കൊല്ലം: 2017 നവംബറില്‍ കൊല്ലം ദേശീയപാത ബൈപാസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കമ്മീഷന് ചെയ്യാന്‍ കഴിയുമെന്ന് ദേശീയപാത അതോറിറ്റി ഉന്നതതല ഉദ്യോഗസ്ഥ സംഘാംഗങ്ങള്‍ പറഞ്ഞു. ഇന്നലെ നിര്‍മ്മാണപുരോഗതി വിലയിരുത്താന്‍ പരിശോധന നടത്തിയ ശേഷമാണ് നവംബറില്‍ പണി പൂര്‍ത്തികരിക്കുമെന്ന് ഇവര്‍ പറഞ്ഞത്. ബൈപാസിന്റെ ഇതുവരെയുള്ള നിര്‍മ്മാണത്തില്‍ ആശാവഹമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചു.
കാവനാട് ആല്‍ത്തറമൂട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പരിശോധന പാലത്തിനായുള്ള പൈലിംഗ് നടക്കുന്ന കണിയാംകടവ്, കടവൂര്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തി. കണിയാംകടവ് -കുരിപ്പുഴ പാലം, കടവൂര്‍- മങ്ങാട് പാലം എന്നീ നീളം കൂടിയ പാലങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. പാലങ്ങളുടെ നിര്‍മ്മാണത്തിന് മുന്നോടിയായുള്ള പരീക്ഷണ പൈലിംഗ് പ്രക്രിയ പൂര്‍ത്തിയായിവരുന്നു.
ഭരണപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ആഗസ്റ്റ് ഒന്ന് മുതല്‍ നിര്‍മ്മാണം ആരംഭിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഒന്നര വര്‍ഷത്തോളം വേണ്ടിവരുമെന്ന് കരാറെടുത്ത കമ്പനിയുടെ പ്രതിനിധികള്‍ അറിയിച്ചു. നിര്‍മ്മാണത്തിനാവശ്യമായ പൈലിംഗ് യന്ത്രങ്ങള്‍, കോണ്‍ക്രീറ്റ് മിക്സിംഗ് പ്ലാന്റ്, അനുബന്ധ യന്ത്രസാമഗ്രികള്‍ എന്നിവ എത്തിയിട്ടുണ്ട്. ചരക്ക് നീക്കത്തിനും പൈലിംഗിനുമുള്ള ബാഡ്ജിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. നീരാവില്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
കൊല്ലം ദേശീയപാതയില്‍ കാവനാട് മുതല്‍ മേവറം വരെ വരുന്ന 13 കിലോമീറ്റര്‍ പാതയാണ് 2776 കോടി രൂപ പൂര്‍ത്തിയാക്കുന്നത്. നിലവില്‍ 10 മീറ്റര്‍ വീതിയിലാണ് പാലത്തിന്റെ നിര്‍മ്മാണം. കാവനാട്, കണ്ടച്ചിറ, കടവൂര്‍ എന്നീ മൂന്ന് പാലങ്ങളുടെ നിര്‍മ്മാണവും പദ്ധതിയിലുള്‍പ്പെട്ടിട്ടുണ്ട്. ഭാവിയില്‍ നാലുവരിപ്പാതയായി നിര്‍മ്മിക്കാനാണ് കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ ആലോചന.
നരേന്ദ്രമോദി സര്‍ക്കാരാണ് നാല് പതിറ്റാണ്ടായി മുടങ്ങിക്കിടന്ന ബൈപ്പാസ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടര്‍നടപടിക്ക് അനുമതി നല്‍കിയത്. വികസനത്തിന് സാമ്പത്തികം ഒരു പ്രശ്നമല്ലെന്ന് ഉദ്ഘാടന വേളയില്‍ പറഞ്ഞ കേന്ദ്ര ഗതാഗത ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഡഡ്കരി രണ്ട് വര്‍ഷത്തിനകം പണി പൂര്ത്തിരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഉന്നത സംഘത്തോടൊപ്പം എംപി എന്‍.കെ. പ്രേമചന്ദ്രനും ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: