കോട്ടയം: റബ്ബര്‍ കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും സംസ്ഥാനത്തെ പതിനായിരക്കണക്കിനു നെല്‍കര്‍ഷകരുടെ ദുരിതം അറിയുന്നില്ല. നെല്‍കര്‍ഷകര്‍ കര്‍ഷകര്‍ അല്ലേയെന്നാണ് ചോദ്യം.
കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് കോട്ടയത്തെത്തി റബ്ബര്‍ കര്‍ഷകരുടെ ദുരിതത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പത്രസമ്മേളനം നടത്തി. എന്നാല്‍ തുടര്‍ച്ചയായി പത്തുവര്‍ഷത്തോളം കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാരിന്റെ റബ്ബര്‍ ഇറക്കുമതി നയത്തിലെ വൈകല്യമല്ലേ ഇന്നത്തെ റബ്ബര്‍ കര്‍ഷകരുടെ ദുരിതത്തിന് കാരണമെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയില്ല.
പകരം റബ്ബര്‍ബോര്‍ഡ് ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും റബ്ബര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ട ബോര്‍ഡുതന്നെ വില്ലനാവുകയാണെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. യുപിഎ സര്‍ക്കാരിന്റെ ചെയ്തികള്‍ തുടരെത്തുടരെ ചൂണ്ടിക്കാട്ടിയപ്പോള്‍ റബ്ബര്‍ വിലത്തകര്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന് പാളിച്ച പറ്റിയെന്ന് സമ്മതിക്കേണ്ടിവന്നു.
യുപിഎ സര്‍ക്കാരിന്റെ നടപടികള്‍ പോസ്റ്റുമോര്‍ട്ടം നടത്തേണ്ടെന്നു പറഞ്ഞ കെപിസിസി പ്രസിഡന്റ് കര്‍ഷക സംഘടനകളുടെ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികളെക്കുറിച്ച് ആലോചിക്കുകയാണെന്നും പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് എല്ലാവിധ പിന്തുണയും നല്‍കുമെന്നും പറഞ്ഞു.
റബ്ബര്‍ കര്‍ഷകര്‍ക്കുവേണ്ടി പ്രക്ഷോഭത്തിനിറങ്ങുന്ന കോണ്‍ഗ്രസുകാര്‍ സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കാനുള്ള നെല്വിലയെപ്പറ്റി ഒരക്ഷരവും ഉരിയാടുന്നില്ല. 375കോടിയോളം രൂപയാണ് നെല്ല് സംഭരിച്ച വകയില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. നെല്‍കൃഷിക്കായി വായ്പയെടുത്ത പതിനായിരക്കണക്കിനു കര്‍ഷകര്‍ വായ്പപോലും തിരിച്ചടയ്ക്കാനാകാതെ വലയുകയാണ്.
നെല്ലുസംഭരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയ ഫണ്ട് മുന്‍കൂര്‍ നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ കനിയാത്തതാണ് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട് അടക്കമുളള സംസ്ഥാനത്തെ നെല്ലുത്പാദകര്‍ കടക്കെണിയിലാകാന്‍ കാരണം. സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും മാത്രമല്ല, സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ നിന്നുപോലും വായ്പയെടുത്ത നെല്‍കര്‍ഷകരാണ് വിളവെടുപ്പു കഴിഞ്ഞ് അടുത്ത വിളവിറക്കേണ്ട സമയമായിട്ടും പണം ലഭിക്കാതെ വലയുന്നത്.
നരേന്ദ്രമോദി സര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമരുളുന്ന പദ്ധതികള്‍ വിഭാവനം ചെയ്തിട്ടും മുന്‍സര്‍ക്കാരിന്റെ വികലമായ ഇറക്കുമതി നയംമൂലം വ്യവസായികള്‍ വന്‍തോതില്‍ റബ്ബര്‍ ഇറക്കുമതി ചെയ്തു സംഭരിച്ചതാണ് വിലത്തകര്‍ച്ചയ്ക്കു ഇടയാക്കുന്നത്. വസ്തുത ഇതായിരിക്കെ കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങളുമായാണ് കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: