ആലത്തൂര്‍: ജൂണ്‍ അവസാനിക്കാറായിട്ടും കാലവര്‍ഷം മടിച്ചുനില്ക്കുന്നത് കാര്‍ഷികമേഖലയില്‍ ആശങ്കപരത്തുന്നു. കാലവര്‍ഷം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം തെറ്റിപോകുന്നത് കര്‍ഷകരെയാണ് നേരിട്ട് ബാധിക്കുന്നത്. മഴ വൈകുന്നത് നെല്ല്, പച്ചക്കറി തുടങ്ങിയ ഹ്രസ്വകാല വിളകള്‍ക്ക് പെട്ടെന്ന് ആഘാതമാകുന്നതിനൊപ്പം വരുംവര്‍ഷങ്ങളില്‍ കാലവര്‍ഷത്തിലെ അനിശ്ചിതത്വം തെങ്ങ്, കവുങ്ങ്, റബര്‍, കുരുമുളക് തുടങ്ങി ദീര്‍ഘകാല വിളകള്‍ക്ക് വലിയ ദോഷം ചെയ്യുമെന്ന് കൃഷിവകുപ്പ് മുന്നറിയിപ്പു നല്കുന്നു.
പൊതുവേ ഒന്നാംവിളയ്ക്ക് കാണാത്ത കീടബാധയും കളശല്യവും നൈട്രജന്റെ കുറവുമാണ് ഇക്കുറി പാടശേഖരങ്ങളില്‍ കണ്ടുവരുന്നതെന്നു വടക്കഞ്ചേരിയിലെ വിള ആരോഗ്യ സംരക്ഷണകേന്ദ്രം അധികൃതര്‍ പറഞ്ഞു.മഴ കുറഞ്ഞതിനാല്‍ നെല്ലോലകള്‍ മഞ്ഞളിച്ച് ചുരുണ്ടു നശിക്കുന്നതായും കണ്ടുവരുന്നു. മഴയുടെ കുറവുമൂലം വളംചേര്‍ക്കല്‍ നടന്നിട്ടില്ല. ഇതിനാല്‍തന്നെ ഉണ്ടാകുന്ന മറ്റൊരു ദോഷമാണ് പാടങ്ങളിലെ നൈട്രജന്റെ അഭാവം. ഇത് നെല്‍കൃഷിയുടെ ഉത്പാദനത്തെ സാരമായി ബാധിക്കും.
ഇലപ്പേന്‍ പുഴുവും പട്ടാളപുഴുവും പാടങ്ങളില്‍ വ്യാപകമാണ്. ഇതൊന്നും ഈ സീസണില്‍ കണ്ടുവരാത്ത കീടബാധകളാണെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നു.
ഇപ്പോള്‍ നടീല്‍ നടത്തുന്നവര്‍ മൂന്നുമുതല്‍ അഞ്ചുദിവസത്തിനിടയ്ക്ക് കളനാശിനി പ്രയോഗം നടത്തി കളപെരുകുന്നത് തടയണമെന്ന് വിളസംരക്ഷണ കേന്ദ്രം മേധാവി രശ്മി അറിയിച്ചു. പൊടിയില്‍ വിത നടത്തിയ പാടങ്ങളില്‍ കളപെരുകുന്ന സ്ഥിതിയുണ്ട്.
പമ്പിങ്ങ്് നടത്തിയാണെങ്കിലും കണ്ടങ്ങളില്‍ വെള്ളം നിര്‍ത്തി കീടബാധയും കളശല്യത്തിനും പരിഹാരം കാണണം. നടീലിനായി നിലം ഒരുക്കുന്നവരും കവെള്ളം തടഞ്ഞുനിര്‍ത്താന്‍ ശ്രദ്ധിക്കണം.
ജലസ്രോതസുകളിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. പുഴകളിലും തോടുകളിലും വീണ്ടും ഒഴുക്കില്ലാതായി. പുഴ പരന്നൊഴുകുന്ന സ്ഥിതി ഈ വര്‍ഷമുണ്ടായിട്ടില്ല. പകല്‍ചൂട് തുടരുന്നതിനാല്‍ കിണറുകളിലും ജലനിരപ്പ് താഴുന്ന സ്ഥിതിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: