കൊച്ചി: ലോക ലഹരിവിരുദ്ധദിനത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ ബോധവല്‍ക്കരണപരിപാടിയായ ‘ഡ്രൈവ് എഗയിന്‍സ്റ്റ് ഡ്രഗ്’ വ്യത്യസ്തമായി. എടവനക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, എസ്ഡിപിവൈകെപിഎം ഹൈസ്ക്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ്, ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായാണ് ഈ ദൃശ്യാവിഷ്ക്കരണപരിപാടി സംഘടിപ്പിച്ചത്.
ലഹരിയോട് വിട എന്ന അര്‍ത്ഥം വരുന്ന സേ നോ ടു ഡ്രഗ്സ് എന്ന ആശയം ലഹരിവിരുദ്ധക്ലബ്ബ് അംഗങ്ങള്‍ തങ്ങളുടെ കൂട്ടുകാരിലേക്ക് എത്തിച്ചത് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു.
ഉദിച്ചു വരുന്ന സൂര്യനില്‍ നിന്ന് വരുന്ന പ്രഭ പോലെയാണ് ലഹരിവിരുദ്ധ സന്ദേശം കുട്ടികളിലേക്ക് പകര്‍ന്നത്. ഒരു വൃത്തത്തിനു ചുറ്റും ‘സേ നോ ടു ഡ്രഗ്സ്’ എന്നെഴുതിയ കാര്‍ഡുകളുമായി കുട്ടികള്‍ കിടന്നു. ലഹരിയെ പ്രതീകാത്മകമായി ആവിഷ്ക്കരിച്ച മുഖംമൂടിയണിഞ്ഞ നൂറുകണക്കിന് കുട്ടികള്‍ ഇതിനു ചുറ്റും കൂടി നിന്ന് ലഹരി വിരുദ്ധ മുദ്രാവാക്യം മുഴക്കി. എടവനക്കാട് ഗ്രാമപഞ്ചായത്ത് ആരോഗ്യക്ഷേമകാര്യസ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ സുരേഷ് ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് എ കെ ശ്രീകല, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജെറി ബെനഡിക്ട്, കുഞ്ഞുമോന്, അദ്ധ്യാപകരായ ജോര്‍ജ്ജ് അലോഷ്യസ്, സുനില്‍മാത്യു എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ പി.എച്ച്.എന്‍ ഷീബ ജോണ്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ടൗണ്‍ ഹാളില്‍ ഇന്നു രാവിലെ 11ന് നടക്കും. തുറമുഖ, എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന് എംഎല്‍എ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കും.
തൃപ്പൂണിത്തുറ ആസ്ഥാനമായുള്ള റോയല്‍ ബുള്ളറ്റ് കഌബ്ബുമായി ചേര്‍ന്ന് 60ഓളം ബുള്ളറ്റ് മോട്ടോര്‍ സൈക്കിളുകളില്‍ ‘ലഹരി വിമുക്ത കേരളം’ എന്ന സന്ദേശ പ്രചരണവും ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്നു. രാവിലെ ഒമ്പതിന് തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനില്‍ നിന്ന് മന്ത്രി കെ. ബാബു ഫഌഗ് ഓഫ് നിര്‍വഹിക്കും. എറണാകുളം ടൗണ്‍ഹാളിലാണ് സമാപനം. ലഹരി വിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനവും ടൗണ്‍ഹാളില്‍ നടക്കും. ഡോ: എല്‍.ആര്. മധുജന്റെ ലഹരി വിരുദ്ധ ക്ലാസ്സ്, പ്രഭാഷണം, ചിത്രപ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
പള്ളുരുത്തി കച്ചേരിപ്പടി ജംഗ്ഷന് മുതല്‍ തോപ്പുംപടി ഹാര്‍ബര്‍ പാലംവരെ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് വിരുദ്ധദിന മനുഷ്യച്ചങ്ങലതീര്ക്കും. അഞ്ചുകിലോമീറ്റര്‍ നീളത്തില്‍ തീര്‍ക്കുന്ന മനുഷ്യച്ചങ്ങലയില്‍ അണിനിരക്കാന്‍ പടിഞ്ഞാറന്‍ കൊച്ചിയിലെ റെസിഡന്റ്സ് അസോസിയേഷനുകള്‍, സാംസ്കാരിക സന്നദ്ധസംഘടനകള്‍ തുടങ്ങി നൂറോളം പ്രസ്ഥാനങ്ങള്‍ അണിനിരക്കും. ചടങ്ങില്‍ മയക്കുമരുന്ന് വിരുദ്ധസന്ദേശ പ്രചരണാര്‍ത്ഥം പ്രതിജ്ഞയുംചൊല്ലും. ജനമൈത്രി പോലീസിന്റെ ക്ലീന്‍ കാമ്പസ്, സേഫ് കാമ്പസ് പദ്ധതിയുടെ ഭാഗമായാണ് പരിപാടിയെന്ന് ജനമൈത്രി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: