കാലം നാല്പത് വര്‍ഷം പിന്നിലേക്കൊഴുകുകയാണ്, മന്ദംമന്ദമായി. ചേലക്കാട്ട് വീട്ടില്‍ കുഞ്ഞിപ്പിള്ളയെന്ന മുത്തശ്ശിയുടെ നൂറ്റിരണ്ട് വര്‍ഷത്തെ ജീവിതാനുഭവങ്ങളില്‍ നിന്നും നാല്പതാണ്ട് പിന്നിലേക്കുള്ള ഓര്‍മകളുടെ ഒഴുക്കിന് അത്ര ശക്തിപോര. എങ്കിലും ഓര്‍മ്മിച്ചെടുക്കുന്നു ആ കറുത്ത കാലം. 1975 ജൂണ്‍ 25ന് രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട ഇന്ദിരയുടെ അടിയന്തരത്തിന്റെ ‘അടിയന്തിരം’ കഴിക്കാനിറങ്ങിയവര്‍ക്കൊപ്പം അണിചേരുമ്പോള്‍ ഈ അമ്മയ്ക്ക് അന്ന് വയസ്സ് 62 ആയിരുന്നു.
ഇരുമ്പഴികളെ ഭയക്കാതെ, ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ സംഘസ്വയംസേവകര്ക്കാവശ്യമായ എന്തുസഹായവും നല്കാന്, തന്റെ പ്രായംപോലും മറന്നിറങ്ങുകയായിരുന്നു കുഞ്ഞിപ്പിള്ള. രാഷ്ട്രീയ സ്വയംസേവക സംഘമാണ് അന്നും ഇന്നും ഈ അമ്മയ്ക്ക് പ്രചോദനം. അന്ന് ജനസംഘത്തിന്റെ ചുമതലയുണ്ടായിരുന്ന പി. പരമേശ്വര്‍ജിയുള്‍പ്പടെ നിരവധിപേര്‍ അറസ്റ്റുവരിച്ച് ജയില്‍ ശിക്ഷ അനുഭവിച്ച കാലം. പൗര സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും അനാവശ്യമായി അറസ്റ്റു ചെയ്തവരെ മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പിക്കറ്റിങ് നടത്തുകയും ഇതിനായി സ്ത്രീകളെയും കുട്ടികളെവരെ അണിനിരത്തുകയും ചെയ്യാന്‍് മുന്നില്‍ നിന്നു കുഞ്ഞിപ്പിള്ള.
സംഘപ്രവര്‍ത്തകരുടെ വീര്യം അണയാതെ കാക്കുവാന്‍ കുഞ്ഞിപ്പിള്ളയെപ്പോലെ അനേകം അമ്മമാരുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ ജനമനസ്സുകളെ ഒന്നിപ്പിക്കുവാന്‍ രഹസ്യമായി ഇവര്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. സത്യഗ്രഹികളെ രൂപപ്പെടുത്തിയെടുക്കുവാന്‍ നടത്തിയ ബൈഠക്കുകളില്‍ പങ്കെടുത്തു. കുടുംബത്തിനുവേണ്ടി മാത്രമല്ല, നാടിനും വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന ചിന്തയാണ് വാര്‍ധക്യത്തിലേക്ക്
നടന്നടുക്കുന്ന സമയത്തും കുഞ്ഞിപ്പിള്ളയ്ക്കുണ്ടായിരുന്നത്.
ആലുവയ്ക്കടുത്തുള്ള കുന്നത്തേരി ഗ്രാമത്തിലെ ചേലക്കാട്ട് വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ വധുവായി കടന്നുവരുമ്പോള്‍ കുഞ്ഞിപ്പിള്ളയ്ക്ക് പ്രായം ഇരുപതിനടുത്ത്. വീട്ടിലിരുന്ന് ഇടയ്ക്കിടെ തെറ്റിയും തെന്നിയും പോകുന്ന ഓര്‍മ്മത്താളുകള്‍ മറിച്ച് കുഞ്ഞിപ്പിള്ള പറയുന്നു. തന്റെ യൗവനകാലത്തെക്കുറിച്ചും മറ്റും മനസിന്റെ അടിത്തട്ടിലെവിടെയോ ഒരു നേര്‍ത്ത ഓര്‍മ്മമാത്രമേ ഇന്ന് ഈ അമ്മയ്ക്കുള്ളു. ആറ് മക്കള്‍ക്ക് ജന്മം നല്കി. പറക്കമുറ്റാറായപ്പോള്‍ അവരും സംഘത്തിന്റെ ആദര്‍ശങ്ങളെ മനസിലേറ്റി. മക്കളായ ഭാരതിയും ഗംഗാധരനും ശിവനും രാജുവുമെല്ലാം ആ വഴിയില്‍ സഞ്ചരിച്ചു. അവരും അടിയന്തരാവസ്ഥയ്ക്കെതിരെചുറ്റുമുള്ള പ്രദേശങ്ങള്‍ മുഴുവന്‍ സഞ്ചരിച്ച് പ്രവര്‍ത്തിച്ചതായി മകള്‍ ഭാരതി ഓര്‍ക്കുന്നു. അന്ന് കുന്നത്തേരിയില്‍ നിന്നും കുഞ്ഞിപ്പിള്ളയ്ക്കൊപ്പം മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചത് പാറുക്കുട്ടിയമ്മ, വല്യവീട്ടില്‍ പാറു, പാണംപറമ്പ് വീട്ടില്‍ ലക്ഷ്മി എന്നിവരായിരുന്നു.
1969 മുതലാണ് കുന്നത്തേരിയില്‍ ശാഖാപ്രവര്‍ത്തനം ആരംഭിച്ചത്. പി.ടി. റാവുവും എം.എ. ദിവാകരനുമായിരുന്നു ശാഖയുടെ ചുമതല വഹിച്ചിരുന്നത്. 1971 ല്‍ ചെറിയതോതില്‍ വര്‍ഗീയ ലഹളവരെ, ആര്‍എസ്എസ് പ്രവര്‍ത്തനം തടയാന്‍ ചിലര്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയിരുന്നു. അടിയന്തരാവസ്ഥക്കാലത്താണ് എതിരാളികളുടെ ഉപരോധം ശരിക്കും പ്രയോഗത്തിലായത്. മുസ്ലിം കടകളില്‍ നിന്നും ആര്‍എസ്എസ് കുടുംബങ്ങള്‍ക്ക് പണം കൊടുത്തിട്ടും സാധനങ്ങള്‍ നല്‍കിയിരുന്നില്ല. അതുകൊണ്ട് എറണാകുളത്തുനിന്നും വന്നൊരാള്‍ കുന്നത്തേരിയില്‍ ഒരു സൊസൈറ്റി തുടങ്ങി, പിന്നീട് അവിടെനിന്നാണ് നിത്യസാധനങ്ങള്‍ വാങ്ങിയിരുന്നത്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും അതിനെയെല്ലാം തൃണവല്‍ഗണിച്ച് അടിയന്തരാവസ്ഥയ്ക്കെതിരെ മുന്നോട്ടുപോകുകയായിരുന്നു അവിടത്തെ സംഘ പ്രവര്‍ത്തകര്‍.
സംഘടിക്കുന്നതിനും മറ്റും സ്വാതന്ത്ര്യം ഇല്ലായിരുന്നുവെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ചായിരുന്നു പ്രവര്‍ത്തനം. രാത്രി ഏറെ വൈകി വീട്ടിലെത്തുന്ന മക്കളെയോര്‍ത്ത് കുഞ്ഞിപ്പിള്ള വേവലാതി പൂണ്ടിരുന്നില്ല. എല്ലാം നന്നായി പര്യവസാനിക്കണമെന്നേ ആ അമ്മ ആഗ്രഹിച്ചിരുന്നുള്ളു. അവര്‍ക്കും മറ്റു സംഘമക്കള്ക്കും ഭക്ഷണവും പാര്‍പ്പിടവും ഒരുക്കാന്‍ ഈ അമ്മ സമയം കണ്ടെത്തി.
പ്രത്യക്ഷ സമരങ്ങള്‍ക്കു പങ്കെടുക്കുന്നതിനൊപ്പം ചെയ്ത ഒളിവിലെ സ്വാതന്ത്ര്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ന് വലിയ മൂല്യമായിരുന്നു; അവയോര്മ്മിക്കുന്നവര്ക്ക് തീര്‍ച്ചയായും ഇന്നും, എന്നും. പന്ത്രണ്ടോളം കള്ളക്കേസുകളായിരുന്നു മകന് ശിവന്റെ പേരിലുണ്ടായിരുന്നത്. 10-ാം തരം കഴിഞ്ഞ് ഐടിഐക്ക് ചേര്‍ന്ന ശിവന് പഠിപ്പില്‍ റാങ്കുണ്ടായിരുന്നു. വിശാഖപട്ടണം ഷിപ്യാര്ഡില് ട്രെയിനിയായി പോകാന്‍ അവസരമുണ്ടായെങ്കിലും അച്ഛന്റെ പാത പിന്തുടരുകയായിരുന്നു; സ്വന്തംകാര്യത്തേക്കാള്‍ സംഘകാര്യവും സ്വാതന്ത്ര്യ സംരക്ഷണവുമായിരുന്നു മുഖ്യമെന്ന് അമ്മയും അച്ഛനും മറ്റും പഠിപ്പിച്ചവഴി.
അടിയന്തരാവസ്ഥക്കാലത്ത് വയസ് 62 ആയിരുന്നെങ്കിലും സംഘത്തിന്റെ ആദര്‍ശത്തിനനുസരിച്ച് ഭാര്യ പ്രവര്‍ത്തിക്കുന്നതിന് കമ്മ്യൂണിസ്റ്റുകാരനായ ഭര്‍ത്താവ് കൃഷ്ണന്‍കുട്ടിക്ക് തെല്ലും എതിര്‍പ്പില്ലായിരുന്നു. പക്ഷേ ഇടതുപക്ഷപാര്‍ട്ടിയില്‍ നിന്നുണ്ടായ തിക്താനുഭവങ്ങള്‍ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. കാലടി ശിവപുരം വാഴേലില്‍ പറമ്പില്‍ കണ്ണന്‍കുഞ്ഞിന്റേയും പാര്‍വതിയുടേയും മകളാണ് കുഞ്ഞിപ്പിളള. ഭര്‍ത്താവും അച്ഛനും കല്‍പ്പണിക്കാരായിരുന്നു. പ്രധാനമായും ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കല്‍പ്പണിയായിരുന്നു കൃഷ്ണന്‍കുട്ടിക്ക്.
പണ്ടത്തെ നാലാം ക്ലാസാണ് കുഞ്ഞിപ്പിള്ള അമ്മയുടെ വിദ്യാഭ്യാസം. ചിട്ടയായ ജീവിതരീതിയാണ് പിന്തുടര്ന്നിരുന്നത്.
പുലര്‍ച്ചെ അഞ്ചുമണിക്കുമുന്നേ എഴുന്നേല്‍ക്കുന്നതായിരുന്നു ശീലം. അന്നും ഇന്നും, ഈ നൂറ്റിരണ്ടിലും ഭൂമിവന്ദനം കഴിഞ്ഞേ കാല്നിലത്തുകുത്താറുള്ളു. പിന്നെ അമ്മയുടേതായ ചില പ്രാര്‍ത്ഥനകളും . കുളികഴിഞ്ഞേ പാചകത്തിനായി അടുക്കളയില്‍ കയറൂ. ഇത്തരത്തിലുളള ദിനചര്യയുടെ പേരിലാണ് അമ്മ ജീവിച്ചിരിക്കുന്നതെന്ന് മകന് ശിവന് പറയുന്നു. പ്രായമെത്തിയെങ്കിലും ശീലങ്ങളില്‍ ഭൂമിവന്ദനവും മറ്റും ഇന്നും മാറ്റമില്ലാതെ തുടരുന്നു.
അടിയന്തരാവസ്ഥയില്‍ പുരുഷന്മാര്പോലും ഭയന്നുകഴിഞ്ഞിരുന്ന സാഹചര്യത്തില്‍ ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞൊരമ്മ, സധൈര്യം മുന്നിട്ടിറങ്ങിയെന്നിടത്താണ് കുഞ്ഞിപ്പിള്ള വ്യത്യസ്തയാകുന്നത്. എന്നാലിന്ന് ആ കാലത്തെക്കുറിച്ചധികമൊന്നും ആ സ്മൃതിപഥങ്ങളിലില്ല. പറയുന്നതില്‍ കൃത്യതയില്ല.
കുട്ടികളെപ്പോലുള്ള പിടിവാശി കുഞ്ഞിപ്പിള്ളയ്ക്കുമുണ്ട്, വാര്‍ദ്ധക്യത്തില്‍ പലരുടെയും ശീലം. മുണ്ടൊന്നുമാറ്റി പുതിയതുടുപ്പിച്ചപ്പോള് അതെന്തിനെണെന്ന ഭാവം. കാമറയുടെ ഫഌഷ്ലൈറ്റിനോട് പരിഭവിച്ച് മുഖം തിരിച്ചു. ഫോട്ടോ എടുക്കുന്നതെന്തിനാണെന്ന ചോദ്യം പിന്നാലെ. കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ക്കുമാത്രം തെല്ലും മങ്ങലേറ്റിട്ടില്ല. ആ പഴയനാലാം ക്ലാസുകാരിയാവും ചിലപ്പോള്‍. മലയാളം വായിക്കാനറിയാമെന്ന് അഭിമാനത്തോടെ പറയും. കേള്‍വിശക്തിക്ക് ഉടച്ചില്‍ പറ്റിയിട്ടുണ്ടെങ്കിലും ഇന്നും കണ്ണടയില്ലാതെ കുറേയൊക്കെ വായിക്കാന്‍ സാധിക്കും.
അച്ഛനേക്കാള്‍ അമ്മയായിരുന്നു കര്‍ക്കശക്കാരിയെന്നാണ് മക്കള്‍ പറയുന്നു. സാമാന്യവിദ്യാഭ്യാസം മക്കള്‍ക്കുനല്‍കി. ജീവിതത്തില്‍ എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അതില്‍ അമ്മയ്ക്കുള്ള പങ്ക് ചെറുതല്ല. ആറ് മക്കളില്‍ രണ്ടുപേര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. മൂത്ത മകള്‍ കല്യാണി. ഭാരതി, ഗംഗാധരന്, ശിവന്, രാജു, ഗോമതി എന്നിവരാണ് മറ്റുമക്കള്‍. ഗോമതി 1996 ലും ഗംഗാധരന് 2001 ലും മരിച്ചു. ഗംഗാധരന്റെ മരണശേഷമാണ് ഓര്‍മകള്‍ കുഞ്ഞിപ്പിളളയില്‍ നിന്നും കൊഴിഞ്ഞുപോകാന്‍ തുടങ്ങിയത്. ഈ അമ്മയുടെ 100-ാം ജന്മദിനം മക്കളും ബന്ധുക്കളും സംഘപ്രവര്‍ത്തകരുമെല്ലാം സമുചിതമായി ആഘോഷിക്കുകയുണ്ടായി. വാര്‍ധക്യത്തിന്റെ അവശതകള്‍ ആ മുഖത്തും ദേഹത്തും പ്രകടം. മക്കളുടെ സ്നേഹപൂര്‍ണമായ ശാസനയിലും അമ്മയോടുള്ള സ്നേഹത്തിന്റെ കരുതല്‍ മാത്രം.
ആത്മാഭിമാനത്തോടെ സംഘാദര്‍ശത്തില്‍ അടിയുറച്ച് വിശ്വസിച്ച്, രാജ്യതാല്പര്യത്തിന് വിരുദ്ധമായി നിലകൊണ്ടവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം നിറഞ്ഞ തന്റെതന്നെ ആ പഴയമുഖം ആ അമ്മയുടെ മനസിന്റെ കടലാഴങ്ങളില്‍ നിന്നും എപ്പോഴെങ്കിലും ഊളിയിട്ട് പൊങ്ങിവന്നെന്നിരിക്കാം. കേരളത്തില്‍, ഇങ്ങനെ എത്രയെത്ര കുഞ്ഞിപ്പിള്ള മുത്തശ്ശിമാര്‍ അടിയന്തരാവസ്ഥയ്ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചു. ആ അമ്മമാരെക്കുറിച്ച് ചരിത്രത്തിലെവിടെയും കൃത്യമായും സൂക്ഷ്മമായും വിശദമായും സമ്പൂര്‍ണ്ണമായും രേഖപ്പെടുത്തിയിട്ടുമില്ല. എങ്കിലും പരിഭവമേതുമില്ലാതെ ജീവിച്ചവരില്‍, കടന്നുപോയവരില്‍ എത്രയെത്ര ധീരരായ അമ്മമാര്‍. വീരപ്രസുക്കളായ അമ്മമാര്‍. കുഞ്ഞിപ്പിള്ളയെന്ന നൂറ്റിരണ്ടുകാരി അമ്മയ്ക്ക് ആ ഓര്‍മ്മകളൊന്നുമധികമില്ല, നാവിന് തുമ്പില്‍ നാരായണായെന്ന നാമം പിരിയാതെയുമുള്ളപ്പോള് അതില്പരം സുകൃതം പിന്നെന്തുവേണം; സ്വാതന്ത്ര്യത്തിന്റെ നാവരിഞ്ഞതിനെതിരേയായിരുന്നല്ലോ ആ സമരവും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: