അഞ്ചാലുംമൂട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഞ്ചാലുംമൂട് കേന്ദ്രീകരിച്ച് രാഷ്ട്രീയ സംഘര്‍ഷത്തിന് സിപിഎം-ഡിവൈഎഫ്ഐ നീക്കം ശക്തമാകുന്നു. അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസ് കൈക്കൊള്ളുന്ന നിലപാടുകള്‍ ഏകപക്ഷീയമാകുന്നുവെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം ഇവിടെ സിപിഎമ്മുകാരനായ പഞ്ചായത്ത് മെമ്പര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് നടന്നിട്ടും മതിലിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിലിട്ട് ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് അനന്തനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കൊല്ലത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിലിട്ടായിരുന്നു ഈ സംഭവം. എന്നാല്‍ അക്രമികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല. മണിക്കുറുകളോളം കടവൂര്‍ നീരാവില്‍ ഭാഗത്ത് ഈ സംഘം ഭീകരന്തരീക്ഷം സൃഷ്ടിച്ചു.
നിസ്സാര സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കാതെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതാണ് വന്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നത്. മാസങ്ങളായി ഈ പ്രദേശത്ത് ക്രമസമാധാന പ്രശ്നം നിലനില്ക്കുന്നു. സമാധാന ചര്‍ച്ചകളില്‍ വരുന്ന തീരുമാനങ്ങള്‍ ഒരു വിഭാഗം അനുസരിക്കുകയും മറ്റൊരു വിഭാഗം അനുസരിക്കാതിരിക്കുകയും ചെയ്യുന്നതാണ് കടവൂരിലെ പ്രധാന പ്രശ്നങ്ങള്‍ക്ക് കാരണം. സിപിഎമ്മിനോട് അഞ്ചാലുംമൂട് പോലീസ് കാണിക്കുന്ന മൃദു സമീപനമാണ് ക്രിമിനലുകള്‍ക്ക് വളരാന്‍ അവസരമൊരുക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ വെസ്റ്റ് എസ്ഐയെ പോലീസുകാരുടെ മുന്നിലിട്ട് മര്‍ദിച്ചിരുന്നു. മര്‍ദിച്ചവരെ അറിയാമായിരുന്നിട്ടും പോലീസ് ഇവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. പേരിനു മാത്രം രണ്ട് പേരെ കോടതിയില്‍ ഹാജരാക്കുകയും മറ്റുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് സഹായിക്കുകയും ചെയ്തിരുന്നു. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ആയിരുന്ന ഷാജി ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ചാലുമൂട് സ്റ്റേഷന് പരിധിയില്‍ വച്ച് അക്രമിക്കപെട്ടിരുന്നു. ഇത്തരം അക്രമങ്ങള്‍ നിത്യസംഭവം ആകാതിരിക്കാന്‍ പോലീസ് നിലപാട് കര്‍ശനമാക്കണമെന്നാണ് സംഘ പരിവാര്‍ നേതാക്കള്‍ പറയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് അഞ്ചാലുംമൂട് നഗരത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. കടവൂരില്‍ നിന്നും ആരംഭിച്ച പ്രകടനം നീരാവില്‍ അവസാനിച്ചു. തുടര്‍ന്നുനടന്ന യോഗത്തില്‍ ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് കാ.ന. അഭിലാഷ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: