580. നന്ദിനീ – നന്ദിപ്പിക്കുന്നവള്‍. ശ്രേഷ്ഠത നല്‍കുന്നവള്‍. നന്ദിനി എന്ന നാമത്തിന് സന്തോഷവും ശ്രേഷ്ഠതയും സൂചിപ്പിക്കുന്ന പല അര്‍ത്ഥങ്ങളുണ്ട്. മകള്‍, കാമധേനുവിന്റെ പുത്രിയായ ദിവ്യധേനു, ദുര്‍ഗ്ഗ, ഗംഗ, തുളസി എന്നിങ്ങനെ ഇവിടെ മുമ്പും പിമ്പും വരുന്ന നാമങ്ങള്‍ തുളസിയെക്കുറിച്ചായതുകൊണ്ട് സര്‍വസൗഭാഗ്യങ്ങളും തരുന്ന തുളസിച്ചെടി എന്ന അര്‍ത്ഥമാണു ചേരുന്നത്. അതു തുളസി തന്നെയാണു. ഭാഗ്യവാന്മാരുടെ കുടുംബത്തില്‍ മകളായും കാമധേനുവിന്റെ പുത്രിയായ നന്ദിനിയായും വിശ്വപാവനിയായ ഗംഗയായും ലോകജനനിയായ ദുര്‍ഗ്ഗയായും ലോകത്തെ അനുഗ്രഹിക്കുന്നത്.
581. ഗണ്ഡകീ – സാള ഗ്രാമങ്ങളുണ്ടാകുന്ന ഗണ്ഡകീനദിയുടെ ഉത്പത്തിയെക്കുറിച്ച് 568-ാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞിരുന്നു. തുളസീദേവിയുടെ ശരീരം ദ്രവിച്ചുണ്ടായ ഗണ്ഡകീ നദിയിലെ ജലസ്പര്‍ശംകൊണ്ട് പാറകളില്‍ സാളഗ്രാമങ്ങളുണ്ടായി. ആ സാളഗ്രാമങ്ങളെല്ലാം വിഷ്ണുഭഗവാന്റെ പല രൂപങ്ങളുടെ പ്രതീകങ്ങളാണ്. അങ്ങനെയുള്ള ബഹുസഹസ്രം സാളഗ്രാമങ്ങള്‍ കടുംശര്‍ക്കര യോഗത്തില്‍ ചേര്‍ത്താണ് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. ഗണ്ഡകീനദിയെ തുളസീദേവിയായി നാമം അവതരിപ്പിക്കുന്നു.
582. കൃഷ്ണജീവനീ – കൃഷ്ണന്റെ ജീവനായവള്‍, കൃഷ്ണനു പ്രിയപ്പെട്ടവള്‍. വൃന്ദാവനത്തിലെ കൃഷ്ണന്റെ ലീലകള്‍ക്കു പശ്ചാത്തലമായതും കൃഷ്ണന്റെ മാറില്‍ മാലരൂപത്തില്‍ പറ്റികിടക്കുന്നവളും കൃഷ്ണന്‍ മാറത്തേറ്റി ലാളിക്കുന്നവളുമായ തുളസി കൃഷ്ണന്റെ ജീവനാണെന്നു എടുത്തു പറയേണ്ടതില്ല.
ആയുര്‍വേദ ശാസ്ത്രം കൃഷ്ണതുളസി എന്ന പദത്തിന്റെ പര്യായമായി കൃഷ്ണജീവനി എന്ന പദം ഉപയോഗിക്കാറുണ്ട്. ഔഷധസസ്യമെന്ന നിലയില്‍ കൃഷ്ണതുളസിക്കു പ്രാധാന്യം ഏറെയാണ്. സര്‍വരോഗങ്ങള്‍ക്കും ഔഷധമാണ് കൃഷ്ണജീവനി എന്നു വൈഷ്ണവ തന്ത്രങ്ങള്‍. (567 മുതല്‍
581 വരെയുള്ള നാമങ്ങള്‍ മൂകാംബികാദേവിയെ തുളസീ രൂപത്തില്‍ സ്തുതിക്കുന്നു. തുടര്‍ന്നുള്ള രണ്ടു നാമങ്ങള്‍ ആ പതിനാറു നാമങ്ങളുമായി ബന്ധപ്പെട്ടവയാണ്.
… തുടരും
















