്ളില്‍ കുന്നുകൂടിക്കിടക്കുന്ന പാവകളും കളിയൂഞ്ഞാലും കരിവളകളും കണ്ടാല്‍ ഇതൊന്നും കളിയല്ലയെന്ന്ആര്‍ക്കും ബോധ്യമാകും.
വെട്ടിക്കവലയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലെ അനുജന്‍ നമ്പൂതിരി വിവാഹിതനായി. അധികനാള്‍ കഴിയുന്നതിനു മുന്‍പുതന്നെ മരിച്ചുപോയി.
ആ സമയത്ത് അന്തര്‍ജ്ജനം ഗര്‍ഭിണിയായിരുന്നു. എന്നാല്‍ അന്തര്‍ജ്ജനത്തിന് അവിഹിത ഗര്‍ഭമാണെന്ന് ജ്യേഷ്ഠന്‍ നമ്പൂതിരി പറഞ്ഞു പരത്തി. കുടുംബസ്വത്ത് കൈവശമാക്കാനായിരുന്നു ഈ ആരോപണം. ഇതിനിടയില്‍ അന്തര്‍ജ്ജനത്തെ മഠത്തില്‍ നിന്നു പുറത്താക്കാനും മടിച്ചില്ല.പൊതുവഴിയില്‍ അലഞ്ഞ ആ സാധുസ്ത്രീ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിനെ പാടവരമ്പത്ത് ഉപേക്ഷിച്ചശേഷം അവര്‍ എവിടെയോ മറഞ്ഞു. തേജസ്സുറ്റ ആ കുഞ്ഞിനെ അതുവഴി നടന്ന ഒരു ഊരാളി എടുത്തു വളര്‍ത്തി. പാലും പഴവും കൊടുത്ത് ഉറക്കിയശേഷം അയാള്‍ ജോലിക്കു പോവുക പതിവായിരുന്നു. ഊരാളിയെ അപ്പൂപ്പന്‍ എന്നാണ് കുഞ്ഞ് വിളിച്ചിരുന്നത്.
കുഞ്ഞു പറഞ്ഞതുപ്രകാരം ഒരുദിവസം അയാളുടെ മാടത്തിന്റെ വാതിലില്‍ ഒരു ഊഞ്ഞാല്‍ കെട്ടികൊടുത്തു. ഊഞ്ഞാലിന്റെ വള്ളിയില്‍ ഞെരിഞ്ഞമര്‍ന്ന് മരിച്ചുകിടക്കുന്ന കുഞ്ഞിനെയാണ് അയാള്‍ തിരിച്ചുവന്നപ്പോള്‍ കണ്ടത്. ഈ കുട്ടിയാണ് വാതുക്കല്‍ ഞാലിക്കുഞ്ഞായി അറിയപ്പെട്ടത്. ശില്പവേലകളോടെ ചുറ്റും മതില്‍കെട്ടി അപ്പൂപ്പനും ക്ഷേത്രത്തില്‍ സ്ഥാനം നല്‍കിയിരിക്കുന്നു. ഒരു വേട സ്ത്രീ കിഴങ്ങു പറിക്കുമ്പോള്‍ വെട്ടിമരച്ചോട്ടിലിരുന്ന ലിംഗത്തില്‍ ചോര പൊടിഞ്ഞ് ശിവചൈതന്യം കണ്ടെത്തി. ദേവിയുടെ പ്രതിഷ്ഠ ഇവിടെയില്ലെങ്കിലും ഇരണൂര്‍ദേവി നവരാത്രി കാലത്ത് കുടിയിരിക്കാനിവിടെ എത്തുമെന്നാണ് വിശ്വാസം. അതിന്റെ അടിസ്ഥാനത്തിലാണ് നവരാത്രി ഉത്സവം നടത്തുന്നത്.
വെട്ടിക്കവല അഷ്ടമി മഹോത്സവം പ്രസിദ്ധം. തിരുവഷ്ടമിയുടെ തലേദിവസം നടക്കുന്ന പാല്‍പൊങ്കാലയ്‌ക്ക് അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ്. പുതിയ കലത്തില്‍ പാല്‍ തിളപ്പിച്ച് പഴവും പഞ്ചസാരയും ചേര്‍ത്ത് പൊങ്കാല ഇടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: