കുണ്ടറ: സര്‍ഗാത്മകതയുടെ സ്വാതന്ത്ര്യം ഉദ്ഘോഷിച്ച പ്രസ്ഥാനമാണ് തപസ്യ കലാസാഹിത്യവേദിയെന്ന് തപസ്യ സംസ്ഥാനസെക്രട്ടറി ഡോ. ആര്. അശ്വതി. അഭിപ്രായങ്ങള്‍ക്കും ആശയാവിഷ്കാരങ്ങള്‍ക്കും മീതെ അധികാര രാഷ്ട്രീയം അടിച്ചമര്‍ത്തല്‍നയം സ്വീകരിച്ച അടിയന്തരാവസ്ഥയിലാണ് തപസ്യ പിറന്നത്.
വി.ടി. ഭട്ടതിരിപ്പാടിനെയും കെ.പികേശവമേനോനെയും പോലൂള്ള സാമൂഹ്യപരിഷ്കര്‍ത്താക്കളായ സാഹിത്യപ്രതിഭകള്‍ തിരിതെളിച്ചുതുടങ്ങിയ തപസ്യ കക്ഷിരാഷ്ട്രീയത്തിന്റെയും സങ്കുചിതമതവാദത്തിന്റെയും തൊഴുത്തില്‍നിന്ന് കലാകാരനെ മോചിപ്പിക്കുകയാണ് ചെയ്തതെന്ന് അശ്വതി ചൂണ്ടിക്കാട്ടി. കിഴക്കേകല്ലടയില്‍ തപസ്യ സാംസ്കാരികയാത്രയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരികസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
പുരോഗമനത്തിന്റെ പേരില്‍ പാരമ്പര്യത്തെയും സംസ്കാരത്തെയും ദേശീയതയെയും അധിക്ഷേപിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന നിലപാടുകള്‍ക്ക് മേല്‍ തപസ്യ വലിയ തിരുത്തല്‍ശക്തിയായി. കലയുടെ പ്രവാഹത്തെ ശുദ്ധദേശീയതയുടെ വഴിയിലേക്ക് ആനയിക്കുകയാണ് തപസ്യയുടെ ദൗത്യം. ഈ മുന്നേറ്റത്തില്‍ നാല്പതാം വയസിലേക്ക് കടക്കുന്ന തപസ്യ കേരളത്തിന്റെ തനിമയെ ഉണര്‍ത്തി പൊതുജീവിതത്തിലേക്ക് പകര്‍ത്താന്‍ കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ തീര്‍ത്ഥയാത്രയ്ക്ക് ഒരുങ്ങുകയാണ്.
തപസ്യ അദ്ധ്യക്ഷനായിരുന്ന മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ എഴുത്തുകാരന്റെ ചേരി സമസൃഷ്ടിസ്നേഹത്തിന്റേതാണെന്ന പ്രഖ്യാപനവുമായി നടത്തിയ ഐതിഹാസികമായ തീര്‍ത്ഥയാത്രയുടെ ഇരുപത്തഞ്ചാം വര്‍ഷമാണിത്. പശ്ചിമഘട്ടവും തീരപ്രദേശവും മലയാള ഭാഷയും മലയാളിയുടെ സംസ്കാരവും വെല്ലുവിളികളേറെ നേരിടുന്ന ഈ കാലഘട്ടത്തില്‍ ‘എന്റെ ഭാഷ, എന്റെ ഭൂമി, എന്റെ സംസ്കാരം’ എന്ന വേദമന്ത്രത്തെ ഉയര്‍ത്തിക്കാട്ടിയാണ് രണ്ടാമത് സാംസ്കാരിക യാത്ര നടക്കാന്‍ പോകുന്നതെന്ന് ഡോ.ആര് അശ്വതി ചൂണ്ടിക്കാട്ടി. നവംബര്‍ 15ന് ആരംഭിക്കുന്ന യാത്രയുടെ സന്ദേശം കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള പരിശ്രമത്തിലാണ് തപസ്യ പ്രവര്‍ത്തകരെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പരിപാടി വയനാട് ജില്ലാ മുന്‍ കളക്ടര്‍ കെ. ഗോപാലന് ഐഎഎസ്ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വീസ് രാഷ്ട്രനന്മയ്ക്ക് എന്ന വിഷയത്തില്‍ പാലാ വിന്‍വേള്‍ഡ് ഫൗണ്ടേഷന് ചെയര്മാന് അഡ്വ. എസ്. ജയസൂര്യന്‍ പ്രഭാഷണം നടത്തി.
തപസ്യ കൊല്ലം ഗ്രാമജില്ലാ സെക്രട്ടറി വി. പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. വിജയധരന്‍, ഡോ.ജി. ഗോപു, എസ്.കെ. ദീപു, മഠത്തില്‍ ഉണ്ണിക്കൃഷ്ണപിള്ള, തപസ്യ ഗ്രാമജില്ലാ പ്രസിഡന്റ് അനില്‍ ഉപ്പൂട്, മഹാനഗര്‍ സെക്രട്ടറി പ്രതിലാല്‍ ശ്രീവത്സം എന്നിവര്‍ സംസാരിച്ചു. പി.എസ്. ഗോപകുമാര്‍ സ്വാഗതവും ജ്യോതികുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: