കൊച്ചി: മണ്ണ് ഖനനം ചെയ്യുന്നതിനുള്ള അപേക്ഷകളില്‍ മഴക്കാലം കഴിയുന്നതു വരെ അനുമതി നല്‍കേണ്ടതില്ലെന്ന് ജില്ല വികസന സമിതിയില്‍ തീരുമാനം. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത് ജലസംഭരണിക്ക് ഭീഷണി ഉയര്‍ത്തി മണ്ണിടിഞ്ഞ സാഹചര്യത്തിലാണ് ജില്ലയില്‍ മണ്ണ് ഖനനം നിര്‍ത്തിവയ്ക്കാന്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പിന് വികസന സമിതി നിര്‍ദേശം നല്‍കിയത്.
നെല്ലിമറ്റത്ത് ബസിന് മുകളില്‍ മരം വീണ് അഞ്ചു കുട്ടികള്‍ മരിക്കാനിടയായത് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം കാര്യങ്ങളില്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു.
അപകട സാഹചര്യങ്ങള്‍ സംബന്ധിച്ച് ലഭിച്ചിട്ടുള്ള പരാതികളില്‍ കാലതാമസമില്ലാതെ തീരുമാനമെടുക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.തെരുവുനായ ശല്യം പരിഹരിക്കാന്‍ മൃഗസ്നേഹികള്‍ രണ്ട് തെരുവുനായകളെ വീതം ദത്തെടുത്താല്‍ പരിഹരിക്കാവുന്ന പ്രശ്നമേ ജില്ലയിലുള്ളൂ. രജിസ്ട്രേഷന് നടത്തി ഇത്തരം ദത്ത് പ്രോത്സാഹിപ്പിക്കുന്നതിന് മൃഗ സംരക്ഷണ വകുപ്പ് പദ്ധതി തയാറാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
വൈപ്പിന്‍, ചെല്ലാനം തീരമേഖലയിലെ കടലാക്രമണം പ്രതിരോധിക്കാന്‍ 48 പുലിമുട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു. കേബിളിടുന്നതിനായി റോഡ് കുഴിക്കുന്ന കമ്പനികള്‍ വേണ്ട വിധത്തില്‍ കുഴികള്‍ മൂടുന്നില്ലെന്നും കേബിള്‍ ചേംബറുകള്‍ റോഡരികില്‍ ഉയര്‍ന്നു നില്ക്കുന്ന സ്ഥിതിയാണെന്നും യോഗത്തില്‍ പരാതി ഉയര്‍ന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഇവര്‍ക്കെതിരെ നടപടി എടുക്കാവുന്നതാണെന്നും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കളക്ടര്‍ പറഞ്ഞു.
മെട്രോ നിര്‍മാണത്തിന്റെ മറവില്‍ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും ചെളിയും മണ്ണും ഇറക്കി അനധികൃതമായി നികത്തുന്നത് സംബന്ധിച്ച പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കൃഷി, റവന്യൂ വകുപ്പുകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി. ഇടപ്പള്ളി നോര്‍ത്ത് റെയില്‍വെ മേല്‍പ്പാലത്തിന് കിഴക്കുഭാഗത്ത് 2.30 ഏക്കര്‍ സ്ഥലം നികത്തുന്നത് സംബന്ധിച്ച പരാതിയാണ് യോഗത്തിന് മുന്നിലെത്തിയത്.
നിയമം കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരുമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്കി. കുലുക്കി സര്‍ബത്ത്, ഉപ്പിലിട്ട പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ ഗുണമേന്മ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തി അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കുലുക്കി സര്‍ബത്തിലും മറ്റ് പാനീയങ്ങളിലും ഉപയോഗിക്കുന്ന ഐസിന് നിലവാരമില്ലെന്ന് കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.
കുറ്റക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു വരികയാണെന്നും അവര്‍ പറഞ്ഞു. ലൂഡി ലൂയിസ് എംഎല്‍എ, നഗരസഭ ചെയര്മാന്മാരായ പി.ഐ. മുഹമ്മദാലി (തൃക്കാക്കര), ആര്. വേണുഗോപാല്‍ (തൃപ്പൂണിത്തുറ), ജില്ല പ്ലാനിങ് ഓഫീസര്‍ സാലി ജോസഫ്, മന്ത്രി കെ. ബാബുവിന്റെ പ്രതിനിധി ബാബു ആന്റണി, പ്രൊഫ. കെ.വി. തോമസ് എം.പിയുടെ പ്രതിനിധി എം.പി ശിവദത്തന്‍ തുടങ്ങിയവരും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: