ആലപ്പുഴ: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ജില്ലയില്‍ കെടുതി വ്യാപകമായി, കുട്ടനാട്ടില്‍ കിഴക്കന്‍വെള്ളത്തിന്റെ വരവ് തുടങ്ങിയത് ആശങ്കയിലാക്കി. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കുട്ടനാട്ടിലെ മുട്ടാര്‍, രാമങ്കരി പ്രദേശങ്ങളിലെ എല്‍പി, യുപി സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അപ്പര്‍കുട്ടനാട്ടിലടക്കം വെള്ളപ്പൊക്ക കെടുതി രൂക്ഷമായി തുടങ്ങി. ഏസി റോഡില്‍ പലയിടത്തും വെള്ളം കയറിത്തുടങ്ങി. ആലപ്പുഴ നഗരത്തിലടക്കം വെള്ളക്കെട്ട് ജനജീവിതം ദുസഹമാക്കി. തീരത്ത് കലാക്രമണം ശക്തമായി. പുറക്കാട് പഞ്ചായത്തിന്റെ തീരത്ത് ഇന്നലെ അനുഭവപ്പെട്ട കടലാക്രമണത്തില്‍ ഒരു വീട് ഭാഗീകമായി തകര്‍ന്നു. 50 വീടുകള്‍ എത് സമയവും കടല്‍ വിഴുങ്ങുന്ന അവസ്ഥയിലാണ്.
പുറക്കാട് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് പുത്തന്‍നട പുതുവല്‍ വീട്ടില്‍ സുല്‍ത്താന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. നൂറോളം കായ്ഫലമുള്ള തെങ്ങുകള്‍ കടപുഴുകി വീണു. പുത്തന്‍നട ഭാഗത്തെ നാന്നൂറ് മീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി ഇല്ലാത്ത ഭാഗത്താണ് കടല്‍ ആക്രമണം രൂക്ഷമായത്. നിലവില്‍ നാല് പതിറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച കടല്‍ ഭിത്തി കാലാകാലങ്ങളില്‍ പുനഃരുദ്ധാരണം നടത്താത്തതിനാല്‍ സംരക്ഷണ ഭിത്തി തകര്‍ന്ന അവസ്ഥയാണ് പലയിടത്തും. സുനാമി വീടുകളാണ് ഏറെയും കടലാക്രമണ ഭീഷണി നേരിടുന്നത്.
നിലവില്‍ കലാക്രമണത്തെ തടയാന്‍ താത്കാലികമായി സംരക്ഷണ ഭിത്തി കെട്ടുന്നതിന് എട്ടു കോടി രൂപ അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ അനുവദിച്ചിട്ടുണ്ട്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗതയിലാക്കുന്നതിന് അധികാരികള്‍ കാര്യമായ പ്രവര്‍ത്തനം നടത്തുന്നില്ലെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: