വൈക്കം: മുനിസിപ്പല്‍ വൈസ് ചെയര്‍മാന്റെ ബന്ധു പോസ്റ്റാഫിസീനു സമീപം കയ്യേറി നിര്‍മ്മിച്ച കടയുടെ ഭാഗം പൊളിച്ചുനീക്കണമെന്നും ടാക്സി തൊഴിലാളികളുടെ വിശ്രമമുറിയായി വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് ബിജെപിയുടെയും യുവമോര്‍ച്ചയുടെയും ആഭിമുഖ്യത്തില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് ടി.വി. മിത്രലാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പോസ്റ്റാഫിസിനു കീഴിലുള്ള ഈ കെട്ടിടം നഗരസഭയ്ക്ക് വിട്ടുനല്‍കിയപ്പോള്‍ ഉണ്ടാക്കിയ കരാര്‍പ്രകാരം ടാക്സി സ്റ്റാന്‍ഡിന്റെ നിര്‍മ്മാണത്തിനു മാത്രമേ ഇത് ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന കരാര്‍ വൈസ് ചെയര്‍മാന്റെ നേതൃത്വത്തില്‍ അട്ടിമറിച്ച് ബന്ധുവിന് കടയ്ക്കായി നല്‍കുകയായിരുന്നു. എല്‍ഡിഎഫ് ഭരണത്തില്‍ പി.കെ. ഹരികുമാര്‍ ചെയര്‍മാനായിരിക്കുന്ന സമയത്താണ് കയ്യേറ്റം നടന്നത്. ഇലക്ട്രിക് പോസ്റ്റുകള്‍ ഉള്‍പ്പെടെ കടയ്ക്കുള്ളിലാക്കിയാണ് കട വിപുലപ്പെടുത്തിയത്.
അന്നു മൗനത്തിലായിരുന്ന സിപിഎം കൗണ്‍സിലര്‍മാര്‍ ഇന്നു കടപൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് മുനിസിപ്പാലിറ്റിയുടെ മുന്നില്‍ നടത്തിയ സമരം അപഹാസ്യമാണ്. നഗരസഭയില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും യുഡിഎഫ് കൗണ്‍സിലര്‍മാരും രഹസ്യ ധാരണയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഇവരുടെ ഒത്തുകളി രാഷ്ട്രീയം പൊതുജനങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ഷൈലേഷ്, മഹേഷ് എം. നായര്‍, അരുണ്‍, തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: