പൊന്‍കുന്നം: കെഎസ്ആര്‍ടിസി പൊന്‍കുന്നം ഡിപ്പോയുടെ വെള്ളരിക്കുണ്ട് ബസ് സര്‍വ്വീസ് നിര്‍ത്തിയിട്ട് ഒരാഴ്ച. ഡിപ്പോയുടെ ഏക സൂപ്പര്‍ എക്സ്പ്രസ് സര്‍വ്വീസായിരുന്നു ഇത്. പ്രതിദിനം മുപ്പതിനായിരം രൂപയോളം വരുമാനമുള്ള ബസ് നിലച്ചത് ഡിപ്പോ അധികൃതരും ജീവനക്കാരും തമ്മിലുള്ള ധാരണക്കുറവ് മൂലം. ഒരാഴ്ച സര്‍വ്വീസ് നിര്‍ത്തിവച്ചതുമൂലം ഡിപ്പോയുടെ വരുമാന നഷ്ടം രണ്ടുലക്ഷം രൂപയിലേറെ.
ഡ്യൂട്ടിയുടെ എണ്ണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സര്‍വ്വീസ് നടത്തിപ്പിന് തടസം. സൂപ്പര്‍ എക്സ്പ്രസിലെ ജീവനക്കാര്‍ക്ക് നിലവില്‍ നാല് ഡ്യൂട്ടിയാണ് പരിഗണിക്കുന്നത്. 1064 കി.മീ. ദൂരം സര്‍വ്വീസ് നടത്തുന്ന ബസിലെ ജോലി 5 ഡ്യൂട്ടിയായി പരിഗണിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കോട്ടയം, പാലാ ഡിപ്പോകളിലെ 700 കിലോമീറ്ററോളം സര്‍വ്വീസ് നടത്തുന്ന സൂപ്പര്‍ സര്‍വ്വീസുകളില്‍ 4 ഡ്യൂട്ടി നല്കുമ്പോള് ഇതിനേക്കാള്‍ 350 കിലോമീറ്ററിലേറെ ഓടുന്ന വെള്ളരിക്കുണ്ട് സര്‍വ്വീസിന് അഞ്ച് ഡ്യൂട്ടി ന്യായമാണെന്നാണ് ജീവനക്കാരുടെ അഭിപ്രായം.
ഉച്ചകഴിഞ്ഞ് 2ന് പുറപ്പെടുന്ന ബസ് പുലര്‍ച്ചെ 3ന് വെള്ളരിക്കുണ്ടില്‍ എത്തും. അവിടെ നിന്നും പകല്‍ 3ന് തിരിക്കുന്ന ബസ് പിറ്റേന്ന് പുലര്‍ച്ചെ 5ന് പൊന്‍കുന്നത്ത് എത്തും. രണ്ട് രാത്രിയും ഒരു പകലുമാണ് ജീവനക്കാര്‍ വിനിയോഗിക്കുന്നത്. ഇത് നാല് ഡ്യൂട്ടിയായി പരിഗണിക്കുന്നത് അനീതിയാണെന്നും അഞ്ച് ഡ്യൂട്ടി ന്യായമായ ആവശ്യമാണെന്നും വിവിധ തൊഴിലാളി സംഘടനകള്‍ ഡിപ്പോ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ 20 മുതല്‍ ജോലി ബഹിഷ്കരിക്കുമെന്നും ഇവര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയൊന്നും നടക്കാതെ ഈ ദിവസം മുതല്‍ സര്‍വ്വീസ് നിലയ്ക്കുകയും ചെയ്തു. ജീവനക്കാരുടെ ന്യായമായ ആവശ്യം അംഗീകരിക്കാന്‍ ഡിപ്പോ അധികൃതരും കോര്‍പ്പറേഷനും തയ്യാറാകണമെന്ന് ബിഎംഎസ് യൂണിയന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: