ആലപ്പുഴ: ഭീഷണിയെ തുടര്‍ന്ന് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ജീവനൊടുക്കിയ കേസില്‍ ബ്ലേഡ് മാഫിയയില്‍പ്പെട്ട സ്ത്രീകളെ റിമാന്‍ഡ് ചെയ്തു.
പൂന്തോപ്പ് ശാലോം വീട്ടില്‍ സാലമ്മ (49), സഹോദരി ആലപ്പുഴ കറുകയില്‍ വാര്‍ഡില്‍ മേഴ്സി (53) എന്നിവരെയാണ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി അടുത്ത മാസം നാലു വരെ റിമാന്‍ഡ് ചെയ്തത്. റവന്യു റിക്കവറി വിഭാഗത്തിലെ മുന്‍ യുഡി ക്ലര്‍ക്ക് ആലപ്പുഴ പൂന്തോപ്പ് വാര്‍ഡ് കൊല്ലശേരി വെളിയില്‍ അംഗദനാ (57)ണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്. അംഗദന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ നിന്നാണ് മരണകാരണം ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലമാണെന്ന് വ്യക്തമായത്.
സാലമ്മയില്‍ നിന്നും നാലു ലക്ഷം രൂപ അംഗദന് വാങ്ങിയിരുന്നു. അംഗദന് സര്‍വീസില്‍ നിന്നും വിരമിച്ചപ്പോള്‍ പണം തിരികെ വാങ്ങുവാനും സാലമ്മ ശ്രമിച്ചിരുന്നു. പിന്നീട് സാലമ്മ മേഴ്സിയുമായി പലതവണ അംഗദന്റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പണം കിട്ടുവാനായി ഇവര്‍ പ്രദേശവാസികളായ അനില്‍കുമാര്‍, സുരേഷ്, ശശികുമാര്‍ എന്നിവരെ ഏര്‍പ്പാടാക്കുകയായിരുന്നു. ഭീഷണി സഹിക്കവയ്യാതെയാണ് അംഗദന് ജീവനൊടുക്കിയത്. ഇവര്‍ ഒളിവിലാണെന്ന് നോര്‍ത്ത് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: