കോതമംഗലം: സ്കൂള്‍ വാഹനത്തില്‍ മരംവീണ് ദുരന്തമുണ്ടായ സാഹചര്യത്തില്‍ അപകടഭീഷണി ഉയര്‍ത്തുന്ന വന്മരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റുന്ന നടപടി ആരംഭിച്ചു. ദുരന്തമായ നെല്ലിമറ്റം ഭാഗത്തെ ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ നാട്ടുകാര്‍ സംഘടിച്ച് സ്വമേധയാ വെട്ടിമാറ്റിയിരുന്നു. ഞായറാഴ്ച മന്ത്രി പി.കെ.അബ്ദുറബ്ബ് ഊന്നുകല്ലില്‍ അപകടത്തില്‍ മരിച്ച ഗൗരിയുടെ മൃതദേഹം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ നാട്ടുകാര്‍ ഒന്നടങ്കം മന്ത്രിയോട് മരംവെട്ടുന്ന നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനെ സംബന്ധിച്ച് തനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും സര്‍ക്കാര്‍തലത്തില്‍ ഉടന്തീരുമാനമുണ്ടാകുമെന്നും
അറിയിക്കുകയായിരുന്നു. പൊതുമരാമത്ത് അധികൃതര്‍ കോതമംഗലം പട്ടണത്തിലെയും മറ്റ് ചില സ്ഥലങ്ങളിലേയും അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങളുടെ ചില്ലകളും മരങ്ങളും മുറിച്ച്മാറ്റുന്ന നടപടിയാണ് ആരംഭിച്ചിട്ടുള്ളത്.കച്ചേരിത്താഴം, നെഹ്റു പാര്ക്ക്എന്നിവിടങ്ങളിലെ മീഡിയനുകളിലും വഴിയോരങ്ങളിലും പടര്‍ന്നുപന്തലിച്ച് നില്ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിത്തുടങ്ങി.
നഗരസഭയുടെ നേതൃത്വത്തിലാണ് അടിയന്തരമായി നടപടിതുടങ്ങിയത്. മരത്തിന്റെതലഭാഗം നിലനിര്‍ത്തി ശിഖരങ്ങള്‍ മാത്രമാണ് വെട്ടിമാറ്റുന്നത്. ചുവടുറയ്ക്കാത്ത തണല്‍ മരങ്ങളുടെ ശിഖരങ്ങള്‍ മാത്രംവെട്ടിമാറ്റിയാല് സുരക്ഷിതമാകുമെന്നാണ് നഗരസഭയുടെ വാദം. ഇത് ജനങ്ങള്‍ക്ക് ഭീഷണിയാണ്. കഴിഞ്ഞദിവസം സ്കൂട്ടറില്‍ വരികയായിരുന്ന യുവ വിദ്യാര്‍ത്ഥിയുടെ മേല്‍ മരംവീണ് നടുവൊടിഞ്ഞ സംഭവത്തെതുടര്‍ന്നാണ് ലായതോടെയാണ് നഗരസഭ അധികൃതര്‍ ഞായറാഴ്ച രാവിലെ മുതല്‍ തണല്‍മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിനീക്കിതുടങ്ങിയത്.
സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നഗരത്തിലെ മീഡിയനുകളില്‍ വച്ചുപിടിപ്പിച്ച തണല്‍ മരങ്ങളുടെയും കാലപ്പഴക്കം ചെന്ന മരങ്ങളുടെയും ശിഖരങ്ങളാണ് മുറിച്ചുമാറ്റുന്നത്. ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് നടപടി. 2014ല്‍ മനുഷ്യാവകാശ കമ്മീഷന് അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ച്നീക്കാന്‍ ജില്ലകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം ഇതുവരെയും പാലിക്കപ്പെട്ടിരുന്നില്ല.
നഗരപ്രദേശത്ത് മീഡിയനുകളില്‍ നട്ടുപിടിപ്പിച്ച തണല്‍ മരങ്ങളുടെ ചുവട്ടില്‍ മണ്ണില്ലാതെ വേരുകള്‍ പുറത്ത്കാണുന്ന വിധത്തിലുള്ളവയുടെ ശിഖരങ്ങള്‍ മുറിക്കുന്ന നടപടിയാണ് ആദ്യം തുടങ്ങിയത്. റോഡിന്റെ ഇരുവശങ്ങളിലുമായി വച്ചുപിടിപ്പിച്ച ധാരാളം മരങ്ങള്‍ പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്നുണ്ട്. ഇവയുടെ ശിഖരങ്ങള്‍ മാത്രം വെട്ടിമാറ്റുന്നതിനെതിരെ വ്യാപകപ്രതിഷേധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: