മനോഹരമായതെന്തും മനസ്സിനു പ്രിയപ്പെട്ടതാണ്. അവ സന്തോഷവാഹകവും കൂടിയാണ്. എല്ലാ ജീവികളുടേയും ആത്യന്തിക ലക്ഷ്യം സൗഖ്യമാണ്. ജീവിതം മധുരതരമാക്കാനുള്ള തത്രപ്പാടിലാണ് ഏവരും. അതിനിടെ അസുഖകരമായ പലതും അനുഭവിച്ചേ തീരൂ.
നല്ലതു കേള്‍ക്കുവാനാണ് ഏവരും കാതോര്‍ക്കുന്നത്. ഓര്‍ക്കാപ്പുറത്ത് അപ്രിയശബ്ദങ്ങള് കാതു തുളച്ച് കടന്നുവന്നെന്നിരിക്കും. ഇരുട്ടും വെളിച്ചവുംപോലെ അനിവാര്യവുമാണത്. ഒരര്‍ത്ഥത്തില്‍ ജീവിതത്തിന് മധുരം ഇളക്കിച്ചേര്‍ക്കുന്നതും വിജയത്തിനു ചേരുവയും അതാണ്.
മന്വന്തരങ്ങള്‍ കഴിഞ്ഞാലും മനുഷ്യകുലം മനസ്സില്‍ സൂക്ഷിക്കുന്നതും ഗതകാല സൗഭാഗ്യങ്ങള്‍ മാത്രം. സ്വന്തം സ്വാസ്ഥ്യത്തിനു തടസ്സമുള്ളതെല്ലാം തള്ളിക്കളയുവാനാണ് പരിശീലിക്കേണ്ടത്. അതിന് സ്വയംകഴിയാത്തവര് മനഃശാസ്ത്രജ്ഞന്റെ മുമ്പില്‍ കുമ്പസാരിക്കുകയാണ് കരണീയം.
സുഖദുഃഖ സമ്മിശ്രമാണ് ജീവിതമെന്ന് ഏവര്‍ക്കുമറിയാം. കുറച്ചുകാലത്തെ ജീവിതമല്ലേ ഉള്ളൂ എന്ന പല്ലവിയാണ് പലര്‍ക്കും. എത്ര ശ്രദ്ധിച്ചാലും അക്ഷരത്തെറ്റുകള്‍ വന്നെന്നിരിക്കും. ഒരേ കല്ലില്‍ രണ്ടുപ്രാവശ്യം തട്ടിവീഴാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
നമ്മുടെ സാമീപ്യം അന്യര്‍ക്ക് ആശ്വാസം പകരുന്നതാവണം. ആര്‍ക്കും ആരെക്കാളും ശ്രേഷ്ഠതയില്ലെന്ന കാര്യമാണ് എപ്പോഴും ഓര്‍ക്കേണ്ടത്. അന്യരുടെ കഴിവുകളില്‍ അന്ധാളിക്കാതെ സ്വന്തം ശേഷികള്‍ വികസിപ്പിച്ചെടുത്ത് അഭിമാനിക്കുവാന് കഴിയണം; ഒരു പകരക്കാരന് ഇല്ലാത്തിടത്തോളം കാലം.
മണ്ണിലാണ് മനുഷ്യബന്ധങ്ങള്‍ക്ക് കതിരിടുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ഹൃദ്യതയും അതാണ്. ഇഴയടുപ്പമുള്ള ബന്ധങ്ങള്‍ സൂക്ഷിക്കുന്നവര്‍ക്ക് ആയുരാരോഗ്യ സൗഖ്യവും ഉറപ്പ്. ഓരോ ദിവസത്തെയും സ്നേഹപൂര്‍വം സ്വാഗതം ചെയ്യുവാനും അവര്‍ക്കാകും. മനസ്സ് മധുരമായി മന്ദഹസിക്കുന്ന നിമിഷം!
അറിവും ആത്മവിശ്വാസവും ജീവിതവിജയത്തിനായുള്ള ശക്തമായ രണ്ടുചിറകുകളാണ്. അന്യരുടെ ആജ്ഞാനുവര്ത്തികാളാകാതിരിക്കാനുള്ള വഴിയും അതാണ്. ഒരു സാഹചര്യത്തിലും ചൂളാതെ ആത്മവിശ്വാസത്തോടെ ജീവിക്കുവാനുള്ള തന്റേടമാണ് ആദ്യം ആര്‍ജിക്കേണ്ടത്.
പരസ്പര സൗഹൃദത്തോടെയുള്ള പെരുമാറ്റമാണ് വ്യക്തിത്വത്തിന്റെ ഉരകല്ല്. സുഖകരമായ അനുഭവങ്ങളാണ് മനസ്സിന് പീയൂഷം. അതു ലഭിക്കാതെ മനോരോഗികളായവര്‍ ധാരാളം. ജീവിതം ഒരു കടങ്കഥയായ ഹതഭാഗ്യര്‍!
അറിവുതന്നെയാണ് ശക്തി. അറിവും ബുദ്ധിയും ഉള്ളവരാണ് എക്കാലവും വിജയിക്കുന്നത്. മനസ്സിന്റെ ശക്തിയും സൗന്ദര്യബോധവും പരമാവധി പ്രയോജനപ്പെടുത്തുക തന്നെ വേണം. ഒരു വിപഠിഷുവിനെപ്പോലെ മുന്നേറിയാല്‍ നിത്യയൗവ്വനവും കൂട്ടിനുണ്ടാകും. ഒരു നിത്യകല്യാണിയെപ്പോലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: