കൊച്ചി: കേരളാ ട്രേഡ് സെന്ററിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പാണ് ചേംബര്‍ ഭാരവാഹികള്‍ നടത്തിയതെന്ന് ചേംബര്‍ പ്രൊട്ടക്ഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.
ചെറുപുഷ്പം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് സ്ഥാപിക്കുന്ന കെ.ടി.സിയുടെ നിര്‍മാണത്തിനായി രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള മലയാളികളില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് നിക്ഷേമായി സ്വീകരിച്ചിരുന്നത്. കെ.എസ്.ഐ.ഡിസിയില്‍ നിന്നും വന്‍തുക വാങ്ങി. 2003ല്‍ 8.9 കോടി രൂപ നിര്‍മ്മാണച്ചിലവ് കണക്കാക്കിയാണ് കെട്ടിടത്തിന്റെ പണി തുടങ്ങിയത്. 2008ല്‍ 90 ശതമാനം പണി തീര്‍ന്നതോടെ കരാറുകാരന് എട്ടു കോടി രൂപ നല്കി. എന്നാല്‍ ബാക്കി 10 ശതമാനം പണികള്‍ക്കായി 32 കോടി രൂപ ചിലവായി എന്നാണ് കഴിഞ്ഞ വര്‍ഷത്തെ കെ.സി.സി.ഐയുടെ വരവ് ചിലവ് കണക്കില്‍ കാണിച്ചിരിക്കുന്നത്.
മാത്രമല്ല, നിര്‍മ്മാണ ചട്ടം ലംഘിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ മുകള്‍ നില പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് കോര്പ്പറേഷന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. നിക്ഷേപമിറക്കിയ പലര്‍ക്കും സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്‍കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. കെ.ടി.സി നിര്‍മ്മാണ അക്കൗണ്ടില്‍ നിന്നും കോടിക്കണക്കിന് രൂപ തിരിമറി നടത്തിയതോടെ ലോണ്‍ തിരിച്ചടയ്ക്കാനാകാത്ത അവസ്ഥയുമായി.
ഇതോടെ കെ.ടി.സി കെട്ടിടം ബാങ്ക് ജപ്തി ചെയ്തിരിക്കുകയാണ്. പുതിയ കമ്പനീസ് ആക്ട് തെറ്റായി വ്യാഖ്യാനിച്ചും ദുരുപയോഗം നടത്തിയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ എണ്ണം 25 ല്‍ നിന്ന് 15 ആക്കി സ്വാര്‍ത്ഥതാല്‍പ്പര്യത്തിന് ഉപയോഗിക്കുകയാണ് ഭാരവാഹികള്‍. ഇതിനെതിരെ സിവില്‍ കേസ് നിലവിലുണ്ട്.
ചേംബറുമായി ഒരു ബന്ധവുമില്ലാത്ത ടി.വി ന്യൂവിന് വേണ്ടിയാണ് കെ.ടി.സിയുടെ നിര്‍മാണ ഫണ്ട് തട്ടിയെടുത്തത്. കെ.സി.സി.ഐ ഡയറക്ടര്‍ മര്‍സൂഖിന്റെ ഉടമസ്ഥതിയിലുള്ളതാണ് ഈ ചാനല്‍. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ചാനലാണെന്ന വ്യാജേനെയാണ് ഈ ചാനലിനായി മര്സൂഖടക്കമുള്ളവര് നിക്ഷേപം സ്വീകരിച്ചത്.
ചാനല്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കീഴിലല്ല. ഇതോടെ ട്രേഡ് സെന്ററിനായി ലക്ഷങ്ങള്‍ മുടക്കിയ നിക്ഷേപകര്‍ ചേംബര്‍ ചെയര്‍മാനടക്കമുള്ളവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ്. കെ.സി.സി.ഐ ചെയര്‍മാനും സെക്രട്ടറിയും രണ്ട് ഡയറക്ടര്‍മാരും ക്രിമിനല്‍ കുറ്റത്തിന് പ്രതിചേര്‍ക്കപ്പെട്ടതോടെ ചേംബറിനെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംഘടനയുണ്ടാക്കിയതെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ചേംബര്‍ പ്രൊട്ടക്ഷന്‍ ഫോറം ചെയര്മാന് സെയ്ദ് മസൂദ്, ജനറല്‍ സെക്രട്ടറി എം.കെ അന്‍സാരി, വൈസ് ചേയര്‍മാന്‍ പി.എം മുരളീധരന്, ജോയിന്റ് കണ്‍വീനര്‍ ആര് ജയശങ്കര്‍, ട്രഷറര്‍ കെ.എം മുഹമ്മദ് സഗീര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: