588. നാഗേശ്വരീ – നാഗങ്ങള്‍ക്ക് ഈശ്വരിയായവള്‍. പണ്ടൊരുകാലത്ത് ഭൂമിയില്‍ സര്‍പ്പങ്ങളുടെ എണ്ണം വളരെ വര്‍ദ്ധിച്ചപ്പോള്‍ മനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കും ജീവിക്കാനാകാത്ത അവസ്ഥയുണ്ടായി. ബ്രഹ്മദേവനും കശ്യപപ്രജാപതിയും കൂടിയാലോചിച്ച് സര്‍പ്പങ്ങളെ നിയന്ത്രിക്കാനുതകുന്ന അനേകം മന്ത്രങ്ങളും ഔഷധങ്ങളും നിര്‍മ്മിച്ചു. അവയുടെ അധിഷ്ഠാനദേവതയായി കശ്യപപ്രജാപതി തന്റെ മനസ്സില്‍നിന്ന് മനസാദേവിയെയും സൃഷ്ടിച്ചു.
നാഗങ്ങളെ നിയന്ത്രിക്കുന്നവളാകയാല്‍ നാഗേശ്വരി എന്നു ദേവിക്കു പേര്.
സര്‍പ്പങ്ങളെ മുഴുവന്‍ നശിപ്പിക്കുന്നതിനായി ജനമേ ജയ മഹാരാജാവ് സര്‍പ്പസത്രം നടത്തിയപ്പോള്‍ അതു തടഞ്ഞ് സര്‍പ്പങ്ങളെ രക്ഷിച്ചത് മനസാദേവിയുടെ പുത്രനായ ആസ്തികനാണ്. അതിനു പ്രേരിപ്പിച്ചവളാകയാലും ദേവി നാഗേശ്വരി എന്ന നാമത്തിന് അര്‍ഹയായി.
589. നാഗമാതാ – കശ്യപപ്രജാമതിയുടെ പുത്രിയാണു മാനസീദേവി. കശ്യപപ്രജാപതിയുടെ പുത്രിയായ സുരസയില്‍നിന്ന് നാഗങ്ങളും മറ്റൊരു പുത്രിയായ കദ്രുവിന്റെ സന്താനങ്ങളായി ഉരഗങ്ങളും ഉണ്ടായി. സഹോദരിയുടെ സന്താനങ്ങളായ നാഗങ്ങളുടെ മാതൃസ്ഥാനം അങ്ങനെ മാനസിക്കുണ്ടായി.
മാതാ എന്ന പദത്തിന് അളന്നറിയുന്നവള്‍ എന്നും അര്‍ത്ഥമുണ്ട്. നാഗങ്ങളുടെ ബലവീര്യവേഗാദികള്‍ അളന്നറിയുന്നവള്‍ എന്നും നാമത്തെ വ്യാഖ്യാനിക്കാം.
ജനമേ ജയ മഹാരാജാവിന്റെ സര്‍പ്പസത്രത്തില്‍ നിന്ന് നാഗങ്ങളെ രക്ഷിച്ച ആസ്തീകന്റെ അമ്മയായതുകൊണ്ടും ദേവിയെ നാഗമാതാവെന്നു പറയാം.
















