577. വിശ്വപൂജിതാഃ – ലോകത്തെല്ലായിടത്തും എല്ലാവരാലും പൂജിക്കപ്പെടുന്നവള്‍. ഐശ്വര്യവും സുഖവും ആഗ്രഹിക്കുന്നവരെല്ലാം തുളസിച്ചെടിയെ പൂജിക്കാം.
578. വിശ്വപാവനീഃ – വിശ്വത്തെ പാവനമാക്കുന്നവള്‍. പശുവോ ഗംഗാജലമോ തുളസീദളമോ ഉള്ളിടത്ത് ഒരുതരത്തിലുള്ള അശുദ്ധിയും നിലനില്‍ക്കുകയില്ലെന്നാണ് വിശ്വാസം. തുളസിയെ സ്മരിക്കുന്നവരുടെ ഹൃദയത്തില്‍ തുളസീധരനായ വിഷ്ണു ലക്ഷ്മീസമേതനായി സദാ സന്നിഹിതനാകുമെന്നും വിഷ്ണുവും ലക്ഷ്മിയും തുളസിയും തമ്മിലുള്ളത് അവിനാഭാവബന്ധമാണെന്നും ആചാര്യന്മാര്‍ പറയുന്നു.
579. പുഷ്പസാരാഃ – പുഷ്പങ്ങളില്‍ ശ്രേഷ്ഠമായത്. ചെടിയുടെയോ മരത്തിന്റെയോ ഏറ്റവും സുന്ദരവും പ്രധാനപ്പെട്ടതുമായ അവയവം അതിന്റെ പുഷ്പമാണ്. തുളസിയുടെ കാര്യത്തില്‍ അതിന്റെ എല്ലാഭാഗവും ശ്രേഷ്ഠമാണ്. തുളസിയുടെ ഇലയും പൂവും വിത്തും തണ്ടും തടിയും വേരും എല്ലാം ദിവ്യശക്തിയുള്ളവയാണ്. ആധിഭൗതികവും ആദ്ധ്യാത്മികവുമായ എല്ലാ താപങ്ങള്‍ക്കും തുളസിയുടെ ഏതുഭാഗവും ഔഷധമാണ്. തുളസിയുടെ സ്മരണമാത്രം കൊണ്ട് എല്ലാ ദുഃഖങ്ങളും പരിഹരിക്കപ്പെടും. അതുകൊണ്ട് എല്ലാ പുഷ്പങ്ങളെക്കാളും ശ്രേഷ്ഠമെന്ന അര്‍ത്ഥത്തില്‍ തുളസിക്ക് പുഷ്പസാരം എന്നുപേര്.
… തുടരും
















