ഭാരതത്തിലെ മഹിളാരത്‌നങ്ങള്‍ അനാദികാലം മുതലേ നമ്മുടെ ചിരന്തന സംസ്‌കാരത്തിന്റെ സന്ദേശവാഹികളായിരുന്നു. എന്നാല്‍ ഇന്ന് പാശ്ചാത്യ പരിഷ്‌കാരഭ്രമം അവരെ മെല്ലെ കീഴടക്കാന്‍ തുടങ്ങിയിരിക്കുന്ന കാഴ്ചയാണെവിടെയും കാണുന്നത്. കൃത്രിമവും അന്തസ്സാരശൂന്യവുമായ വിദ്യാഭ്യാസരീതിയാണ് ഈ അധഃപതനത്തിന് ഒരു പരിധിവരെ കാരണമായിരിക്കുന്നത്. വിലകെട്ട സാഹിത്യകൃതികളും കലാഭാസങ്ങളായ സിനിമകളും ഇവരുടെ അധഃപതനത്തിന് ആക്കം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
സ്ത്രീകള്‍ അടുത്ത തലമുറയുടെ മാതൃത്വം വഹിക്കേണ്ടവരാണ്. അഞ്ചുവയസ്സാകും വരെ ഓരോ പിഞ്ചുകുഞ്ഞിന്റേയും ആചാര്യത്വം എന്ന മഹനീയപദവിയും അവരില്‍ അര്‍പ്പിതമാണ്. ദേഹമാതാവ്, ഗോമാതാവ്, ഭൂമാതാവ്, ദേശമാതാവ്, വേദമാതാവ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന അഞ്ചു മാതാക്കളില്‍ പ്രഥമസ്ഥാനാര്‍ഹയാണ് പെറ്റമ്മ. മറ്റു നാലുപേരുടെയും മഹത്ത്വം മക്കള്‍ക്കു മനസ്സിലാക്കിക്കൊടുക്കേണ്ട കടമയും പെറ്റമ്മയ്‌ക്കുണ്ട്.
ഈ കടമകള്‍ അവര്‍ക്കു മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടിയാണ് ഓരോ സംസ്ഥാനത്തിലും ഓരോ വനിതാകോളേജ് സ്ഥാപിക്കാന്‍ നിശ്ചയമെടുത്തിട്ടുള്ളത്. മാതൃകാപരമായ സ്ത്രീവിദ്യാഭ്യാസത്തിലൂടെ ധര്‍മ്മസ്ഥാപനം നടത്തുക എന്നതും എന്റെ ജന്മോദ്ദേശ്യമത്രേ. എന്റെ ഓരോ വാക്കും ഓരോ പ്രവൃത്തിയും ധര്‍മ്മസംസ്ഥാപനമെന്ന സമുന്നത ലക്ഷ്യത്തിലേക്കു വിരല്‍ ചൂണ്ടുന്നതാണ്.
















