എരുമേലി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേരിലുള്ള സര്‍ക്കാര്‍വക യുപി സ്കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. മലയോര മേഖലയിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഏക സര്‍ക്കാര്‍വക പാണവിലാവിലുള്ള യുപി സ്കൂളിനാണ് അവഗണനയുടെ ഈ ദുര്‍ഗതി. സുവര്‍ണ്ണ ജൂബിലിയാഘോഷത്തോളം പഴക്കമുള്ള ഈ സ്കൂളിലെ കുട്ടികള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഏതാണ്ട് മെച്ചപ്പെട്ടിട്ടും ഈ അധ്യായനവര്‍ഷം പടിക്കാനെത്തിയത് വെറും ആറ് കുട്ടികള്‍ മാത്രം.
ഒന്നാം ക്ലാസിലെത്തിയ സനുഷ സുരേഷിന് കൂട്ടുകാരായി ആരുമില്ല. രണ്ടാം ക്ലാസിലെ വിനീത വിജയനും സഹപാഠികളായി ആരുമില്ല. പാണിപിലാവ് എംജിഎം ഗവ. യുപി സ്കൂളില്‍ കുട്ടികളെത്തിയിരുന്നത് സമീപത്തെ എരുത്വാപ്പുഴ കോളനിയിലുള്ള പാവപ്പെട്ട കുട്ടികളായിരുന്നു. എന്നാല്‍ കോളനിയിലെ കുട്ടികളുടെ കുറവാണ് സ്കൂളില്‍ കുട്ടികള്‍ കുറയാന്‍ കാരണമെന്ന് പ്രധാന അദ്ധ്യാപകനായ ഫൈസല്‍ ജന്മഭൂമിയോട് പറഞ്ഞു. അധ്യാപകരടക്കം 3 പേര് ജോലി ചെയ്യുന്ന സര്‍ക്കാര്‍വക യുപി സ്കൂളില്‍ 6 കുട്ടികള്‍ എത്തിയതിനെ തുടര്‍ന്ന് നാട്ടുകാരും ഉത്തരവാദിത്തപ്പെട്ടവരും ആശങ്കയിലാണ്. ഒരു കാലത്ത് മലയോര മേഖലയിലെ വെളിച്ചമായി തിളങ്ങിനിന്ന പാണവിലാവ് എംജിഎം യുപി സ്കൂള്‍ പിന്നീട് അഴിമിതി വിവാദങ്ങളിലും ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്നിരുന്നു.
കഴിഞ്ഞവര്‍ഷം 10 കുട്ടികളെങ്കിലും പടിക്കാനെത്തിയ ഈ സ്കൂളില്‍ ഇത്തവണ 6 കുട്ടികളെത്തിയതിനു പിന്നില്‍ സമീപ പ്രദേശത്തെ സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകളുടെ അതിര് കടന്ന സഹായങ്ങളാണെന്നും നാട്ടുകാര്‍ പറയുന്നു. ക്ലാസില്‍ ഓടിനടക്കാനോ കളിക്കാനോ എന്തിന് ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍പോലും കൂട്ടുകാരില്ലാതെ കഴിഞ്ഞ ദിവസങ്ങള്‍ തള്ളിനീക്കിയ കുട്ടിയും ആശങ്കയിലായിരിക്കുകയാണ്. സ്കൂളില്‍ കുട്ടികളെ നിറക്കാന്‍ വാഹന സൗകര്യം, യൂണിഫോം, ബുക്കുകള്‍ അടക്കം ഒട്ടേറെ സഹായങ്ങള്‍ നല്‍കിയാണ് മറ്റ് സ്കൂളുകാര് കുട്ടികളെ കൊണ്ടുപോകുന്നതെന്നും എന്നാല്‍ സര്‍ക്കാര്‍വക സ്കൂളിനോട് ബന്ധപ്പെട്ടവര്ക്ക്പോലും വേണ്ടത്ര അനുഭാവമില്ലെന്നുമാണ് നാട്ടുകാരും പറയുന്നത്.
ആറ് കുട്ടികള്‍ എപ്പോള്‍ വേണമെങ്കിലും ടിസി വാങ്ങി പോകാനുള്ള സാധ്യത നിലനില്‍ക്കുകയാണെന്നും അങ്ങനെ സംഭവിച്ചാല്‍ മഹാത്മാഗാന്ധിയുടെ പേരിലുള്ള ഈ യുപി സ്കൂള്‍ ഓര്മ്മയായിത്തീരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. സ്കൂളില്‍ കൂടുതല്‍ കുട്ടികളെ എത്തിക്കുന്നതിനുളള കര്‍മ്മ പദ്ധതികള്‍ക്കായി രക്ഷകര്‍ത്താക്കളേയും നാട്ടുകാരേയും വിളിച്ച് യോഗം ചേരാനുള്ള നടപടികള്‍ ആരംഭിച്ചതായും ഫൈസല്‍ പറഞ്ഞു. പാണപിലാവ് എംജിഎം ഗവ. യുപി സ്കൂളിന്റെ സംരക്ഷണം സര്‍ക്കാര്‍ അടിയന്തിരമായി ഏറ്റെടുത്ത് സ്കൂളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: