കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിലൂടെ സ്മാര്‍ട്ട് ആകാനൊരുങ്ങുന്ന കൊച്ചിക്ക് വെല്ലുവിളിയായി രാഷ്ട്രീയപ്പോര്. പദ്ധതിയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി (കെഎംആര്‍എല്‍)നെ കണ്‍സള്‍ട്ടന്റാക്കാനുള്ള കോര്‍പ്പറേഷന്റെ തീരുമാനമാണ് തര്‍ക്കത്തിനിടയാക്കിയിരിക്കുന്നത്.
കെഎംആര്‍എല്ലിനെ അംഗീകരിക്കാനാകില്ലെന്നും കോര്പ്പറേഷന് സ്വന്തം നിലയ്ക്ക് ചെയ്താല്‍ മതിയെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഭരണകക്ഷിയിലെ ചിലരും ഈ നിലപാടിനൊപ്പമാണ്. കോര്പ്പറേഷന് വേണ്ടെങ്കില്‍ തങ്ങള്‍ക്കും താത്പര്യമില്ലെന്ന് കെഎംആര്‍എല്ലും വ്യക്തമാക്കുന്നു.
കേന്ദ്ര നഗരവികസന മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതിയില്‍ മത്സരത്തിലൂടെയാണ് സ്മാര്‍ട്ട് സിറ്റി തെരഞ്ഞെടുക്കുന്നത്. ഇതിന് വിവിധ മാനദണ്ഡങ്ങളും മന്ത്രാലയം മുന്നോട്ട് വെക്കുന്നുണ്ട്. നഗരവികസനം, കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, വൈദ്യുതി, സ്വഛ് ഭാരത് തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിക്കേണ്ടത്. ഇതില്‍ മുന്നിട്ട് നില്ക്കുന്ന നഗരങ്ങളെയാകും പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
മെട്രോ റെയില്‍ നടത്തിപ്പിനായി രൂപീകരിച്ച കെഎംആര്‍എല്‍ നിലവില്‍ നഗര വികസനവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെഎംആര്‍എല്ലിനെ കണ്‍സള്‍ട്ടന്റാക്കാന്‍ കോര്പ്പറേഷന് തീരുമാനിച്ചത്. മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാര് എന്നിവര്‍ക്ക് മുന്നില്‍ കെഎംആര്‍എല്‍ പ്രാഥമിക രൂപരേഖ അവതരിപ്പിച്ചു. അടുത്ത കൗണ്‍സിലില്‍ ഇത് അംഗീകാരത്തിനായി സമര്‍പ്പിക്കും. ഇത് എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് നഗരങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കുക. കേരളത്തിലെ പതിവ് രാഷ്ട്രീയക്കളി പദ്ധതി നഷ്ടപ്പെടുത്തുമെന്ന ആശങ്കയുയര്‍ത്തുകയാണ്.
വിദഗ്ധരായ ഒട്ടനവധി ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ മേഖലകളിലുള്ളപ്പോള് കോര്‍പ്പറേഷന്റെ വികസനത്തിന് കെഎംആര്‍എല്ലിന്റെ സഹായം ആവശ്യമില്ലെന്നും കണ്‍സള്‍ട്ടന്റാക്കാനുള്ള തീരുമാനം അറിയില്ലെന്നും പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബ് പറഞ്ഞു. സ്വന്തം നിലയ്ക്ക് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള സംവിധാനം കോര്പ്പറേഷനില്ലെന്ന് കൗണ്‍സിലര്‍ ടി.ജെ. വിനോദ് പ്രതികരിച്ചു.
ജന്റം പദ്ധതിക്ക് കോര്പ്പറേഷന് സമര്‍പ്പിച്ച റിപ്പോട്ട് ഏറ്റവും മോശമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളോട് ആവശ്യപ്പെട്ടതനുസരിച്ചാണ് കണ്‍സള്‍ട്ടന്റാകാന്‍ തീരുമാനിച്ചതെന്നും എതിര്‍പ്പുള്ളതായി അറിയില്ലെന്നും കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു. പദ്ധതിക്കാവശ്യമായ റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ തയ്യാറാക്കി വരുന്നുണ്ട്. കോര്പ്പറേഷന് താല്പര്യമില്ലെങ്കില് പിന്മാറുമെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: