കേരളത്തിലെ നൃത്തകലയ്ക്ക് അമൂല്യമായ സംഭാവനകള്‍ നല്കിയ നര്‍ത്തകിമാരില്‍ ഒരാളായ ഡി. കെ. സുന്ദരേശ്വരി അമ്മ ഏഴാം വയസില്‍ നൃത്താഭ്യാസം തുടങ്ങി 75-ാം വയസിലും നൃത്ത സപര്യ തുടരുന്നു. സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ പ്രൊഫസറായിരിക്കെ വിരമിച്ച ഈ അതുല്യ കലാകാരിയുടെ പേരിനൊപ്പം ചേര്‍ക്കാന്‍ അംഗീകാരങ്ങളും നിരവധി. 2006ല്‍ കേരള സംഗീത നാടക അക്കാദമി ആദ്യമായി കേരള നടനത്തിന് പ്രഖ്യാപിച്ച ഗുരുപൂജാ പുരസ്കാരം സുന്ദരേശ്വരിക്കാണ് ലഭിച്ചത്.
ഒരു നൃത്താദ്ധ്യാപക എന്നതിലുപരി നൃത്തത്തെ ഉപാസിക്കുന്ന, നൃത്തത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വത്തിനുടമയാണ് സുന്ദരേശ്വരി. നൃത്തത്തിന്റെ വിവിധ മേഖലകളായ ഭരതനാട്യം, മോഹിനയാട്ടം, കേരളനടനം, കഥകളി തുടങ്ങിയ മേഖലകളില്‍ തന്നോടൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന റെക്കാഡുകളും അംഗീകാരങ്ങളും നിരവധിയാണ്. ഏഴാം വയസില്‍ നൃത്താഭ്യാസം തുടങ്ങിയ ടീച്ചറിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹനം നല്‍കിയത് മെരിലാന്‍ഡ് സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റായിരുന്ന പിതാവ് കൃഷ്ണപിള്ളയാണ്.
14-ാം വയസില്‍ ഡല്‍ഹിയില്‍ നടന്ന ശിശുദിനാഘോഷത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം മുന്‍ പ്രധാന മന്ത്രി നെഹ്റുവിന്റെ മുന്പില് ഭരതനാട്യം അവതരിപ്പിക്കാനായതും അദ്ദേഹത്തില്‍ നിന്ന് മെഡല്‍ വാങ്ങാനായതും ജീവിതത്തില്‍ വഴിത്തിരിവായെന്ന് ടീച്ചര്‍ പറഞ്ഞു. 18-ാം വയസില്‍ സായി നൃത്താലയ എന്ന നൃത്ത വിദ്യാലയം തുടങ്ങിയതും ചരിത്രത്തിന്റെ ഭാഗമായി. തുടര്‍ന്ന് നടനഭൂഷണം കോഴ്സില്‍ ഒന്നാം റാങ്കോടെ പാസായതോടെ കലാനിലയം കൃഷ്ണന് നായരുടെ സ്ഥിരം നാടകവേദിയായ കലാനിലയത്തിന്റെ നാടകവേദിയിലെ സ്ഥിരം നര്‍ത്തകിയായി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത സ്നാപക യോഹന്നാന് എന്നസിനിമയില്‍ കന്യാമറിയത്തെ അവതരിപ്പിച്ച് നടി എന്ന നിലയിലും സ്ഥാനം ഉറപ്പിച്ചു.
ഗുരുകുല സമ്പ്രദായത്തില്‍ കേരളനടനത്തില്‍ ഉപരിപഠനം നടത്തിയതിനുശേഷം സംസ്ഥാന സര്‍ക്കാരിന്റെ ജവഹര്‍ ബാലഭവനില്‍ കേരളനടനം അധ്യാപികയായി. കലാമണ്ഡലം കല്യാണിക്കുട്ടിഅമ്മയുടെ ശിക്ഷണത്തില്‍ മോഹിനിയാട്ടം പഠനം കഴിഞ്ഞതോടെ 1978 ല്‍ സ്വാതി തിരുനാള്‍ സംഗീതകോളേജില്‍ കേരളനടനം അദ്ധ്യാപിയായി. ദൂരദര്‍ശനില്‍ രാധാ മാധവം, തിരുവാതിര എന്നിവ സംവിധാനം ചെയ്ത് അവതരിപ്പിച്ചതോടെ ടെലിവിഷന്‍ രംഗത്തും നിറസാന്നിദ്ധ്യമായി.
കേരളനടനത്തിന്റെ ലോകകലാമേളയില് ഗീതോപദേശത്തിലെ അര്‍ജുനനെ അവതരിപ്പിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റിയത് ജീവിതത്തില്‍ മറക്കാനാനകാത്ത അനുഭവമെന്നാണ് അവര്‍ പറഞ്ഞത്. 1995 മുതല്‍ സ്വാതിതിരുനാള്‍ സംഗീത സഭയിലും 1997 മുതല്‍ ഗുരുഗോപിനാഥ് ട്രസ്റ്റിന്റെയും 1999 മുതല്‍ കലാ ദര്തണയുടെയും സ്ഥിരം അംഗമാണ്. 1997 ലെ സ്വാതി സംഗീതോത്സവത്തില്‍ ശിലാദേവത എന്ന നൃത്തശില്പം സംവിധാനം ചെയ്തതിന് സ്വാതിനിരുനാള് സംഗീതകോളേജിന്റെ പുരസ്കാരം ലഭിച്ചു.1998 ല്‍ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍നിന്ന് നൃത്തവിഭാഗം മേധാവിയായി വിരമിച്ചു. എന്നാല്‍ ഒരു കലാകാരി എന്ന നിലയില്‍ തന്റെ കഴിവുകള്‍ മറ്റുള്ളവര്‍ക്കു പകര്ന്നുന്നല്കാനുള്ള യജ്ഞം ഇന്നും തുടരുന്നു. ഗുരുഗോപിനാഥ് കേരളനടനം ക്ലാസിന്റെ ചുമതല വഹിച്ചു വരുന്നു. തിരുവനന്തപുരം ദൂരദര്ശന്, ഹൈദരാബാദ് ദൂരദര്ശന്, ഡല്‍ഹി ദൂരദര്ശന് എന്നിവിടങ്ങളിലും നൃത്ത പരിപാടികളുടെ വിധികര്‍ത്താവായിരുന്നു.
സ്കൂള്‍ യുവജനോത്സവത്തില്‍ മുന്‍പുണ്ടായിരുന്ന കേരള നടനത്തെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിയതിനാല്‍ കേരള നടനത്തിന് വീണ്ടും അനുമതി ലഭിച്ചു. അങ്ങനെ കേരള നടനത്തില്‍ സ്കൂള്‍ യുവജനോത്സവത്തിന്റെ ആദ്യത്തെ ജഡ്ജാകാന് അവസരം ലഭിച്ചു. അത് ഇന്നും തുടരുന്നു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഡല്‍ഹി ദൂരദര്‍ശനില്‍ ഉണ്ടായിരുന്നതും വാജ്പേയി പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തപ്പോള്‍ ഡല്‍ഹി ദൂരദര്‍ശനില്‍ ഉണ്ടായിരുന്നതും ഒരു നിമിത്തം തന്നെയെന്ന് ടീച്ചര്‍ വിശ്വസിക്കുന്നു. ഭര്‍ത്താവ് പരേതനായ പി. ജനാര്ദനന് നായര്‍. ഏകമകന് സുരേഷിനോടൊപ്പം കവടിയാര്‍ കനകനഗറില്‍ താമസിക്കുകായണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: