ആലപ്പുഴ: പ്രവര്‍ത്തനം നിലച്ച വനിതാ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കൈയേറിയതിനെച്ചൊല്ലി സിപിഐ- സിപിഎം തര്‍ക്കം. സിപിഐക്കാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. കോമളപുരത്തു പ്രവര്‍ത്തിച്ചിരുന്ന ആര്യാട് വനിതാ സമാജത്തിന്റെ ഉടമസ്ഥതയില്‍ കേരള സ്പിന്നേഴ്സിന് പടിഞ്ഞാറുവശമുള്ള ഭൂമിയെച്ചൊല്ലിയാണ് സിപിഎം-സിപിഐ പ്രാദേശിക നേതൃത്വങ്ങള്‍ ഏറ്റുമുട്ടുന്നത്.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലത്താണ് ആര്യാട് വനിതാ സമാജം രൂപീകരിച്ചത്. സമാജത്തിന് അന്ന് പത്ത് സെന്റ് സ്ഥലവും സ്വന്തമായുണ്ടായിരുന്നു. ഇതുകൂടാതെ പ്രദേശത്തെ ഒരു റേഷന്‍ കടയുടെ നടത്തിപ്പിനുള്ള ലൈസന്‍സും അന്ന് സമാജത്തിന് ലഭിച്ചിരുന്നു. പാര്‍ട്ടി പിളര്‍ന്നതോടെ സമാജത്തിന്റെ ഭാരവാഹികള്‍ ഇരു തട്ടിലാകുകയും സംഘടനയുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രദേശത്ത് അങ്കണവാടി സ്ഥാപിക്കുന്നതിനായി സമാജത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തില്‍ നിന്ന് മൂന്നു സെന്റ് സമാജത്തിന്റെ ഭരണസമിതിയില്‍ ജീവിച്ചിരുന്ന അംഗങ്ങള്‍ ഒപ്പിട്ട് വിട്ടുനല്‍കുകയും ഇവിടെ അങ്കണവാടി കെട്ടിടം സ്ഥാപിക്കുകയും ചെയ്തിരുന്നു. ബാക്കി ഏഴു സെന്റ് സ്ഥലം ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടികളും അവകാശ വാദം ഉന്നയിക്കാത്തതിനാല്‍ കാടുപിടിച്ചുകിടക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ രണ്ട് ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാര്‍ ചേര്‍ന്ന് സ്ഥലത്ത് നിന്നിരുന്ന അക്വേഷ്യ മരങ്ങള്‍ വെട്ടിവിറ്റതോടെയാണ് സ്ഥലത്തെച്ചൊല്ലി ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കമുടലെടുത്തത്. മരം വെട്ടിവിറ്റ വിവരം സിപിഐക്കാര്‍ വടക്കനാര്യാട് ലോക്കല്‍ കമ്മറ്റി നേതൃത്വത്തെ അറിയിക്കുകയും സിപിഐ നേതൃത്വം പ്രാദേശിക സിപിഎം നേതൃത്വവുമായി ബന്ധപ്പെടുകയും വിഷയം പരിഹരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു.
പിന്നീട് സിപിഐ മണ്ഡലം നേതൃത്വം സിപിഎം ഏരിയ നേതൃത്വവുമായി ബന്ധപ്പെട്ടപ്പോള്‍ പ്രശ്നം ഉടന്‍ പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല. ഇതിനിടയില്‍ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ഥലം മുള്ളുവേലി കെട്ടി തിരിക്കുകയും ചെയ്തു. പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കാനാണ് സിപിഎം നീക്കമെന്ന് ആക്ഷേപമുണ്ട്.
അവിഭക്ത സിപിഐയുടെ കീഴിലുണ്ടായിരുന്ന വനിതാ സമാജത്തിന്റെ സ്ഥലം കൈയേറുകയും മരം വെട്ടി വില്‍ക്കുകയും ചെയ്തതിനെതിരെ കളക്ടര്‍ക്ക് സിപിഐക്കാര്‍ പരാതി നല്കി. ഈ വിഷയത്തിന്റെ പേരില്‍ വരും ദിവസങ്ങളില്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മിലുള്ള പോര് രൂക്ഷമാകാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: