574. ജ്ഞാനിനാം സിദ്ധിദായിനീ – ജ്ഞാനികള്‍ക്കു സിദ്ധി കൊടുക്കുന്നവള്‍. ജ്ഞാനികള്‍ ദേവിയില്‍നിന്നു കിട്ടാനാഗ്രഹിക്കുന്ന സിദ്ധി ജ്ഞാനമായിരിക്കും. ആ സിദ്ധി ജ്ഞാനികള്‍ക്കു കൊടുത്തനുഗ്രഹിക്കുന്നവള്‍. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ജ്ഞാനികളെക്കുറിച്ചു പറയുന്ന കാര്യങ്ങള്‍ ദേവീപക്ഷത്തിലും യോജിക്കും.
”ചതുര്‍വിധാ ഭജന്തേ മാം ജനാഃ സുകൃതിനോളര്‍ജ്ജുന
ആര്‍തോ ജിജ്ഞാസുരര്‍ത്ഥാര്‍ത്ഥീ ജ്ഞാനീ ച ഭരതര്‍ഷഭ
തേഷാം ജ്ഞാനിനോത്വര്‍ത്ഥം, അഹം സച മമപ്രിയഃ”
(അല്ലയോ അര്‍ജ്ജുനാ, നാലുവിധത്തിലുള്ള സുകൃതികളായ ആളുകള്‍ എന്നെ ഭജിക്കുന്നു. ആര്‍ത്തന്‍, ജിജ്ഞാസു, അര്‍ത്ഥാര്‍ത്ഥി, ജ്ഞാനി എന്നിവര്‍. അവരില്‍ എന്നോടുചേര്‍ന്നവനും എന്നില്‍മാത്രം ഭക്തിയുള്ളവനുമായ ജ്ഞാനി ശ്രേഷ്ഠനാകുന്നു. ആ ജ്ഞാനിക്ക് ഞാന്‍ എന്നും പ്രിയമുള്ളവനാകുന്നു. എനിക്ക് അവനും പ്രിയപ്പെട്ടവന്‍ തന്നെ. ഭഗവദ്ഗീത 7-16,17) ഭഗവാന്റെ ഈ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ നമുക്ക് മൂകാംബികാദേവിയുടെ വാക്കുകളായി സ്വീകരിക്കാം. ഭഗവാനും ദേവിയും ഒരേ ചൈതന്യത്തിന്റെ ഭിന്നഭാവങ്ങള്‍ മാത്രമാണല്ലോ
… തുടരും
















