കോഴിക്കോട്: റിബേറ്റ് കുടിശ്ശികയിനത്തില്‍ ഖാദി മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത് കോടികള്‍. ഇതുമൂലം ഖാദി മേഖല വന്‍പ്രതിസന്ധിയില്‍. അമ്പതോളം വരുന്ന സര്‍വോദയ സംഘങ്ങള്‍ക്കായി സര്‍ക്കാര്‍ 20 കോടി രൂപയാണ് കുടിശ്ശികയായി റിബേറ്റിനത്തില്‍ മാത്രം നല്‍കാനുള്ളത്.
കുടിശ്ശികയും അവഗണനയും കാരണം പലയിടങ്ങളിലും പ്രവര്‍ത്തനം നിലച്ചു. നൂല്‍നൂല്‍പ്പ്, നെയ്ത്ത്, അസംസ്കൃത വസ്തുക്കള്‍ വാങ്ങല്‍ എന്നിവയ്ക്ക് പണമില്ലാതെ സ്ഥാപനങ്ങള്‍ വലയുന്നു. പതിനായിരത്തിന് മീതെ തൊഴിലാളികളാണ് ഇതേത്തുടര്‍ന്ന് ദുരിതത്തിലായത്. വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഈ സ്ഥാപനങ്ങളോട് ധനകാര്യ, സഹകരണ വകുപ്പുകളും ചിറ്റമ്മനയം കാണിക്കുന്നു.
ബജറ്റില്‍ ആവശ്യമായ തുക വകയിരുത്താത്തതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ഈ വര്‍ഷം ജനുവരി മുതല്‍ മിനിമം വേജസ് ഇനത്തിലും 20 കോടിയോളം കുടിശ്ശിക. നൂല്‍പ്പ്, നെയ്ത്ത് തൊഴിലാളികളെയാണ് ഇതു ബാധിക്കുന്നത്.
ഖാദി മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ തൃശൂരില്‍ ഖാദി പ്രവര്‍ത്തക സമ്മേളനം നടത്തി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല. പുതിയ തലമുറയില്‍പ്പെട്ടവര്‍ വരെ ഖാദി ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ ഖാദി മേഖലയോട് അവഗണന തുടരുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാ ബുധനാഴ്ചയും ഖാദി വസ്ത്രം ധരിക്കണമെന്ന പ്രഖ്യാപനം ഉദ്ഘാടനത്തില്‍ മാത്രം ഒതുങ്ങുകയും ചെയ്തു. കൂടാതെ നടപ്പു വര്‍ഷം ഖാദിയുടെ സ്പെഷ്യല്‍ റിബേറ്റിന്റെ കാലയളവ് 108 ദിവസങ്ങളില്‍ നിന്ന് 70 ആയി കുറയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: