കൊച്ചി: 30 പിന്നോക്ക സമുദായങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.വി. പീതാംബരന്. പ്രഖ്യപനത്തിന് ഒരുവര്‍ഷം പിന്നിടുമ്പോഴും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയുടെ നിഴലിലാണ്.
2014 മെയ് 23 നാണ് ഏറ്റവും പിന്നാക്കം നില്ക്കുന്ന 30 സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒഇസി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. വില്ലേജാഫീസര്‍മാര്‍ ഒഇസി ആനുകൂല്യത്തിന് അര്‍ഹതയുള്ള സമുദായാംഗം എന്നെഴുതി സര്‍ട്ടിഫിക്കറ്റ് നല്കുമ്പോള്, ബഹുഭൂരിപക്ഷം വില്ലേജാഫീസര്മാരും ഒബിസി സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കുന്നു. ഉത്തരവ് ഇറക്കി ഒരുവര്‍ഷം കഴിഞ്ഞിട്ടും തങ്ങള്‍ക്കിങ്ങനെ ഒരു ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേലധികാരികളും വിദ്യാര്‍ത്ഥികള്‍ക്ക് സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ്.
സര്‍ക്കാരിന്റെ സൈറ്റില്‍ ഒരു വര്‍ഷം മുമ്പ് ഈ ഉത്തരവ് പോസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഉത്തരവിലെ അവ്യക്തതമൂലം സ്വാശ്രയ കോളേജുകളില്‍ ഇത് ബാധകമാണോ എന്ന് ഉറപ്പുപറയുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല.ഓണ്‍ലൈനില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഏറെ കഷ്ടപ്പെടുകയാണ്. ഒഇസി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള 30 സമുദായങ്ങളുടെ പേര് സൂചിപ്പിക്കാത്തതുകൊണ്ട് ഒബിസി വിഭാഗക്കാര്‍ എന്ന സൂചന മാത്രമാണ് അപേക്ഷകര്‍ക്ക് നല്കുവാന് കഴിയുന്നത്. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവര്‍ക്ക് 30 സമുദായങ്ങളുടെ ഒഇസി ഓപ്ഷന് കൂടി നല്കിയാല് സൗകര്യപ്രദമാകും.
നിലവിലുള്ള ‘ഒഇസിക്കാരും ഒഇസി ആനുകൂല്യം ലഭിക്കുന്ന 30 സമുദായക്കാരും’ എന്ന തരംതിരിവ് ഓണ്‍ലൈനില്‍ അനിവാര്യമാണ്. മൂന്ന് ശതമാനം വിദ്യാഭ്യാസ സംവരണമാണ് 30 സമുദായങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഇത് എയ്ഡഡ് കോളേജുകളില്‍ ബാധകമാക്കുന്ന തരത്തില്‍ വ്യക്തമായ സര്‍ക്കുലര്‍ ആവശ്യമാണ്. ഫീസ് ആനുകൂല്യം കൂടാതെ പ്രതിമാസ സ്റ്റൈപ്പന്റിനും വിദ്യാര്‍ത്ഥികള്‍ അര്‍ഹരാണ്. എന്നാല്‍ ഒരുവര്‍ഷമായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റ് ലഭിച്ചിട്ടില്ല.
പിന്നാക്കവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 155 കോടി രൂപയുടെ കുടിശ്ശികയാണ് സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കാനുള്ളത്. പിന്നോക്കസമുദായ വകുപ്പുമന്ത്രിയുടെയും വിദ്യാഭ്യാസവകുപ്പുമന്ത്രിയുടെയും അടിയന്തര ശ്രദ്ധ ഇക്കാര്യത്തില്‍ പതിയണമെന്ന് ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.വി. പീതാംബരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: